രാജ്യത്തിന്റെ ഐക്യം തകര്‍ത്ത് തരിപ്പമണമാക്കി അരാജകത്വം സൃഷ്ടിക്കാനുള്ള ആര്‍എസ്എസിന്റെ നിഗൂഢ ലക്ഷ്യമാണ് മോഹന്‍ഭാഗവത്തിന്റെ സൈന്യത്തിനെതിരായ പ്രസ്താവനയിലൂടെ പുറത്ത് വന്നത്: പിണറായി

ഇന്ത്യന്‍ സൈന്യം ആറോ ഏഴോ മാസങ്ങള്‍ക്കൊണ്ട് ചെയ്യുന്ന കാര്യം വെറും മൂന്നുദിവസത്തിനുള്ളില്‍ ആര്‍എസ്എസ് ചെയ്യുമെന്ന മോഹന്‍ ഭാഗവത്തിന്റെ വീമ്പുപറച്ചില്‍ ദുരുപദിഷ്ടവും ഭരണഘടനയുടെ സത്തയെത്തന്നെ വെല്ലുവിളിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിനായി പോരാടുന്നതിനുള്ള സേനയെ മൂന്നു ദിവസത്തിനുള്ളില്‍ രൂപീകരിക്കാന്‍ ആര്‍എസ്എസിനു സാധിക്കുമെന്നാണ് ആ സംഘടനയുടെ മേധാവി പറയുന്നത്. അതിനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്നും സാഹചര്യം വന്നാല്‍ അതിന് മുന്നിട്ടിറങ്ങുമെന്നും ബിഹാറില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് ഭാഗവത് പറഞ്ഞിട്ടുണ്ട്.
ഇന്ത്യന്‍ ഭരണഘടനയോടോ ഭരണഘടനാ സ്ഥാപനങ്ങളോടോ ആദരവില്ലാത്ത സംഘമാണ് ആര്‍എസ്എസ് എന്ന് ആവര്‍ത്തിച്ചു തെളിയിക്കുന്ന പ്രസ്താവനയാണിത്. സമാന്തര സൈന്യം രൂപീകരിച്ച് രാജ്യത്തിന്റെ ഐക്യം തകര്‍ത്തുതരിപ്പമണമാക്കി അരാജകത്വം സൃഷ്ടിക്കാനുള്ള ആര്‍എസ്എസിന്റെ നിഗൂഢ ലക്ഷ്യമാണ് ഇതിലൂടെ പുറത്തുചാടുന്നതെന്നും പിണറായി ഫെയിസ് ബുക്കില്‍ കുറിച്ചു.
ഹിറ്റ്‌ലറുടെ ജര്‍മ്മനിയോ മുസ്സോളിനിയുടെ ഇറ്റലിയോ ആക്കി ഇന്ത്യയെ മാറ്റാനാണ് മുസ്സോളിനിയില്‍ നിന്ന് സംഘടനാ രീതിയും നാസികളില്‍നിന്ന് ക്രൗര്യവും കടംകൊണ്ട ആര്‍എസ്എസ് ശ്രമിക്കുന്നത്. സമാന്തര പട്ടാളത്തെ സംഘടിപ്പിക്കുന്നത് രാജ്യദ്രോഹത്തോളം ഗൗരവമുള്ളതാണ്. ഇടതുപക്ഷം നേരത്തെതന്നെ ചുണ്ടിക്കാട്ടിയ അപകടമാണ് ഇപ്പോള്‍ ഭാഗവതിന്റെ വാക്കുകളിലുടെ പുറത്തുവന്നത്. അപകടകരവും അന്പരപ്പിക്കുന്നതുമായ പ്രസ്താവന പിന്‍വലിച്ച് രാഷ്ട്രത്തോട് മാപ്പുപറയാന്‍ ആര്‍എസ്എസ് തയാറാകണം.
ഇന്ത്യന്‍ സൈന്യത്തെ താഴ്ത്തിക്കെട്ടുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത പ്രസ്താവനയോട് ഗവര്‍മെന്റിന്റെ നിലപാടെന്തന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കണം.
ഭാഗവതിന്റെ പ്രസ്താവനയില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോള്‍ ആര്‍എസ്എസ് നല്‍കിയ വിശദീകരണം പോലും ഇന്ത്യന്‍ സേനയെ ഇകഴ്ത്തുന്നതും അതിനേക്കാള്‍ അച്ചടക്കം ആര്‍എസ്എസിനാണ് എന്ന് സ്ഥാപിക്കാന്‍ശ്രമിക്കുന്നതുമാണ്. അതിനെയാണോ പ്രധാനമന്ത്രി അനുകൂലിക്കുന്നത് എന്നറിഞ്ഞാല്‍ കൊള്ളാമെന്നും പിണറായി പറഞ്ഞു.
https://www.facebook.com/Malayalivartha