പൂട്ടിയത് പൂട്ടിയതു തന്നെ; സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി; മദ്യ വില്‍പന ആരുടേയും മൗലികാവകാശമല്ല

പ്ലസ് ടു വിഷയത്തില്‍ സര്‍ക്കാരിന് കോടതിയില്‍ നിന്നു തിരിച്ചടി നേരിടുമ്പോഴും മദ്യ നയത്തില്‍ സര്‍ക്കാരിന്റെ നിലപാടിനെ അംഗീകരിച്ച് ഹൈക്കോടതി. സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ബാറുടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയത്. അബ്കാരി നയം സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബാറുകള്‍ പൂട്ടാന്‍ നോട്ടീസ് നല്‍കിയ സര്‍ക്കാരിന്റെ നടപടി സ്‌റ്റേ ചെയ്യാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. മദ്യവില്‍പന എന്നത് ആരുടെയും മൗലികാവകാശമായി കാണാനാവില്ലെന്നും അതിനാല്‍ തന്നെ ബാറുടമകളുടെ ഹര്‍ജി നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
തിരഞ്ഞെടുപ്പ് സമയത്ത് യു.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു മദ്യനിരോധനം എന്നത്. അധികാരത്തിലെത്തിയ സര്‍ക്കാര്‍ ആ വാഗ്ദാനം നടപ്പാക്കുന്നതിനെ എതിര്‍ക്കാനാവില്ല. മദ്യ ഉപഭോഗം കുറച്ചു കൊണ്ട് വരണമെന്നാണ് സര്‍ക്കാരിന്റെ നിലപാട് എന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. അത് കോടതി അംഗീകരിക്കുന്നു.
മദ്യം നിരോധിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ വളരെ ആലോചിച്ച് കൈക്കൊണ്ടതാണ്. ഫോര്‍ സ്റ്റാര്‍ പദവിയുള്ള 312 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയത് താല്‍ക്കാലികമാണ്. മദ്യനയം രൂപീകരിക്കുന്നത് അനുസരിച്ച് സര്‍ക്കാരിന് ലൈസന്‍സ് റദ്ദാക്കാനാവും. ബാറുടമകള്‍ക്ക് ശേഷിക്കുന്ന കാലയളവിലെ ലൈസന്‍സ് ഫീസ് തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമപരമായ രീതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നത്. ആ സാഹചര്യത്തില്‍ പ്രശ്‌നത്തില്‍ കോടതി ഇടപെടുന്നത് ശരിയല്ലെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
അതേസമയം ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ബാറുടമകള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha