മധുവിന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി സെവാഗ്

അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് രംഗത്ത്. മധുവിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ മുസ്‌ളീങ്ങള്‍ മാത്രമാണെന്ന തരത്തില്‍ പേരുകള്‍ സൂചിപ്പിച്ചതാണ് സെവാഗിന് തലവേദനയായത്. ഇതില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് താരം പിന്നീട് ട്വീറ്റ് ചെയ്യുകയുണ്ടായി. തനിക്ക് ലഭിച്ച പേരുകള്‍ അപൂര്‍ണമായതുകൊണ്ടാണ് അത്തരത്തില്‍ ഒരബദ്ധം സംഭവിച്ചതെന്നായിരുന്നു സെവാഗിന്റെ വിശദീകരണം നല്‍കിയിരുന്നു.
താരം നേതൃത്വം നല്‍കുന്ന സെവാഗ് ഫൗണ്ടേഷന്‍ വഴി ഒരു ലക്ഷത്തി അമ്പതിനായിരം രൂപയുടെ ചെക്ക് മധുവിന്റെ അമ്മ മല്ലിയുടെ പേരില്‍ നല്‍കിയിരിക്കുകയാണ് താരം. മധുവിന്റെ മരണത്തില്‍ അഗാതമായ ദു:ഖം രേഖപ്പെടുത്തിയ കത്തും ചെക്കിനൊപ്പം അയച്ചിട്ടുണ്ട്.
ഈ മാസം 11ന് അട്ടപ്പാടിയില്‍ നടക്കുന്ന പൊതുപരിപാടിയില്‍ മധുവിന്റെ അമ്മയ്ക്ക് പ്രസ്തുത ചെക്ക് കൈമാറും. നേരത്തെ മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ സെവാഗ് നടത്തിയ പരാമര്‍ശം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
https://www.facebook.com/Malayalivartha