സ്ഥിരം തൊഴില്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ തൊഴിലാളി സംഘടനകള്‍ തുടങ്ങിയ പണിമുടക്ക് പൂര്‍ണം; സംസ്ഥാനത്ത് ബന്ദിന്റെ പ്രതീതി, മുഖ്യമന്ത്രിയും മന്ത്രിമാരും ഓഫീസിലെത്തിയില്ല, സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങി, പൊലീസ് ആശുപത്രികളിലേക്ക് യാത്രാസൗകര്യം ഒരുക്കി

കേന്ദ്രസര്‍ക്കാര്‍ സ്ഥിരംതൊഴില്‍ ഇല്ലാതാക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂണിയന്‍ നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് പൂര്‍ണം. സംസ്ഥാനത്തെ വാണിജ്യ, വ്യവസായ, വ്യാപാര മേഖലകള്‍ സ്തംഭിച്ചു. എങ്ങും ബന്ദിന്റെ പ്രതീതിയാണുള്ളത്. തിരുവനന്തപുരം തമ്പാനൂരില്‍ ബി.എം.എസ് അനുകൂലികള്‍ നിരത്തിലിറങ്ങിയെങ്കിലും സമരാനുകൂലികളുടെ പ്രതിഷേധം കാരണം ഇവര്‍ മടങ്ങി. സമരക്കാര്‍ ചില ഓട്ടോകളുടെ കാറ്റഴിച്ചുവിട്ടു. കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നടത്തുന്നില്ല. പാരലല്‍ സര്‍വ്വീസുകളുള്ളത് ആശ്വാസമാണ്. അതേസമയം സ്വകാര്യവാഹനങ്ങളും ഇരുചക്രവാഹനങ്ങളും നിരത്തിലിറങ്ങിയിട്ടുണ്ട്.
സര്‍ക്കാര്‍ ആഫീസുകളിലും സ്വകാര്യസ്ഥാപനങ്ങളിലും ജീവനക്കാരുടെ ഹാജര്‍ നില കുറവാണ്. തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ മൂവായിരത്തോളം ജീവനക്കാരാണുള്ളത്. ഇതില്‍ എന്‍.ജി.ഒ സംഘിന്റെ 300 ജീവനക്കാര്‍ മാത്രമാണ് ഹാജരായത്. സ്വകാര്യ സ്ഥാപനങ്ങളില്‍ അന്‍പത് ശതമാനത്തിലധികം ജീവനക്കാരുമെത്തി. പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഓഫീസിലെത്തിയില്ല.
പി.എസ്.സി പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. തമ്പാനൂര്‍ റെയില്‍വേസ്റ്റേഷനിലും ബസ്റ്റാന്‍ഡിലും എത്തുന്ന യാത്രക്കാര്‍ക്ക് പൊലീസ് യാത്രാ സൗകര്യം ഒരുക്കിയിട്ടുണ്ട്. ആര്‍.സി.സി, മെഡിക്കല്‍കോളജ് എന്നിവിടങ്ങില്‍ പോകാനെത്തിയ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും പ്രത്യേകം യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ട്. കോട്ടയം, കോഴിക്കോട്, കളമശേരി മെഡിക്കല്‍ കോളജുകളിലേക്ക് പോകേണ്ടവര്‍ക്കും യാത്രസൗകര്യം പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. ഹോട്ടലുകള്‍ തുറക്കാത്തതിനാല്‍ ഭക്ഷണസാധനങ്ങള്‍ ലഭിക്കാതെ യാത്രക്കാര്‍ വലഞ്ഞു. തിരുവനന്തപുരം ചാല കമ്പോളം, പാളയം മാര്‍ക്കറ്റ്, കൊച്ചി മാര്‍ക്കറ്റ്, കോഴിക്കോട് മിഠായിത്തെരുവ് എന്നിവിടങ്ങള്‍ അടഞ്ഞുകിടന്നു.
തൊഴിലെടുക്കുന്ന എല്ലാവരും പ്രക്ഷോഭത്തിന്റെ ഭാഗമായെന്ന് സംഘടനാപ്രതിനിധികള്‍ അറിയിച്ചു. തിരുവനന്തപുരത്ത് വിവിധയിടങ്ങളില്‍ നിന്നെത്തിയ പ്രകടനക്കാര്‍ രാജഭവനിലേക്കും ഏജീസ് ഓഫീസിലേക്കും മാര്‍ച്ച് നടത്തി. ബാങ്ക്, ഇന്‍ഷുറന്‍സ്, ബിഎസ്എന്‍എല്‍, കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ സര്‍വീസ് ഉള്‍പ്പെടെ എല്ലാ ജീവനക്കാരും അധ്യാപകരും പണിമുടക്കിന്റെ ഭാഗമായി. പാല്‍, പത്രം, ആശുപത്രി, വിവാഹം, വിമാനത്താവളം എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എസ്ടിയു, എച്ച്എംഎസ്, യുടിയുസി, എച്ച്എംകെപി, കെടിയുസി, കെടിയുസിഎം, കെടിയുസിജെ, ഐഎന്‍എല്‍സി, സേവ, ടിയുസിഐ, എഐസിടിയു, എന്‍എല്‍ഒ, ഐടിയുസി സംഘടനകള്‍ ഒരുമിച്ചാണു പണിമുടക്ക് നടത്തുന്നത്.
പണിമുടക്കിയ തൊഴിലാളികള്‍ ജില്ലാകേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവിടങ്ങളിലേക്ക് മാര്‍ച്ച് നടത്തി.
https://www.facebook.com/Malayalivartha