സ്വകാര്യബസ് സമരം ;സംഘടന പ്രതിനിധികളുമായി ഞായറാഴ്ച സർക്കാർ ചർച്ച നടത്തും

സമരം ചെയ്യുന്ന സ്വകാര്യ ബസുടമകളുടെ സംഘടന പ്രതിനിധികളുമായി ഞായറാഴ്ച സർക്കാർ ചർച്ച നടത്തും. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനാണ് ബസുടമകളുടെ പ്രതിനിധികളെ ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് ചർച്ച. നേരത്തെ ഇന്ന് ചർച്ച നടക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും നാളത്തേക്ക് മാറ്റുകയായിരുന്നു.
വിദ്യാർഥികളുടെ കണ്‍സഷൻ നിരക്ക് ഉയർത്തുക, മിനിമം ചാർജ് 10 രൂപയാക്കുക, വർധിപ്പിച്ച റോഡ് ടാക്സ് പിൻവലിക്കുക, ഇന്ധന വില ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരിക, സ്വകാര്യ ബസ് മേഖലയെക്കുറിച്ച് പഠിച്ച ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് പൂർണമായും നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് വെള്ളിയാഴ്ച മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരം പ്രഖ്യാപിച്ചത്. സർക്കാർ ബസ് ചാർജ് വർധിപ്പിച്ചെങ്കിലും പര്യാപ്തമല്ലെന്നാണ് ബസുടമകളുടെ നിലപാട്. ഈ രീതിയിൽ വ്യവസായം മുന്നോട്ടുപോകില്ലെന്ന് വ്യക്തമാക്കിയാണ് ബസുടമകൾ സമരം പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha