ജയിലിനുള്ളിൽ അധികൃതരറിയാതെ തടവുകാർക്ക് ടെലിവിഷൻ; പഴയ മോഡല്‍ ടി.വി. സ്ഥാപിച്ചത് ലഹരിമരുന്നു കടത്താനോ ?...

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയിലധികൃതരറിയാതെ തടവുകാർ ജയിനുള്ളിൽ ടെലിവിഷന്‍ സ്ഥാപിച്ചതായി റിപ്പോർട്ടുകൾ. സെന്‍ട്രല്‍ ജയിലിലെ ഒന്നാം ബ്ലോക്കിലാണ് പഴയ മോഡല്‍ ടെലിവിഷന്‍ ഇത്തരത്തിൽ സ്ഥാപിച്ചത്. അതെ സമയം ടെലിവിഷൻ ജയിലിൽ സ്ഥാപിച്ചത് ചില ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണെന്നും റിപ്പോർട്ടുകളുണ്ട്.
നാലുദിവസം മുന്‍പാണ് പഴയ മോഡലിലുള്ള പുത്തന്‍ ടെലിവിഷന്‍ പ്രത്യേക രീതിയില്‍ പാക്ക് ചെയ്ത് ജയിലിനുള്ളിലെത്തിച്ചത്. ഗേറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആള്‍ പെട്ടി തുറന്നുനോക്കാതെ കടത്തിവിടുകയായിരുന്നു. തുടര്‍ന്ന് തടവുകാർ അന്നുതന്നെ ടെലിവിഷന്‍ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ ടെലിവിഷന്‍ സ്ഥാപിച്ചയുടന്‍ തന്നെ ജയില്‍സൂപ്രണ്ട് ടി.വി. പിടിച്ചെടുക്കുകയായിരുന്നു.
തടവുകാരുടെ വേതനത്തിലെ ഒരു ഭാഗം വീട്ടിലേക്ക് അയയ്ക്കുന്നുണ്ട്. അതില്‍നിന്നുള്ള പണം പുറത്തുനിന്നുള്ള ആരോ ശേഖരിച്ച് ടി.വി. വാങ്ങി നല്‍കുകയായിരുന്നു. ആയിരത്തഞ്ഞൂറോളം തടവുകാരുള്ള ജയിലില്‍ ക്യാന്റീനിലേക്കും ഗോഡൗണിലേക്കും മറ്റും ലോറിയില്‍ സാധനങ്ങള്‍ സ്ഥിരമായി കൊണ്ടുപോകാറുണ്ട്. ഈ ലോറിയിലാണ് ടി.വി. കടത്തിയതെന്നാണ് സംശയിക്കുന്നത്. ഒന്നാം ബ്ലോക്കില്‍ ഇരുനൂറോളം തടവുകാരാണുള്ളത്.
ഉച്ചയ്ക്ക് ഒന്നരമുതല്‍ രണ്ടരവരെയുള്ള സമയത്തായിരിക്കാം ടി.വി. കടത്തിയതെന്നാണ് സംശയിക്കുന്നത്. അതേസമയം ടി.വി.ക്കുള്ളില്‍ ലഹരിവസ്തുക്കള്‍ പോലുള്ള സാധനങ്ങളും കടത്തിയതായും ആരോപണമുണ്ട്. നിലവില്‍ മാര്‍ക്കറ്റിലുള്ള എല്‍.സി.ഡി., എല്‍.ഇ.ഡി. ടി.വി.കള്‍ക്കു പകരം വലിപ്പമുള്ള ടി.വി. വാങ്ങിയത് ഈ ഉദ്ദേശ്യത്തോടെയാണെന്നാണ് സംശയം. സംഭവത്തില്‍ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha