യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ്‌ലം വധക്കേസിലെ അവസാന പ്രതിയും കീഴടങ്ങി

യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ്‌ലം വധക്കേസിലെ അവസാന പ്രതിയും കീഴടങ്ങി. നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതി വളയം മുത്തങ്ങച്ചാലില്‍ പ്രമോദ് (42) വ്യാഴാഴ്ച രാവിലെ 11.30ഓടെ സി.പി.എം പ്രവര്‍ത്തകര്‍ക്കൊപ്പമെത്തി കോടതിയില്‍ കീഴടങ്ങിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസില്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട 14ാം പ്രതിയാണ് പ്രമോദ്. കഴിഞ്ഞദിവസം വളയം മുതുകുറ്റിയില്‍ പുഴക്കല്‍ സുമോഹനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. പ്രതികളായതോടെ ഇരുവരും വിദേശത്തേക്ക് കടക്കുകയായിരുന്നു. പൊലീസ് ഇവരെ തിരികെ എത്തിക്കാന്‍ ശ്രമം നടത്തി വരുന്നതിനിടെ ഈയിടെ തിരിച്ചെത്തി.
ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനാല്‍ നേപ്പാള്‍ വഴിയാണ് പ്രതികള്‍ ഇന്ത്യയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.വധക്കേസില്‍ 16 പേരെ പ്രതിചേര്‍ത്താണ് പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് . ഗൂഢാലോചന കേസില്‍ ഉള്‍പ്പെട്ട പ്രമോദ് കീഴടങ്ങിയതോടെ 16 പേരും പിടിയിലായി.
2016 ആഗസ്റ്റ് 12നാണ് അസ്‌ലം കൊലചെയ്യപ്പെട്ടത്. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്ത പൊലീസ് നടപടിയില്‍ യൂത്ത്‌ലീഗ് സമരരംഗത്താണ്. ഇതിനിടെയാണ് മുഴുവന്‍ പ്രതികളും അറസ്റ്റിലാവുന്നത്.
പ്രതികള്‍ അറസ്റ്റിലായെങ്കിലും കൊലക്ക് ഉപയോഗിച്ച ആയുധങ്ങള്‍ ഇതുവരെയും കണ്ടെത്തിയിട്ടില്ല.
https://www.facebook.com/Malayalivartha