സി പി എം അഖിലേന്ത്യാ സെക്രട്ടറിയാവാൻ ചരടുവലിക്കുന്ന എം എ ബേബിയെ വെട്ടാൻ സി പി എം കേരള നേത്യത്വം രംഗത്ത്

സി പി എം അഖിലേന്ത്യാ സെക്രട്ടറിയാവാൻ ചരടുവലിക്കുന്ന എം എ ബേബിയെ വെട്ടാൻ സി പി എം കേരള നേത്യത്വം രംഗത്ത്. അദ്ദേഹത്തിന് പകരം വൃന്ദാ കാരാട്ടിനെ ജനറൽ സെക്രട്ടറിയാക്കാനാണ് നീക്കം. സി പി എം പോലൊരു സംഘടന ഒരു സ്ത്രീയെ അധ്യക്ഷയാക്കണമെന്നാണ് കാരാട്ട് വിഭാഗത്തിന്റെയും കേരള നേതാക്കളുടെയും ആവശ്യം.
എസ്.രാമചന്ദ്രൻ പിള്ളയെ അധ്യക്ഷനാക്കണമെന്നായിരുന്നു കേരള നേതാക്കളുടെ ആവശ്യം. എന്നാൽ അദ്ദേഹത്തിന് എൺപത് വയസു കഴിഞ്ഞു. 80 കഴിഞ്ഞാൽ നേത്യസ്ഥാനങ്ങൾ ഒഴിയണമെന്നാണ് ആവശ്യം. അതു കൊണ്ട് അദ്ദേഹം നേതൃസ്ഥാനത്തേക്ക് വരില്ല.
എം എ ബേബി പാർട്ടി ജനറൽ സെക്രട്ടറിയാകാനുള്ള ചരടുവലികൾ തുടങ്ങിയിട്ട് കാലങ്ങളായി. കൊല്ലം പാർലെമെന്റ് തെരഞ്ഞടുപ്പിലെ തോൽവിയോടു കൂടി അദ്ദേഹം കേരളം വിട്ടു. അദ്ദേഹത്തെ പിബിയിൽ നിന്നും ഒഴിവാക്കാൻ കേരള നേതാക്കൾ ശക്തമായ ചരടുവലികൾ നടത്തിയിരുന്നു. എന്നാൽ അദ്ദേഹം പിബിയിലെത്തി. ബേബി പിബിയിൽ വന്നാൽ തങ്ങളുടെ ഇമേജ് ഇടിയുമെന്നാണ് കേരള നേതാക്കൾ കരുതുന്നത്. എം എ ബേബി എല്ലാ സംസ്ഥാനങ്ങളിലും വിപുലമായ ബന്ധങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. സ്വന്തം സംസ്ഥാനത്ത് മാത്രമാണ് അദ്ദേഹത്തിന് പിന്തുണ ഇല്ലാത്തത്.
കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലെ നേതാക്കൾ എംഎ ബേബിയെ പാർട്ടി ജനറൽ സെക്രട്ടറിയാവാൻ ചരടുവലികൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ അത്തരം നീക്കങ്ങൾ മുളയിലെ നുള്ളാനാണ് തീരുമാനം. ബംഗാൾ സി പി എം ബേബിക്ക് അനുകൂലമാണ്. ഇവർ യച്ചൂരി പക്ഷക്കാരാണ്. യച്ചൂരിക്കും താത്പര്യം ബേബിയോടാണ്. ബേബി ജനറൽ സെക്രട്ടറിയായില്ലെങ്കിൽ യച്ചൂരിയുടെ പിബിയിലേക്കുള്ള വാതിൽ അടയും. കാരണം കാരാട്ട് പക്ഷവുമായി യച്ചൂരി ഒട്ടും നല്ല ബന്ധത്തിലല്ല.
ഏതായാലും പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബേബിയുടെ പേര് ഉയർന്നു വരും. അദ്ദേഹം തഴയപ്പെടുമോ എന്ന് കണ്ടറിയണം. കേരള നേതൃത്വം സഹായിക്കാതെ അദ്ദേഹത്തിന് പാർട്ടി നേത്യത്തിലേക്ക് ഉയരാൻ കഴിയില്ല. കാരണം പാർട്ടിയുടെ ദേശീയ നേതൃത്വത്തിൽ സി പി എം കേരള ഘടകത്തിന് അതിയായ രാഷ്ട്രീയ സ്വാധീനമുണ്ട്.
ബേബി ജനറൽ സെക്രട്ടറിയായാൽ അച്ചുതാനന്ദൻ പറയുന്നത് അദ്ദേഹം കേൾക്കും. ബംഗാൾ ഘടകം പറയുന്നതും കേൾക്കേണ്ടി വരും. അപ്പോൾ കേരള ഘടകത്തിന്റെ പ്രസക്തി നഷ്ടമാകും. ബേബിക്ക് നല്ല ഭാഷാസ്വാധീനമുണ്ട്. അങ്ങനെയുള്ള ഒരാൾക്ക് ദേശീയ രാഷ്ട്രീയത്തിലുള്ള സകല പാർട്ടിക്കാരെയും കൈയിലെടുക്കാൻ കഴിയും. അപ്പോൾ പിണറായിക്കും കോടിയേരിക്കും പ്രസക്തി നഷ്ടമാകും. സി പി എം ഓടുന്നത് തങ്ങളുടെ കൈയ്യിലൂടെയാണെന്ന് വിശ്വസിക്കുന്നവർക്ക് അത് അടിയായി തീരും. ഇതൊക്കെയാണ് ബേബിയെ വെട്ടാനുള്ള നീക്കങ്ങൾക്ക് പിന്നിൽ.
https://www.facebook.com/Malayalivartha