സി.പി.എമ്മിന് ഒരു കേസ് കൂടി പാരയാകുന്നു, മനോജ് വധക്കേസ് സിബിഐ അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി

ടി.പി.ചന്ദ്രശേഖരന്‍ വധം ഉണ്ടാക്കിയ പ്രതിസന്ധിയില്‍നിന്ന് കരയറും മുമ്പ് കതിരൂരിലെ ആര്‍എസ്എസ് നേതാവായിരുന്ന മനോജിന്റെ വധക്കേസ് കൂടി അന്വേഷിക്കുന്നത് സി.പി.എമ്മിനെ വീണ്ടും പ്രതിസന്ധിയിലാക്കി. മനോജ് വധക്കേസ് സിബിഐ അന്വഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കേസ് സിബിഐയ്ക്ക് വിടാനുള്ള ഡിജിപിയുടെ ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യും.
എന്നാല്‍ മനോജിന്റെ കൊലപാതകത്തെത്തുടര്‍ന്ന് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകന്‍ ജയിന്‍ ജയരാജന്റെ ഫെയ്‌സ്ബുക്ക് പരാമര്‍ശത്തില്‍ പോലീസ് ഐ.ടി. ആക്ട് പ്രകാരം കേസെടുത്തതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കും. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ സമീപനവും ശ്രദ്ധേയമാണ്.
കണ്ണൂര്‍ കതിരൂരില്‍ ആര്‍എസ്എസ് നേതാവായിരുന്ന മനോജിനെ കൊലപ്പെടുത്താന്‍ കേരളത്തിനു പുറത്തുനിന്നും വിദേശത്തു നിന്നും വരെ സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടാകാമെന്ന് ചെന്നിത്തല പറഞ്ഞു. ഈ കൊലപാതകം സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ തന്നെ ബാധിച്ചിട്ടുണ്ട്. സിബിഐ അന്വേഷണം ഏറ്റെടുക്കുന്നതു വരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടരും. കുറ്റവാളികളെയെല്ലാം നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തില്‍ യു.ഡി.എഫും കേന്ദ്രത്തില്‍ ബി.ജെ.പി.യും ഭരിക്കുന്ന സാഹചര്യത്തില്‍ കൊലപാതകത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണം സി.പി.എമ്മിന് വലിയ തലവേദനയുണ്ടാക്കും. പ്രത്യേകിച്ചും പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍. ടി.പി. വധത്തില്‍ സി.ബി.ഐ. അന്വേഷണത്തില്‍നിന്ന് രക്ഷപ്പെട്ടെങ്കിലും മനോജ് വധത്തിലും അതിന്റെ ഗൂഢാലോചനയിലും സി.ബി.ഐ. അന്വേഷണം വരുന്നത് ആശങ്ക പടര്‍ന്നിട്ടുണ്ട്. കൊലപാതകം, വധശ്രമം, ഗൂഡാലോചന എന്നിവയ്ക്ക് പുറമെ നിയമവിരുദ്ധ പ്രവര്‍ത്തനം തടയുന്ന നിയമം അനുസരിച്ച് ദേശവിരുദ്ധക്കുറ്റം ചുമത്തിയുള്ള അന്വേഷണവും പാര്‍ട്ടിക്ക് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കും.
https://www.facebook.com/Malayalivartha