മാണിയെ ഒതുക്കാനുള്ള ഗൂഢനീക്കത്തെ തിരിച്ചറിയുന്നു... കേരള കോണ്‍ഗ്രസ് വന്നാല്‍ സി.പി.ഐ. ഇടതുമുന്നണിക്ക് പുറത്ത് പോകുമെന്ന് പറഞ്ഞിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍; കെ.എം. മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിന് ആക്കം കൂടുന്നു

കേരളം അടുത്ത ദിവസങ്ങളിലായി ഏറെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് കേരളത്തിലെ മുതിര്‍ന്ന നേതാവായ കെ.എം. മാണിയുടെ കേരള കോണ്‍ഗ്രസിന്റെ ഇടതുമുന്നണി പ്രവേശനം. എന്നൊക്കെ മാണിയുടെ ഇടതുമുന്നണിയിലേക്കുള്ള പ്രവേശനം ചര്‍ച്ചയായോ അന്നൊക്കെ ബിജു രമേശും അണിയറ പ്രവര്‍ത്തകരും പലവിധ ആക്ഷേപങ്ങളുമായി രംഗത്തെത്തുകയും ചെയ്തു. അതുപോലെയായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടും. കളിയാക്കിക്കൊണ്ടും അഴിമതിക്കാരനാണെന്നുമൊക്കെ പറഞ്ഞ് മാണിയുടെ ഇടതുമുന്നണി പ്രവേശനം വൈകിപ്പിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍ ചെയ്തത്. ഇതിലേറ്റവും പ്രധാനമായിരുന്നു കഴിഞ്ഞ ദിവസം കാനം നടത്തിയ പ്രസ്താവന. മാണി ഇടതുമുന്നണിയില്‍ വന്നാല്‍ തങ്ങള്‍ മുന്നണിയില്‍ തുടരില്ല എന്നാണ് കാനം പറഞ്ഞത്. ഇതും വലിയ വാര്‍ത്തയാകുകയും ചെയ്തു.
എന്നാല്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന പിണറായി വിജയനെ സംബന്ധിച്ച് മാണിയെ കൂടെനിര്‍ത്തുക എന്നതായിരുന്നു പ്രധാനം. മധ്യ കേരളത്തിന്റെ വോട്ട് ബാങ്കായ മാണിയെ എടുക്കാതിരുന്നാല്‍ തീര്‍ച്ചയായും യുഡിഎഫ് റാഞ്ചിക്കൊണ്ടുപോകും. അങ്ങനെ വന്നാല്‍ സര്‍ക്കാരിന്റെ അവസാന നാളുകളില്‍ ഭരണ വിരുദ്ധം ആളിക്കത്തിച്ച് അവര്‍ പേരിനെങ്കിലും ഭൂരിപക്ഷം നേടുകയും ചെയ്യും. അതിനാലാണ് മാണിയെ കൂടെ നിര്‍ത്താന്‍ സിപിഎമ്മും മറ്റ് കക്ഷികളും ശ്രമിക്കുന്നത്. സിപിഐയുടെ മറ്റ് പല നേതാക്കളും മാണി ഇടതു മുന്നണിയില്‍ വരണമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ കാനത്തെ പേടിച്ച് മിണ്ടുന്നില്ല എന്നു മാത്രം. കാര്യങ്ങള്‍ ഇതായിരിക്കെയാണ് കാനം കഴിഞ്ഞ ദിവസം പറഞ്ഞ കാര്യം തിരുത്തിയത്. കേരള കോണ്‍ഗ്രസ് വന്നാല്‍ സി.പി.ഐ. ഇടതുമുന്നണിക്ക് പുറത്ത് പോകുമെന്ന് പറഞ്ഞിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.
ഇടതുമുന്നണിയെ സംബന്ധിച്ച് വീരേന്ദ്രകുമാറിന്റെ മടങ്ങി വരവ് മലബാര്‍ മേഖലയില്‍ കരുത്തു പകരും. അതുപോലെയാണ് മധ്യകേരളത്തില്‍ മാണിയുടെ വരവും. ഇതുതന്നെയാണ് മുഖ്യമന്ത്രിയാകാന്‍ ചട്ടംകെട്ടിയിരിക്കുന്ന രമേശ് ചെന്നിത്തലയേയും അസ്വസ്ഥനാക്കുന്നതും. അതൃപ്തി പുകഞ്ഞു പുകഞ്ഞാണ് ഒടുവില്‍ ജെ.ഡി.യു കേരള ഘടകം ഇടതുമുന്നണിയിലേക്ക് പോയത്. ഇത് യു.ഡി.എഫിനേറ്റത് കനത്ത തിരിച്ചടിയാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തിരിച്ചുവരാന്‍ ഒരുങ്ങുമ്പോഴാണ് ഏറെ പ്രതീക്ഷയുള്ള കേരളത്തില്‍ ഒരു ഘടകകക്ഷി യു.ഡി.എഫ് വിടുന്നത്. കൂടാതെയാണ് കേരള കോണ്‍ഗ്രസിന്റെ മറ്റൊരു പാര്‍ലമെന്റ് സീറ്റ് കൂടി പോകുന്നത്.
സി.പി.എം ജില്ലാ സമ്മേളനങ്ങളില്‍ മാണി ഗ്രൂപ്പിനെ മുന്നണിയില്‍ സഹകരിപ്പിക്കാമെന്ന തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രത്യേകിച്ച് കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലാ സമ്മേളനങ്ങളില്‍. ഈ വികാരം ഉള്‍ക്കൊണ്ട് സി.പി.എം നേതൃത്വം മാണിഗ്രൂപ്പിന് പച്ചക്കൊടി കാട്ടാനിരിക്കെയാണ് വീണ്ടും വിവാദങ്ങള്‍ വന്നത്.
അതേ സമയം മാണിഗ്രൂപ്പിനെ എടുക്കാനാവില്ലെന്ന ഉറച്ച നിലപാടാണ് സി.പി.ഐ. സ്വീകരിച്ചത്. മുമ്പ് തോമസ് ചാണ്ടി വിഷയത്തിലടക്കം സി.പി.ഐ സ്വീകരിച്ച നിലപാട് സി.പി.എമ്മിനെ ചൊടിപ്പിച്ചിരുന്നു. അത് സി.പി.എം ജില്ലാ സമ്മേളനങ്ങളിലും പ്രതിഫലിച്ചിരുന്നു. കടുത്ത വിമര്‍ശനമാണ് സി.പി.ഐയ്‌ക്കെതിരെ ഉയര്‍ന്നത്. സി.പി.ഐ സമ്മേളനങ്ങളില്‍ സി.പി.എമ്മിനെതിരെയും വിമര്‍ശനം ഉയരുന്നു. സിപിഐയെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്നാണ് പാര്‍ട്ടിക്കാര്‍ വിശ്വസിക്കുന്നത്. മാണിയെ കൊണ്ടു വന്നാല്‍ ഒരു പരിധിവരെ അതിനുള്ള പരിഹാരമാകും. അതു കൊണ്ട് തന്നെയാണ്
സി.പി.ഐയുടെ എതിര്‍പ്പ് അവഗണിച്ചും മാണി ഗ്രൂപ്പിനെ ഇടതുമുന്നണിയുമായി സഹകരിപ്പിക്കാന്‍ സി.പി.എം മനസാ തയ്യാറാകുന്നത്. വീരേന്ദ്രകുമാര്‍ വിഭാഗം ഇടതുമുന്നണിയിലേക്ക് വരുന്നതില്‍ സി.പി.ഐ എതിര്‍ക്കാത്തതിന്റെ രഹസ്യവും അതാണ്.
ജനതാദള്‍ ഇടതുമുന്നണിയിലേക്ക് വന്നതോടെ കെ.എം. മാണിയെ കൂടെ കൂട്ടാന്‍ യു.ഡി.എഫും ശക്തമായി ശ്രമിക്കുകയാണ്. അതിനാലാണ് മാണിക്കെതിരായി അവര്‍ പരസ്യമായി രംഗത്തെത്താത്തത്. വീരേന്ദ്രകുമാര്‍ വിഭാഗം പോയതിന്റെ ക്ഷീണം മാറ്റാന്‍ മാണിഗ്രൂപ്പിനെ മുന്നണിയില്‍ കൊണ്ടുവരണമെന്ന ആവശ്യം യു.ഡി.എഫില്‍ ഉയരുന്നുണ്ട്. അങ്ങോട്ട് പോയി ക്ഷണിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നുണ്ടെങ്കിലും പുതിയ സാഹചര്യത്തില്‍ നീക്കം നടത്തുന്നതാണ്.
അതേസമയം കെ.എം. മാണിയും കൂട്ടരും ഇടതുമുന്നണി എന്ന തീരുമാനത്തില്‍ എത്തിയാല്‍ യു.ഡി.എഫിനൊപ്പം നില്‍ക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്ന പഴയ ജോസഫ് വിഭാഗത്തെ അടര്‍ത്തിയെടുക്കാനും കോണ്‍ഗ്രസ് ശ്രമിച്ചേക്കും. കൂടാതെ മാണി ഗ്രൂപ്പ് ഇടതുമുന്നണിയില്‍ ചേക്കേറാന്‍ തീരുമാനിച്ചാല്‍ നിലവില്‍ ഇടതുമുന്നണിയുമായി സഹകരിക്കുന്ന ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗത്തെ യു.ഡി.എഫിലെത്തിക്കാനുള്ള ശ്രമത്തിനും സാധ്യതയുണ്ട്. അങ്ങനെ വിവിധ ചര്‍ച്ചകള്‍ നടക്കവേയാണ് കാനം രാജേന്ദ്രന്റെ നിലപാട് മാറ്റം. ഇത് ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
https://www.facebook.com/Malayalivartha