ദുരൂഹതകളൊഴിയാതെ ഗൗരി നേഘയുടെ മരണം... സി സി ടി വി ദൃശ്യങ്ങളിലുണ്ടായ അട്ടിമറി ആരെ രക്ഷിക്കാൻ... കൊല്ലം ട്രിനിറ്റി സ്കൂളിലെ വിദ്യാർത്ഥിനി ഗൗരി നേഘയുടെ മരണവുമായി ബന്ധപ്പെട്ട കുറ്റപത്ര സമർപ്പിക്കൽ മാറ്റി വച്ചു

കൊല്ലം ട്രിനിറ്റി സ്കൂളിലെ വിദ്യാർത്ഥിനി ഗൗരി നേഘയുടെ മരണവുമായി ബന്ധപ്പെട്ട കുറ്റപത്ര സമർപ്പിക്കൽ മാറ്റി വച്ചു. ബുധനാഴ്ച സമർപ്പിക്കാനിരുന്ന കുറ്റപത്രം കൂടുതൽ വ്യക്തതയ്ക്കായി ഇന്ന് നൽകുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, ഗൗരിയുടെ പിതാവ് പ്രസന്നൻ ഇന്നലെ ഡി ജ.പി പിക്കും കമ്മിഷണർക്കും നൽകിയ പരാതിയുടെ വെളിച്ചത്തിൽ അനിശ്ചിതമായി മാറ്റി വയ്ക്കുകയായിരുന്നു.
സി സി ടി വി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തു എന്ന വാദമാണ് പിതാവ് പ്രസന്നൻ ഉന്നയിക്കുന്നത്. പെൺകുട്ടി താഴേക്ക് വീഴുന്ന ദൃശ്യം ലഭ്യമായെങ്കിലും സംഭവത്തിന് തൊട്ടു മുമ്പുള്ള നിർണായകമായ 23 മിനിറ്റിന്റെ ദൃശ്യങ്ങൾ എവിടെ എന്നാണ് പിതാവ് ചോദിക്കുന്നത്. സംഭവം നടന്ന ഒക്ടോബർ 20 ന് ഉച്ചഭക്ഷണത്തിന്റെ പാത്രം തുറന്നപ്പോഴാണ് കുട്ടിയെ വിളിച്ചു കൊണ്ടു പോയത്. അവിടെ തുടങ്ങുന്നു പ്രശ്നങ്ങളെന്ന് പ്രസന്നൻ പറയുന്നു. ഭക്ഷണം കഴിക്കാനൊരുങ്ങിയ കുട്ടിയെ കൊണ്ടു പോകേണ്ടുന്ന എന്ത് സാഹചര്യമാണ് സ്കൂളിൽ ഉണ്ടായത്.
പ്രിൻസിപ്പിലിന്റെ മുറിയിലേക്ക് കൂട്ടി കൊണ്ടു പോയ ശേഷം അവിടെ നിന്ന് ഇറങ്ങി 23 മിനിറ്റിന് ശേഷമാണ് കുട്ടി മുകളിൽ നിന്ന് വീഴുന്നതായി നിരീക്ഷണ ക്യാമറ കാണിക്കുന്നത്. പ്രിൻസിപ്പലിന്റെ മുറിയിൽ നടന്ന മാനസിക പീഡനവും പിന്നെ 23 മിനിറ്റ് സ്കൂളിലെ തന്നെ അജ്ഞാത കേന്ദ്രത്തിൽ നടന്ന സംഭവവും ദൂരൂഹമാണെന്ന് പ്രസന്നൻ കൂട്ടി ചേർത്തു.
അദ്ധ്യാപികമാരും സ്കൂൾ അധികൃതരും നിരപരാധിയാണെങ്കിൽ ആ ദൃശ്യങ്ങൾ അവർക്ക് പുറത്ത് വിടാമല്ലോ എന്നും പ്രസന്നൻ ചോദിക്കുന്നു. സ്കൂൾ റൂഫ് ടോപ്പിലെ കൂറ്റൻ ഗ്രിൽ ഗൗരി തനിയെ തുറന്നുവെന്ന് പറയുന്നതും അവിശ്വസീനയെമാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു. കെട്ടിടത്തിന് മുകളിലേക്ക് ഗൗരി തനിയെ കയറി പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നെങ്കിലും മറുവശത്തുള്ള മറ്റൊരു വാതിലിലൂടെ മറ്റാരെങ്കിലും മുകളിലേക്ക കയറിയിരുന്നോ എന്നും പ്രസന്നൻ സംശയിക്കുന്നു.
എന്തായാലും അന്വേഷണത്തിൽ ചില ഭാഗത്ത് കണ്ണികളിൽ സാരമായ വിള്ളലുണ്ടെന്ന് ഉന്നതനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ സമ്മതിച്ചു. അന്വേഷണ സംഘത്തിനൊപ്പം കമ്മിഷണർ നിർദേശിച്ച പുതിയ ചില ഓഫീസർമാരെ കൂടി ഉൾപ്പെടുത്തി കൂടുതൽ വ്യക്തതത വരുത്തിയ ശേഷം അന്തിമ റിപ്പോർട്ട് നൽകാനാണ് പൊലീസ് ആലോചിക്കുന്നത്. ചുമതല ഒഴിഞ്ഞ പ്രിൻസിപ്പലിൽ നിന്ന് വീണ്ടും മൊഴിയെടുക്കും.
https://www.facebook.com/Malayalivartha