സംസ്ഥാനത്തെ മന്ത്രിമാർ ആഴ്ചയിൽ അഞ്ച് ദിവസവും തിരുവനന്തപുരത്ത് ഉണ്ടാകണമെന്ന് പിണറായി തീട്ടൂരം നൽകിയതോടെ വെള്ളത്തിലായത് തിരുവനന്തപുരത്തെ ജനങ്ങൾ

തിരുവനന്തപുരത്തെ സകല റോഡുകളിലും ഇപ്പോൾ മന്ത്രിമാരുടെ ബഹളമാണ്. ആമ്പുലൻസുകളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ഹോൺ മുഴക്കിയാണ് മന്ത്രിമാർ നീങ്ങുന്നത്. തലസ്ഥാനത്തായിരിക്കുമ്പോൾ മന്ത്രിമാർ എസ്കോർട്ടും പൈലറ്റും ഉപയോഗിക്കരുതെന്ന് നിർദ്ദേശം നൽകിയത് മുഖ്യമന്ത്രിയാണ്. എന്നാൽ അതേ മുഖ്യമന്ത്രി പത്തോളം വാഹനങ്ങളുടെ അകമ്പടിയോടെയാണ് തലസ്ഥാനത്ത് കൂടി സഞ്ചരിക്കുന്നത്. പിന്നെ മന്ത്രിമാരുടെ കാര്യം പറയേണ്ടതുണ്ടോ?
പ്രത്യേകിച്ച് ഒരു പണിയുമില്ലാത്ത ഡപ്യൂട്ടി സ്പീക്കർ പോലും വൻ പോലീസ് സന്നാഹത്തോടെയാണ് സഞ്ചരിക്കുന്നത്. ഇത്തരം സുരക്ഷ മന്ത്രിമാർ സ്വീകരിക്കുന്നതാണോ അതോ പോലീസ് സ്വമേധയാ നൽകുന്നതാണോ എന്ന കാര്യത്തിൽ ഉറപ്പില്ല. പണ്ട് എം വിജയകുമാർ മന്ത്രിയും സ്പീക്കറും ആയിരുന്നപ്പോൾ തിരുവനന്തപുരത്ത് അകമ്പടി ഒഴിവാക്കിയിരുന്നു. എന്നാൽ തിരുവനന്തപുരത്തിന്റെ സ്വന്തം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അതിനും തയ്യാറല്ല.
വിദ്യാഭ്യാസ മന്ത്രി മാത്രമാണ് കുറച്ചെങ്കിലും അകമ്പടി കുറയ്ക്കുന്നത്. മന്ത്രി മണി പോലും വൻ അകമ്പടിയോടെയാണ് സഞ്ചരിക്കുന്നത്. അകമ്പടി കുറച്ചാൽ മന്ത്രിയാവില്ല എന്ന ചിന്തയാണ് ചില മന്ത്രിമാർക്കുള്ളത്.മുഖ്യമന്ത്രിക്ക് അകമ്പടി നൽകുന്നത് സമ്മതിക്കാം. എന്നാൽ മന്ത്രി രാജുവിന് ഇത്രയധികം പോലീസിന്റെ കാര്യമെന്ത്?
മന്ത്രിമാർ തിരുവന്തപുരത്ത് വേണമെന്ന നിലപാടിൽ നിന്നും മുഖ്യമന്ത്രി മാറണമെന്നാണ് തലസ്ഥാനത്തുകാർ ആവശ്യപ്പെടുന്നത്. കാരണം ഇക്കാലമത്രയും നഗരത്തിലുള്ളവർ സമാധാനത്തോടെയാണ് ജീവിച്ചിരുന്നത്. പൊതുവേ ഇടം കുറഞ്ഞ നഗരവീഥികൾ മന്ത്രിമാരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്നു. പണ്ട് കെ. കരുണാകരനാണ് ഇത്രയധികം കോലാഹലത്തോടെ സഞ്ചരിച്ചിരുന്നത്.
https://www.facebook.com/Malayalivartha