കണ്ണൂരിന്റെ കണ്ണീരിന് അറുതി വരുമോ? പതിറ്റാണ്ടുകളായി നില നില്‍ക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് സിബിഐ വരവ് തടയിടുമോ? നേതാക്കള്‍ അങ്കലാപ്പില്‍

കണ്ണന്റെ ഊരായ കണ്ണൂരിന് രക്തത്തിന്റെ നിറം നല്‍കിയത് ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടികളാണ്. കേരളത്തിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് അക്രമ രാഷ്ട്രീയത്തിന് ഏറെ പേരുകേട്ടതാണ് കണ്ണൂര്‍. അക്രമ രാഷ്ട്രീയം പ്രതികാര രാഷ്ട്രീയമായി മാറുകയും അത് കൊലപാതക രാഷ്ട്രീയമായി മാറുകയും ചെയ്തപ്പോള്‍ കേരളത്തിന്റെ സത്‌പേരിന് മൊത്തം കളങ്കമായി. സിപിഎമ്മും ആര്‍എസ്എസുമാണ് ഇവിടത്തെ പ്രധാന എതിരാളികള്‍. ഇടയ്‌ക്കൊക്കെ കോണ്‍ഗ്രസും തലപൊക്കും.
സിപിഎമ്മിന് ബദലായി ആര്‍എസ്എസ് വളര്‍ന്നു വന്നതോടെ അത് പരസ്പരമുള്ള മത്സരത്തിനും അല്ലറ ചില്ലറ അക്രമത്തിലും കലാശിച്ചു. ഈ അല്ലറ ചില്ലറ അക്രമം പ്രതികാരത്തിലേക്ക് മാറുകയും അത് കൊലപാതകത്തിലേക്ക് കലാശിക്കുകയും ചെയ്തു.
ഒരു കൊലപാതകം കൊണ്ട് കണ്ണൂരില്‍ ഒന്നും അവസാനിച്ചിരുന്നില്ല. മറ്റൊരു കൊലപാതകത്തിന്റെ തുടക്കമായി അത് മാറി. അങ്ങനെ തങ്ങള്‍ക്ക് നഷ്ടപ്പെട്ട പ്രവര്‍ത്തകന്റെ ചോരയ്ക്ക് പകരമായി അടുത്തയാളെ പാര്‍ട്ടികള്‍ ഉന്നം വച്ചു. അത് നീണ്ടു നീണ്ടു പോയി. ചില സമയങ്ങളില്‍ സംസ്ഥാനം അറിയപ്പെടുന്ന നേതാക്കള്‍ വരെ രാഷ്ട്രീയ കൊലപാതകത്തിന് ഇരകളായി. കൊലപാതകത്തില്‍ പങ്കാളികളായ ആള്‍ക്കാരേയും എതിര്‍പക്ഷം തെരഞ്ഞിട്ട് വധിച്ച സംഭവവുമുണ്ട്.
ഈ രാഷ്ട്രീയ കൊലപാതകത്തിന് കൂട്ടു നിന്നവരെ കാലാകാലങ്ങളില്‍ അതത് രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ സംരക്ഷിച്ചിരുന്നു. അവരുടെ കുടുംബങ്ങള്‍ വരെ പാര്‍ട്ടിക്കാര്‍ ഏറ്റെടുത്തിരുന്നു. ഇതെല്ലാം രാഷ്ട്രീയ കൊലപാതകത്തിന് പ്രോത്സാഹനം നല്‍കി. ഇടയ്ക്ക് അതൊരു അഭിമാനമായും കണ്ടു.
ഈ കൊലപാതകത്തില്‍ തകര്‍ന്ന് പോകുന്ന ഒരു കൂട്ടരെ ആരും കാണുന്നില്ല. ഒരു കൊലപാതകം മൂലം തകരുന്ന കുടുംബത്തിന്റെ കണ്ണീരാരു കേള്‍ക്കാന്‍. ജീവിതകാലം മുഴുവനും അനാഥരായി കഴിയുന്ന ആ അമ്മമാരുടെ ഭാര്യമാരുടെ കുട്ടികളുടെ കരച്ചില്‍ ആരും കേട്ടില്ല.
കണ്ണൂരിന് പുറത്ത് ഉണ്ടായ വലിയ രാഷ്ട്രീയ കൊലപാതകമായി ടിപി ചന്ദ്രശേഖരന്‍ വധം മാറിയപ്പോള്‍ സിപിഎമ്മിന്റെ അടിത്തറ തന്നെ ഇളക്കി. ടിപി വധത്തിന് പിന്നിലെ നേതാക്കളെ സിബിഐ പൊക്കുമെന്ന് കേരളം കരുതിയതാണ്. എന്നാല്‍ ആ കേസ് രാഷ്ട്രീയ സമ്മര്‍ദ്ദം കാരണം സിബിഐ ഏറ്റെടുത്തില്ല.
സമാധാനത്തിലായിരുന്ന കണ്ണൂര്‍ നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ചുവന്നപ്പോള്‍ ഒത്തു തീര്‍പ്പിന് ആരുമില്ല. കേന്ദ്രം ഭരിക്കുന്നത് ബിജെപി. കൊല്ലപ്പെട്ടത് ആര്‍എസ്എസ് നേതാവ്. സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണം എങ്ങും എത്തില്ലെന്ന് മനസിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ കണ്ണൂര്‍ വിഷയം ദേശീയ വിഷയമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോഡിയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും നേരിട്ട് ഇടപെട്ടു. അങ്ങനെ കാര്യങ്ങള്‍ കൈവിട്ടു പോയി. അങ്ങനെയാണ് മനോജ് വധം സിബിഐക്ക് വിടാന്‍ കാരണം.
ഇതോടെ വെട്ടിലായിരിക്കുന്നത് സിപിഎമ്മാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഇതെല്ലാം ഒരു രാഷ്ട്രീയ ആയുധമാക്കാന്‍ ബിജെപി ശ്രമിക്കും. ടിപി വധം സിപിഎമ്മിന് വരുത്തിയ കളങ്കം വളരെ വലുതായിരുന്നു. അതിനാല്‍ തന്നെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ നേതാക്കള്‍ തിരിഞ്ഞതുമാണ്. എങ്കിലും കണ്ണൂരില്‍ എല്ലാം പാളി.
സിബിഐ വരുമ്പോള്‍ കൊന്നവരേയും കൊല്ലാന്‍ വിട്ടവരേയും പൊക്കും. ഈ കൊല്ലാന്‍ വിട്ടവര്‍ ആരെന്ന് പുറം ലോകം ഇതുവരേയും അറിഞ്ഞിരുന്നില്ല. അവര്‍ മാന്യരായി ഉന്നത പദവികളില്‍ കഴിയും. പാവപ്പെട്ട ദരിദ്ര നാരായണന്മാരായ പാര്‍ട്ടിക്കാര്‍ പ്രതികളായി ജയിലുകളില്‍ പോകും. സിബിഐ വരുന്നതോടെ ഇതിന് അറുതി വരും. അതിനായി എല്ലാം നഷ്ടപ്പെട്ട അമ്മമാരുടേയും ഭാര്യമാരുടേയും മക്കളുടേയും കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥന മാത്രം മതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha