ധീരനായ ഷുഹൈബിന്റെ ഓര്‍മ്മകള്‍ പുതിയ തലമുറക്ക് ആവേശമാണ്... എന്ത് ആവശ്യത്തിനും കോൺഗ്രസ്സ് പ്രസ്ഥാനം ഒപ്പമുണ്ട്.. സ്വന്തം മകനെ വെട്ടിനുറുക്കിയ വേദന നെഞ്ചിൽ തുളച്ച് കയറുമ്പോഴും ഒരിറ്റ് ആശ്വാസമായി രാഹുലിന്റെ ആ വാക്കുകൾ

കണ്ണൂരില്‍കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബിന്റെ പിതാവ് സിപി മുഹമ്മദുമായി കോണ്‍ഗ്രസ് പ്രസിഡന്റ രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച് സംസാരിച്ചു.
വ്യാഴാഴ്ച വൈകുന്നേരം 6.15ഓടെ കീഴല്ലൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് നിസ്സാമിന്റെ ഫോണിലേക്ക് വിളിച്ചാണ് ഷുഹൈബിന്റെ പിതാവിനോട് സംസാരിച്ചത്. എന്ത് ആവശ്യത്തിനും തന്റെ ഓഫീസുമായി ബന്ധപ്പെടാമെന്നും ഏത് കാര്യത്തിനും കോണ്‍ഗ്രസ് പ്രസ്ഥാനം കൂടെ ഉണ്ടാകുമെന്നും ധീരനായ ഷുഹൈബിന്റെ ഓര്‍മ്മകള്‍ പുതിയ തലമുറക്ക് ആവേശമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഷുഹൈബിന്റെ വിയോഗം ഒരു നാടിന്റെ പ്രതീക്ഷകളെയാണ് ഇല്ലാതാക്കിയതെന്നും ഷുഹൈബിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ താനും കോണ്‍ഗ്രസ് പ്രസ്ഥാനവും പങ്കു ചേരുന്നതായും രാഹുല്‍ ഗാന്ധി അറിയിച്ചു.
ഷുഹൈബിന്റെ ശരീരത്തില്‍ 37 വെട്ടുണ്ടായിരുന്നു. കാറിലെത്തിയ നാലംഗ അക്രമിസംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് റോഡരികിലെ തട്ടുകടയില്‍ ചായകുടിക്കുകയായിരുന്ന ഷുഹൈബിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇരുകാലുകള്‍ക്കും ആഴത്തില്‍ വെട്ടേറ്റ ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റിയാസ്(36), പള്ളിപ്പറമ്പത്ത് നൗഷാദ്(28) എന്നിവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു. ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരമനുസരിച്ച് നാലാളുടെ പേരില്‍ പോലീസ് കേസെടുത്തു.
തിങ്കളാഴ്ച രാത്രി വൈകിയായിരുന്നു അക്രമം. നമ്പര്‍ പതിക്കാത്ത കാറില്‍ മുഖംമറച്ചാണ് അക്രമികളെത്തിയതെന്ന് പറയുന്നു. ശബ്ദംകേട്ട് ഓടിയെത്താന്‍ ശ്രമിച്ച പരിസരത്തുണ്ടായവര്‍ക്കു നേരേയും ബോംബെറിഞ്ഞു. മൂന്നുതവണയാണ് ബോംബെറിഞ്ഞത്. ബോംബിന്റെ ചീളുകള്‍ തെറിച്ച് രണ്ടുപേര്‍ക്ക് ചെറിയ പരിക്കേറ്റു.
കഴിഞ്ഞ 12ന് എടയന്നൂരില്‍ സി.പി.ഐ.എം.കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായിരുന്ന ഷുഹൈബ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് പുറത്തിറങ്ങിയത്. നേരത്തേ ഷുഹൈബിനുനേരേ സി.പി.ഐ.എം. പ്രവര്‍ത്തകര്‍ വധഭീഷണിമുഴക്കി പ്രകടനം നടത്തിയിരുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
https://www.facebook.com/Malayalivartha