അറിയണം വിവാഹ പ്രായം... പതിനേഴുകാരിയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമം; രണ്ടാനച്ഛനും അമ്മയും വരനും അറസ്റ്റില്‍; ഗള്‍ഫിലായിരുന്ന പൂതങ്കര സ്വദേശിയായ വരന്‍ നാട്ടില്‍ വന്നത് വിവാഹം കഴിക്കാന്‍

പതിനേഴുകാരിയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചതിന് രണ്ടാനച്ഛനും അമ്മയും വരനും അറസ്റ്റില്‍. പതിനേഴുകാരിയെ വിവാഹം കഴിപ്പിക്കാനുള്ള അമ്മയുടെയും രണ്ടാനച്ഛന്റെയും നീക്കം പൊലീസ് തടഞ്ഞു. അമ്മയും രണ്ടാനച്ഛനെയും വരനെയും പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ഏനാത്ത് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കന്നിമലയിലാണ് സംഭവം.
അടൂരിന് സമീപത്തുള്ള ഒരു സ്‌കൂളില്‍ പ്ലസ് വണ്ണിന് പഠിക്കുന്ന പെണ്‍കുട്ടിയുടെ വിവാഹമാണ് തിങ്കളാഴ്ച ഗുരുവായൂരില്‍ വെച്ച് നടത്താനിരുന്നത്. ഇളമണ്ണൂര്‍ പൂതങ്കര സ്വദേശിയായ മുപ്പതുകാരനുമായിട്ടായിരുന്നു വിവാഹം ഉറപ്പിച്ചിരുന്നത്. ഗുരുവായൂരിലേക്ക് പോകുന്നതിനായി ബസ് ബുക്ക് ചെയ്തിരുന്നതായും സദ്യയ്ക്ക് പണം അടച്ചതായും പൊലീസ് കണ്ടെത്തി. ശനിയാഴ്ച രാത്രി 12 മണിക്ക് ഏനാത്ത് എസ്‌ഐ ജി ഗോപകുമാറിന് വന്ന ഒരു ഫോണ്‍ സന്ദേശമാണ് വിവാഹത്തെക്കുറിച്ച് അറിയുവാന്‍ ഇടയാക്കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം ശരിയാണെന്ന് മനസ്സിലാക്കിയാണ് ഞായറാഴ്ച രാവിലെ മൂവരെയും അറസ്റ്റ് ചെയ്തത്.
ഗള്‍ഫിലായിരുന്ന പൂതങ്കര സ്വദേശിയായ വരന്‍ മാര്‍ച്ച് പത്തിനാണ് നാട്ടില്‍ വന്നത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ വിവാഹത്തിന് ക്ഷണപത്രിക പോലും അച്ചടിച്ചിരുന്നില്ല. അമ്മയുടെ ആദ്യ ഭര്‍ത്താവിലുള്ളതാണ് കുട്ടി. അദ്ദേഹം ഇവരെ ഉപേക്ഷിച്ച ശേഷമാണ് ഇവര്‍ രണ്ടാമത് വിവാഹം കഴിച്ചത്. പെണ്‍കുട്ടിയുടെ നിശ്ചയം ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് മണ്ണടിയില്‍ വച്ച് നടത്തിയതായും എസ്‌ഐ ജി ഗോപകുമാര്‍ പറഞ്ഞു.
ഇവിടെ നിന്ന് കല്യാണത്തിനായി ചെല്ലുന്നവര്‍ക്ക് താമസിക്കുന്നതിനായി മുറികള്‍ വരെ ഗുരുവായൂരില്‍ ബുക്ക് ചെയ്തിരുന്നു. ശൈശവ വിവാഹ നിരോധന നിയമപ്രകാരമാണ് രണ്ടാനച്ഛനെയും അമ്മയെയും വരനെയും അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ വനിതാ പൊലീസുകാരുടെ സുരക്ഷയില്‍ താമസിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha