തൃശൂരിൽ മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍; പുരുഷന്റെ ശരീരമാകാൻ സാധ്യതയെന്ന് പോലീസ്

മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തൃശൂര്‍-കുന്നംകളം റൂട്ടിലെ ചൂണ്ടല്‍പാടത്ത് ദേശീയപാതയിൽനിന്നും 250 മീറ്റര്‍ അകലെ വയലില്‍ 15 മീറ്റര്‍ ദൈര്‍ഘ്യത്തിൽ രണ്ടിടത്തായാണ് കത്തിക്കരിഞ്ഞ ഭാഗങ്ങള്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ആടിനെ തീറ്റക്ക് കൊണ്ടുപോയവരാണ് ഇത് കാണുന്നത്. ഉടൻതന്നെ നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് എത്തിയ കുന്നംകുളം എസ്.ഐ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് ശരീര ഭാഗങ്ങള്‍ കണ്ടെത്തിയ ഭാഗം കയര്‍ കെട്ടി ബന്തവസ്സാക്കി കാവല്‍ ഇട്ടു. ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്ര, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അമ്മിണിക്കുട്ടന്‍, സി.ഐ സി.ആര്‍. സന്തോഷ്, എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍പൊലീസ് സംഘം എത്തി. ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
രണ്ട് കാലുകള്‍ ഒരിടത്തും തലയോട്ടിയും കഴുത്തിന് താഴെയുള്ള ഭാഗവും ഇടതു കൈയ്യും മറ്റൊരിടത്തുമായാണ് കണ്ടത്. കാലിന്റെ അവശിഷ്ടങ്ങള്‍ പാതി കത്തിയ നിലയിലാണ്. കത്തി കരിഞ്ഞതില്‍ ശേഷിക്കുന്ന മുടി കണ്ട് പുരുഷന്റെതാകാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു. പകുതി കത്തിയ കാല്‍ കാണുമ്പോള്‍ രണ്ട് ദിവസത്തെ പഴക്കമുണ്ട്. സംഭവസ്ഥലത്ത് ഞായറാഴ്ച രാവിലെ പൊലീസ് ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തും. അതിന്ശേഷം പോസ്റ്റുമോര്‍ട്ടം നടത്തും. ഇത് മൃഗീയമായ ഒരു കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. മറ്റെവിടെയെങ്കിലുംവെച്ച് കൊലപ്പെടുത്തി കഷണങ്ങളാക്കി കത്തിച്ച ശേഷം ഇവിടെ കൊണ്ടിട്ടതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാരണം, വയലിലെ ഉണങ്ങിയ പുല്ല് വന്‍തോതില്‍ കത്തിയിട്ടില്ല. അവിടെ ഇട്ട് കത്തിച്ചതാണെങ്കില്‍ തീ ആളിക്കത്തുകയും അത് ആരുടെയെങ്കിലും ശ്രദ്ധയില്‍ പെടുകയും ചെയ്യുമായിരുന്നുവെന്നും പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha