ബസിൽ സ്കൂൾ വിദ്യാർത്ഥിനിയെ ശല്യം ചെയ്ത് ഒരു കൂട്ടം ഫ്രീക്കൻ വിദ്യാർത്ഥികൾ; ചോദ്യം ചെയ്ത വെഞ്ഞാറമൂട് ഡിപ്പോയിലെ കണ്ടക്ടറെ പഞ്ഞിക്കിട്ട ശേഷം ഓടുന്ന ബസിൽ നിന്ന് തള്ളിയിടാൻ ശ്രമവും! നാടകീയ രംഗങ്ങൾ കണ്ട് നാട്ടുകാർ ഇടപെട്ടപ്പോൾ സംഭവിച്ചത്...

സ്കൂൾ വിദ്യാർത്ഥിനിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത കണ്ടക്ടറെ ഫ്രീക്കൻ പൂവാലമാർ പഞ്ഞിക്കിട്ട ശേഷം ഓടുന്ന ബസിൽ നിന്ന് തള്ളിയിടാൻ ശ്രമിച്ചു. വെഞ്ഞാറമൂട് ഡിപ്പോയിലെ കണ്ടക്ടറായ എം. മനോജിന് (30) നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ മനോജ് കല്ലറ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരുകൂട്ടം പ്ളസ് വൺ വിദ്യാർത്ഥികളാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. വെഞ്ഞാറമൂട് വഴി മുതുവിളയിലേക്ക് പോവുകയായിരുന്ന വെഞ്ഞാറമൂട് ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസ് രാവിലെ എട്ടരയോടെ മിതൃമ്മല മീതുരിലെത്തിയപ്പോഴാണ് സംഭവം.
സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളായിരുന്നു അധികവും. ഒരു വിദ്യാർത്ഥിനിയെ പൂവാല സംഘം ശല്യം ചെയ്തു. ഇത് ചോദ്യം ചെയ്ത കണ്ടക്ടർക്ക് നേരെ സംഘം തിരിഞ്ഞു. തുടർന്ന് കണ്ടക്ടറെ ക്രൂരമായി മർദ്ദിച്ച സംഘം ബസിൽ നിന്ന് തള്ളിയിടാനും ശ്രമിച്ചു. ഫുട് ബോർഡിലേക്ക് തെറിച്ചുവീണ കണ്ടക്ടറെ മറ്റു യാത്രക്കാർ രക്ഷപ്പെടുത്തിയതിനാൽ അപകടം ഒഴിവായി. യാത്രക്കാരുടെ വിളികേട്ട് ഡ്രൈവർ ബസ് നിറുത്തിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർത്ഥികളെ യാത്രക്കാരും നാട്ടുകാരും പിടികൂടി പൊലീസിൽ ഏല്പിക്കുകയായിരുന്നു.
സംഭവം നടക്കുന്നതിന് മുൻപ് കല്ലറ സ്റ്റാൻഡിൽ വച്ച് ബസിന്റെ പിൻസീറ്റിൽ വിദ്യാർത്ഥിനികളുടെ ഇടയിൽ സംശയാസ്പദമായ നിലയിൽ കണ്ട വിദ്യാർത്ഥികളെ കണ്ടക്ടർ താക്കീത് നൽകി പുറത്തിറക്കിയിരുന്നു. ഇവരാണ് ബസിനുള്ളിൽ വീണ്ടും കടന്നുകയറി പ്രശ്നമുണ്ടാക്കിയതെന്ന് മനോജ് പറഞ്ഞു. ഡിപ്പോ അധികൃതരുടെ പരാതിയിൽ പാങ്ങോട് പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha