ഇനി വൈദ്യുതിയും റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാം

മൊബൈല്‍ റീചാര്‍ജ് ചെയ്യുന്നതു പോലെ ഇനി വൈദ്യുതിയും റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാം. വൈദ്യുതി ബില്ലറിയാന്‍ മീറ്റര്‍ റീഡറെ കാത്തിരിക്കുകയോ പണമടക്കാനായി ബില്‍കൗണ്ടറിന് മുന്നില്‍ ക്യു നില്‍ക്കുകയോ വേണ്ട. മറ്റ് സംസ്ഥാനങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച പ്രീപെയ്ഡ് മീറ്ററുകള്‍ സംസ്ഥാനത്ത് നടപ്പാക്കാനൊരുങ്ങുകയാണ് കെ.എസ്.ഇ.ബി. ഇത് സംബന്ധിച്ച ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ തുടങ്ങും. ആറ് മാസത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ഡി.ടി.എച്ച് പോലെ കാര്‍ഡ് റീച്ചാര്‍ജ് ചെയ്ത് ഉപയോഗിക്കുന്ന മീറ്ററുകളും ഇന്‍ബില്‍റ്റ്് കാര്‍ഡ് സംവിധാനമുള്ള സ്മാര്‍ട്ട് മീറ്ററുകളും ബോര്‍ഡിന്റെ പരിഗണനയിലുണ്ട്. ഏത് വേണമെന്ന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സാങ്കേതികമായി മികവ് പുലര്‍ത്തുന്ന ഇന്‍ബില്‍ഡ് കാര്‍ഡ് സംവിധാനം നടപ്പാക്കണമെന്നാണ് ഭൂരിപക്ഷ അഭിപ്രായം.
അക്കൗണ്ടിലെ പണം തീരുന്ന മുറക്ക് വൈദ്യുതി ബന്ധം വിച്ഛേദിക്കുന്ന തരത്തിലാണ് മീറ്റര്‍ ഒരുക്കുക. ദിവസേനയുള്ള ഉപഭോഗം, ബാലന്‍സ്, വാലിഡിറ്റി എന്നിവ എസ്.എം.എസ് മുഖേന ഉപഭോക്താവിനെ അറിയിക്കും. എല്ലാ തരത്തിലുള്ള മൂല്യവര്‍ധിത സേവനങ്ങളും ലഭിക്കും. ഓണ്‍ലൈനായി പണമടച്ച് ഉപയോഗിക്കാവുന്ന സോഫ്റ്റ്‌വെയറുകള്‍ കെ.എസ്.ഇ.ബിയുടെ ടെക്‌നിക്കല്‍ സംഘമാണ് വികസിപ്പിക്കുക. കണ്‍സ്യൂമര്‍ നമ്പര്‍ മുഖേനയാണ് റീചാര്‍ജ്. പ്രീപെയ്ഡ് വൈദ്യുതി മീറ്ററുകള്‍ ഏത് മേഖലയിലാണ് ആദ്യം നടപ്പാക്കുകയെന്ന കാര്യത്തില്‍ ബോര്‍ഡ് തീരുമാനമെടുക്കും. പുതിയ മീറ്ററുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ക്കും പഴയവ മാറ്റുന്നവര്‍ക്കും ഇത് നല്‍കാന്‍ ആലോചനയുണ്ട്.
ഒരു മീറ്റര്‍ റീഡിങ് കാലയളവില്‍ 500 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവരെ പ്രീപെയ്ഡ് സംവിധാനത്തിന് കീഴില്‍ കൊണ്ടുവരാനും നിര്‍ദേശമുണ്ട്. റീഡിങ് സാധ്യമാകാതെ ഏറെനാള്‍ പൂട്ടിയിട്ട വീടുകളുള്ളവര്‍ക്ക് പുതിയ സംവിധാനം ആശ്വാസമാകും. ബില്ല് ലഭിക്കാത്തതിനാല്‍ പണമടക്കാനാകാതെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടുന്ന സാഹചര്യവും ഇതോടെ ഒഴിവാകും.
പ്രീപെയ്ഡ് വൈദ്യുതി മീറ്ററുകള്‍ രംഗത്തെത്തുന്നതോടെ തങ്ങളുടെ ജോലിസുരക്ഷക്ക് ഭീഷണിയാകുമെന്ന ആശങ്കയിലാണ് കരാര്‍ ജോലിക്കാര്‍. പൈലറ്റ് അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയില്‍ പദ്ധതി നടപ്പാക്കും. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
https://www.facebook.com/Malayalivartha