എല്ലാബാറുകളും പൂട്ടാന്‍ സര്‍ക്കാരിന് ഇച്ഛാശക്തിവേണം : കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
എല്ലാ ബാറുകളും പൂട്ടാന്‍ എടുത്ത തീരുമാനം നടപ്പാക്കണമെങ്കില്‍ സര്‍ക്കാരിന് ഇച്ഛാശക്തി വേണമെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സര്‍ക്കാരിന് അതുണ്ടോ എന്നറിയാനാണ് ജനങ്ങള്‍ കാത്തിരിക്കുന്നതെന്നും അദ്ദേഹം. സംസ്ഥാനത്ത് മദ്യനയത്തില്‍ എടുത്ത തീരുമാനം വേഗത്തില്‍ ആയിപ്പോയി. ഇപ്പോഴത്തെ തീരുമാനം സഭയുടെ സമ്മര്‍ദ്ദം കൊണ്ടാണെന്ന ആരോപണത്തില്‍ കഴമ്പില്ല.
പൊതുസമൂഹത്തിന്റെ വികാരത്തിനൊപ്പം നില്ക്കുക മാത്രമാണ് സഭ ചെയ്തിട്ടുള്ളത്. മദ്യ വര്ജനമായിരുന്നു എക്കാലത്തും സഭയുടെ വീക്ഷണം. മദ്യനയത്തിന്റെ വ്യാപ്തി ജനങ്ങള്‍ പ്രതീക്ഷിച്ചതിലും കൂടുതലായി. പൂട്ടിപ്പോകുന്ന ബാറുകള്‍ക്ക് വൈന്‍, ബിയര്‍ ലൈസന്‍സുകള്‍ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല.
ആരാധനയ്ക്ക് വീഞ്ഞ് ഉപോയോഗിക്കുന്നതിനെ ചൊല്ലിയുള്ള വിവാദം അനാവശ്യമാണ്. അതു പിന്‍വലിക്കാനാകില്ല.വിശുദ്ധ കുര്‍ബാനയുടെ ഭാഗമായാണ് ലോകമെമ്പാടും ആരാധനയ്ക്ക് വീഞ്ഞ് ഉപയോഗിക്കുന്നത്. അതിനു പകരം മറ്റെന്തെങ്കിലും ഉപയോഗിക്കുന്നത് ക്രിസ്തുവിന്റെ കല്പനയ്ക്ക് വിരുദ്ധമാകും എന്നതാണ് ലോകമെമ്പാടുമുള്ള സഭകളുടെ നിലപാട്. ഇതേ നിലപാടു തന്നെയാണ് കേരള സഭയ്ക്കുമുള്ളത്. സഭ വീഞ്ഞു വില്‍ക്കുന്നവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha