വയനാട്ടില്‍ മിച്ചഭൂമി സ്വകാര്യറിസോര്‍ട്ടിന് നല്‍കാന്‍ കൈക്കൂലി വാങ്ങിയ ഡെപ്യൂട്ടി കളക്ടറുടെ തൊപ്പി തെറിച്ചു; ഭൂമിയില്ലാതെ ആയിരങ്ങള്‍ അലയുമ്പോള്‍ നാലരയേക്കറാണ് പതിച്ച് കൊടുക്കാന്‍ ശ്രമിച്ചത്, ഏഷ്യാനെറ്റ് ഒളിക്യാമറയിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്ത് കൊണ്ടുവന്നത്

കയറിക്കിടക്കാന്‍ വീടോ, ഒരു സെന്റ് ഭൂമിയോ ഇല്ലാതെ ആയിരങ്ങള്‍ സംസ്ഥാനത്ത് കഴിയുമ്പോള്‍ വയനാട്ടില്‍ നാലരയേക്കര്‍ മിച്ചഭൂമി സ്വകാര്യറിസോര്‍ട്ടിന് പതിച്ച് നല്‍കാന്‍ കൈക്കൂലി വാങ്ങിയ ഡെപ്യൂട്ടി കളക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ഡെപ്യൂട്ടി കളക്ടര്‍ സോമനാഥനെ സസ്‌പെന്റ് ചെയ്യാന്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. റവന്യൂ വകുപ്പ് ഭരിക്കുന്ന സി.പി.ഐയുടെ ഇടുക്കിയിലെ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയും ഡെപ്യൂട്ടി കളക്ടറും റവന്യൂമന്ത്രിയുടെ ഓഫീസിലെ ചിലരും ചേര്‍ന്നാണ് തട്ടിപ്പിന് സഹായം വാഗ്ദാനം ചെയ്തതെന്ന് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് റവന്യൂമന്ത്രി സമഗ്ര അന്വേഷണം പ്രഖ്യാപിച്ചു. ഇത് അദ്ദേഹത്തിന്റെ ഓഫീസിന്റെ വീഴ്ച മറച്ചുവയ്ക്കാനാണെന്നും ആക്ഷേപം.
20 ഏക്കര്‍ മിച്ചഭൂമി റിസോര്‍ട്ടിനായി കിട്ടുമോ എന്ന് ചോദിച്ച് വേഷം മാറിയാണ് റിപ്പോര്‍ട്ടര്‍ ജെയിസന്‍ മണിയങ്ങാട് ബ്രോക്കര്‍മാരെ സമീപിച്ചത്. ബ്രോക്കര്‍മാര്‍ ഇടനിലക്കാരനായ കുഞ്ഞുമുഹമ്മദ് എന്നയാളുടെ അടുത്ത് ഏഷ്യാനെറ്റ് സംഘത്തെ എത്തിച്ചു. പടിഞ്ഞാറതുറ സ്വദേശിയായ കുഞ്ഞുമുഹമ്മദ് 20 ലക്ഷം രൂപ തന്നാല്‍ എല്ലാം ശരിയാക്കാമെന്നും മിച്ചഭൂമിക്ക് രേഖ ഉണ്ടാക്കിത്തരാമെന്നും അറിയിച്ചു. ഡെപ്യൂട്ടി കളക്ടര്‍ ടി. സോമനാഥിന് കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ വെച്ച് 10000 രൂപ അഡ്വാന്‍സും നല്‍കി. തുടര്‍ന്ന് സി.പി.ഐ ജില്ലാ സെക്രട്ടറിയെ കാണാന്‍ കുഞ്ഞുമുഹമ്മദ് ഇവരെ കൂട്ടിക്കൊണ്ട് പോയി. പ്രശ്‌നത്തില്‍ ഇടപെടാമെന്ന് ജില്ലാ സെക്രട്ടറി ഉറപ്പ് നല്‍കി. പണം നല്‍കിയെങ്കിലും ആദ്യം കാര്യം നടക്കട്ടെ ബാക്കി പിന്നീട് സംസാരിക്കാമെന്നും സെക്രട്ടറി ഉറപ്പും നല്‍കി.
മിച്ചഭൂമിയടക്കം ഏക്കറിന് 12,75,000 രൂപയ്ക്കായിരുന്നു കച്ചവടം. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഇ.ജെ.ബാബുവിനെയും സംഘം കണ്ടു. ഇടപാടുമായി മുന്നോട്ട് പോകാനും സഹായങ്ങള്‍ ചെയ്യാമെന്നും അദ്ദേഹവും ഉറപ്പു നല്‍കി. അവിടെ നിന്ന് ഡെപ്യൂട്ടി കളക്ടറെ കണ്ടു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം കുഞ്ഞുമുഹമമ്മദിനെയും കൂട്ടി തിരുവനന്തപുരം സി.പി.ഐ ആസ്ഥാനത്തെത്തി. അവിടെ നിന്ന് റവന്യൂമന്ത്രിയുടെ ഓഫീസിലേക്ക് പോകാനുള്ള പാസ് വാങ്ങി. മന്ത്രിയുടെ ഓഫീസിലെത്തി അപേക്ഷ നല്‍കി. മിച്ചഭൂമി പ്രശ്‌നമുള്ളതിനാല്‍ കരമടയ്ക്കാനുള്ള തടസ്സം നീക്കി കിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു മന്ത്രിക്ക് നിവേദനം നല്‍കിയത്.
https://www.facebook.com/Malayalivartha