കെ.എസ്.യു സമ്മേളന നഗരി സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു; സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴയില്‍ ഇന്ന് രാവിലെ ആറ് മുതല്‍ ഉച്ചവരെ ഹര്‍ത്താല്‍

ഇന്ന് രാവിലെ ആറ് മുതല്‍ ഉച്ചവരെ ആലപ്പുഴയില്‍ ഹര്‍ത്താല്‍. കെ.എസ്.യു-സി.പി.എം സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ഇരുകൂട്ടരും ഹർത്താൽ പ്രഖ്യാപിക്കുകയായിരുന്നു. കെ.എസ്.യു സമ്മേളന നഗരി സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് ഡി.സി.സി പ്രസിഡന്‍റ് എം. ലിജു പറഞ്ഞു. എന്നാല്‍ സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാന്‍ പറയുന്നത് കുട്ടികളെ ഉപയോഗിച്ച് കോണ്‍ഗ്രസ് ആലപ്പുഴയില്‍ നടത്തിയ അഴിഞ്ഞാട്ടത്തിന് എതിരെയുള്ള ജനവികാരമാണ് ഈ ഹാർത്തലെന്നാണ്. സംസ്ഥാന സമരകാഹള സമ്മേളനത്തിന്റെ ഭാഗമായി കെ.എസ്.യു നടത്തിയ റാലി അക്രമാസക്തമായിരുന്നു. ആലപ്പുഴ നഗരം ഇന്നലെ വൈകുന്നേരം മുതല്‍ മണിക്കൂറുകളോളം ഇത് തുടർന്നു.
ബീച്ച് റോഡ് വഴി നഗരത്തിലേക്ക് പ്രവേശിച്ച റാലിക്കിടെ ഒരുസംഘം പ്രവര്‍ത്തകര്‍ റോഡരികിലെ സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും കൊടികളും കൊടിമരങ്ങളും നശിപ്പിക്കുകയും പ്രകോപിപ്പിക്കുന്ന തരത്തിൽ മുദ്രാവാക്യം വിളിക്കുകയും ചെയ്തതോടെ പ്രശ്നങ്ങൾ തുടങ്ങുകയായിരുന്നു. ഇവരെ അനുനയിപ്പിക്കാന്‍ നേതാക്കള്‍ ശ്രമിച്ചെങ്കിലും നടന്നില്ല. റാലി ഇരുമ്പുപാലം കടന്ന് ചെത്തുതൊഴിലാളി യൂണിയന്‍ ഒാഫിസിന് അടുത്തെത്തിയപ്പോൾ ഒാഫിസിന് മുന്നിലെ കൊടികളും മറ്റും നശിപ്പിച്ചു. ഒാട്ടോ റിക്ഷകള്‍ക്കും മറ്റും കല്ലേറില്‍ കേടുപാട് സംഭവിക്കുകയും ചെയ്തിരുന്നു. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസന്‍, പി.ടി. തോമസ് എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ സമ്മേളനത്തിന് എത്തിയിരുന്നു. ഇവർ മുല്ലക്കലിലെ വേദിയില്‍നിന്ന് മടങ്ങിയ ഉടനെയാണ് സി.പി.എം പ്രവര്‍ത്തകര്‍ എത്തിയത്.
അക്രമത്തിന് മറുപടി പറയാന്‍ സംഘം ചേര്‍ന്നെത്തിയ ഇവരെ വടികളുമായി കെ.എസ്.യു പ്രവര്‍ത്തകര്‍ നേരിട്ടു. ഏറെനേരം കല്ലേറിലും ഏറ്റുമുട്ടലിലും ബഹളത്തിലും വേദിയുടെ പരിസരം മുങ്ങി. അടികൊണ്ടും വീണും പലര്‍ക്കും പരിക്കേറ്റു. പ്രവര്‍ത്തകരെ കൊണ്ടുവന്ന ആറോളം ബസുകള്‍ക്കുനേരെ കല്ലേറുണ്ടായി. സി.പി.എം പ്രവര്‍ത്തകരുടെ ആക്രമണം നേരിടാന്‍ കഴിയാതെ ഭൂരിഭാഗം കുട്ടികളും ഒാടി. പലരും വന്ന വാഹനങ്ങളില്‍ അഭയംതേടി. വലിയ പൊലീസ് സന്നാഹമാണ് ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രെന്റ നേതൃത്വത്തില്‍ വിവരമറിഞ്ഞ് എത്തിയത്. ആറോളം ബസുകളുടെയും പത്തോളം കാറുകളുടെയും ചില്ല് തകര്‍ന്നു. കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ കാറിന്റെ ചില്ലും തകര്‍ന്നിട്ടുണ്ട്. കെ.എസ്. ശബരീനാഥ്, പി.സി. വിഷ്ണുനാഥ്, ഷാനിമോള്‍ ഉസ്മാന് തുടങ്ങി നിരവധി നേതാക്കള്‍ കുട്ടികളെ സുരക്ഷിതമായി മടക്കിവിടുന്നതിന് വേണ്ടിയുള്ള ശ്രമത്തിലായിരുന്നു. രാത്രി ഒമ്ബതിന് ശേഷമാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായത്. ഇരു വിഭാഗത്തിലുംപെട്ട നിരവധിപേര്‍ക്കും പൊലീസുകാര്‍ക്കും നിസ്സാര പരിക്കേറ്റു.
https://www.facebook.com/Malayalivartha