സ്വകാര്യബസുകള്‍ പണിമുടക്കുമ്പോള്‍ അധിക സര്‍വ്വീസുകള്‍ നടത്തി യാത്രാക്ലേശം പരിഹരിച്ച് കെഎസ്ആര്‍ടിസി

സ്വകാര്യബസുകള്‍ സര്‍വിസ് നടത്തുന്ന മേഖകളിലേക്ക് കൂടുതല്‍ ട്രിപ്പുകള്‍ നടത്തിയാണ് യാത്രാക്ലേശം പരിഹരിക്കാനുള്ള കെ.എസ്.ആര്‍.ടി.സിയുടെ ഇടപെടല്‍. അവധിയിലുള്ള ജീവനക്കാരെയെല്ലാം തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വെള്ളിയാഴ്ച മാത്രം 2000 ട്രിപ്പുകള്‍ അധികമായി നടത്താന്‍ കഴിഞ്ഞതായും കെ.എസ്.ആര്‍.ടി.സി എം.ഡി പറഞ്ഞു. യാത്രക്കാരുടെ ആവശ്യകത തിരിച്ചറിഞ്ഞ് സര്‍വിസ് അയക്കുന്നതിന് യൂണിറ്റ് അടിസ്ഥാനത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് അനുസരിച്ചാണ് പ്രത്യേക സര്‍വിസുകളുടെ ക്രമീകരണം. വര്‍ക്ക് ഷോപ്പുകളിലുള്ള ബസുകളില്‍ അടിയന്തരമായി തകരാറ് പരിഹരിച്ച് സാധ്യമാകുന്നവയെല്ലാം വെള്ളിയാഴ്ച നിരത്തിലെത്തിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി ബസുകളിലെല്ലാം നിന്നുതിരിയാനാകാത്തവിധം തിരക്കായിരുന്നു വെള്ളിയാഴ്ച. ഗ്രാമമേഖലകളില്‍നിന്ന് നഗരത്തിലേക്കുള്ള ഫാസ്റ്റ് പാസഞ്ചര്‍ സര്‍വിസുകളടക്കം എല്ലാ സ്‌റ്റോപ്പിലും നിര്‍ത്തി ഫലത്തില്‍ ഓര്‍ഡിനറിയായാണ് ഓടിയത്. സ്വകാര്യ ബസില്‍ കണ്‍സെഷന്‍ ടിക്കറ്റില്‍ യാത്രചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ചാര്‍ജ് പൂര്‍ണമായും നല്‍കേണ്ടി വന്നു.
പ്രവൃത്തിദിവസമായ ശനിയാഴ്ചയും സമാനക്രമീകരണങ്ങള്‍തന്നെ ഏര്‍പ്പെടുത്തും. ആവശ്യമുള്ള സാഹചര്യങ്ങളില്‍ തിരക്ക് കുറഞ്ഞ മറ്റ് ഡിപ്പോകളില്‍നിന്ന് ബസെടുക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
സര്‍വിസ് ക്രമീകരിക്കുന്നതിനായി വിവിധ സ്ഥലങ്ങളിലെ പ്രധാന റൂട്ടുകളില്‍ ഇന്‍സ്‌പെക്ടര്‍മാരെയും അധികമായി നിയോഗിച്ചിട്ടുണ്ട്. കലക്ഷനിലും വലിയ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ സര്‍വിസ് നടത്തുന്ന മൊത്തം ബസുകളുടെ 27 ശതമാനം മാത്രമാണ് കെ.എസ്.ആര്‍.ടി.സിയുടെ വിഹിതം. ആകെയുള്ള അഞ്ച് സോണുകളില്‍ തിരുവനന്തപുരം മേഖലയില്‍ ഇത് 70 ശതമാനവും കൊല്ലം മേഖലയില്‍ 40 ശതമാനവും എറണാകുളത്ത് 30 ശതമാനവും തൃശൂര്‍, കോഴിക്കോട് മേഖലകളില്‍ 20 ശതമാനവുമാണ് കെ.എസ്.ആര്‍.ടി.സിയുടെ സാന്നിധ്യം.
https://www.facebook.com/Malayalivartha