മൂകനും ബധിരനുമായ ഭര്‍ത്താവും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ദുരിതം അകറ്റാന്‍ വീട്ടുജോലിക്ക് ഗള്‍ഫിലെത്തിയ വീട്ടമ്മ നേരിട്ടത് ക്രൂരപീഡനം

ഹൃദ്രോഗിയും മൂകനും ബധിരനുമായ ഭര്‍ത്താവും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ദുരിതം അകറ്റാന്‍ കുവൈത്തിലെത്തിയ ശോഭന അനുഭവിച്ച കഥ ഞെട്ടലോടെ അല്ലാതെ വായിച്ച് തീര്‍ക്കാനാകില്ല. ശുചിമുറിയിലെ വെള്ളം കുടിച്ച്, രാവിലെ എറിഞ്ഞു കിട്ടുന്ന രണ്ടു കഷ്ണം ബ്രെഡും കഴിച്ച് ഏഴു രാത്രി. പുലർച്ചെ മുതൽ അർധരാത്രി വരെ നീളുന്ന അമിതജോലിയും ക്രൂരപീഡനവും. ഏക ആശ്വാസം ഒളിപ്പിച്ചുവച്ച മൊബൈൽ ഫോണിലെത്തുന്ന വിളികൾ.
അലിമുക്ക് പള്ളിമേലിൽ തേക്കുവിള വീട്ടിൽ ശോഭന സന്തോഷ് ജനുവരി 31നു നാഗ്പുരിൽ നിന്നാണു കുവൈത്തിലേക്കു വിമാനം കയറിയത്. വിമാനത്താവളത്തിലെത്തുമെന്ന് അറിയിച്ച ഇടനിലക്കാരി കൂടിയായ ബന്ധു ഉൾപ്പെടെയുള്ളവർ എത്തിയില്ല. ആദ്യ ദിവസം ഏജൻസി ഓഫിസിൽ കഴിഞ്ഞു.
രണ്ടാം ദിവസം ശോഭനയെ വീട്ടുജോലിക്ക് ഒരിടത്തേക്ക് അയച്ചു. പിറ്റേദിവസം ഏജൻസിയുടെ ജോലിക്കാരെത്തി ശോഭനയെ മറ്റൊരു വീട്ടിലേക്കു മാറ്റി. വീടുകൾ മാറി മാറി കൊണ്ടുപോകുന്നതിനു ശ്രമം നടക്കുന്നതായി തിരിച്ചറിഞ്ഞ ശോഭന ഇടനിലക്കാരെ ബന്ധപ്പെട്ടെങ്കിലും ഭീഷണിയായിരുന്നു മറുപടി. നാട്ടിലേക്കു മടങ്ങാൻ അനുവദിക്കില്ലെന്നും മടങ്ങണമെങ്കിൽ രണ്ടു ലക്ഷം രൂപ നൽകണമെന്നുമായിരുന്നു ഭീഷണി. ഗത്യന്തരമില്ലാതെ വീട്ടിൽ തുടരാൻ തീരുമാനിച്ചു.
രാവിലെ രണ്ടു കഷ്ണം ബ്രെഡും ഒരു ഗ്ലാസ് വെള്ളവും, വൈകുന്നേരം ഒരു കുബ്ബൂസ് എന്നിവയാണ് ആകെയുള്ള ആഹാരം. ഇങ്ങനെ ജോലി ചെയ്യാൻ സാധിക്കില്ലെന്നു പറഞ്ഞതോടെ ക്രൂരപീഡനങ്ങളായി. നാട്ടിൽ നിന്നു കൊണ്ടുപോയ വസ്ത്രങ്ങൾ ആദ്യം ജോലി ചെയ്ത വീട്ടിലായതിനാൽ മുഷിഞ്ഞ വസ്ത്രം മാറുന്നതിനു പോലും സൗകര്യം നൽകിയില്ല. ഫോൺ ഉണ്ടെങ്കിലും കാശില്ലാത്തതിനാൽ നാട്ടിലേക്കു വിളിച്ചു കാര്യങ്ങൾ പറയാനും കഴിഞ്ഞിരുന്നില്ല.
നാലുദിവസം പിന്നിട്ടതോടെ ഭർതൃസഹോദരിയുടെ ഫോൺ എത്തിയത് അനുഗ്രഹമായി. ശോഭനയെ വീട്ടുടമ മർദിക്കുന്ന സമയമായിരുന്നു അത്. ഫോൺ ഓൺ ചെയ്ത് അവിടെ നടന്നതെല്ലാം സഹോദരിയെ കേൾപ്പിച്ചു. തുടർന്നാണു മോചനത്തിനു വഴിയൊരുങ്ങിയത്. ഫോൺ അടിവസ്ത്രത്തിൽ ഒളിപ്പിച്ചുവച്ചാണു നാട്ടിലേക്കു വിവരങ്ങൾ കൈമാറിയത്.
പഞ്ചായത്തിലെ പൊതുപ്രവർത്തകരായ കെ.വാസുദേവൻ, ശ്രീകുമാർ എന്നിവർ കുവൈത്ത് എംബസിയുമായി ബന്ധപ്പെട്ടു ശോഭനയെ കണ്ടെത്തി നാട്ടിലെത്തിക്കുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചു.സഹായമനസ്കരുടെ കരുണയിലാണു മടക്ക ടിക്കറ്റിനുള്ള പണം കണ്ടെത്തിയത്. നാട്ടിലെ പൊതുപ്രവർത്തകരും കുവൈത്ത് എംബസിയും ഇടപെട്ടു നാട്ടിലെത്തിച്ചെങ്കിലും പണം നൽകിയില്ലെങ്കിൽ ‘അനുഭവിക്കും’ എന്ന ഭീഷണിയുമായി ഏജൻസിയുടെ ഇടനിലക്കാർ പിന്നാലെയുണ്ട്. ഇടനിലക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു പുനലൂർ സിഐയ്ക്കു ശോഭന പരാതി നൽകി.
https://www.facebook.com/Malayalivartha