പൊതുഭൂമി സ്വകാര്യവ്യക്തികള്‍ക്ക് തീറെഴുതുന്ന കാര്യത്തില്‍ 'എല്ലാം ശരിയാക്കി തരാം' എന്ന ഉറപ്പാണ് സിപിഐ ജില്ലാസെക്രട്ടറി നല്‍കുന്നതെന്ന് രമേശ് ചെന്നിത്തല

പൊതുഭൂമി സ്വകാര്യവ്യക്തികള്‍ക്ക് തീറെഴുതുന്ന കാര്യത്തില്‍ 'എല്ലാം ശരിയാക്കി തരാം' എന്ന ഉറപ്പാണ് സിപിഐ ജില്ലാസെക്രട്ടറി നല്‍കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വര്‍ധിച്ചുവരുന്ന ഭൂമികയ്യേറ്റുകളുടെ പശ്ചാത്തലത്തില്‍ ഇടത് സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയതായിരുന്നു ചെന്നിത്തല.
കുടില്‍ കെട്ടാന്‍ അപേക്ഷയുമായി എത്തുന്ന ഭൂരഹിതരോട് കൈമലര്‍ത്തി കാണിക്കുന്ന സര്‍ക്കാരാണ് മിന്നല്‍വേഗത്തില്‍ ഭൂമി എഴുതി നല്‍കാന്‍ മാഫിയക്ക് സഹായം നല്‍കുന്നതെന്നും പ്രതിപക്ഷ നേതാവ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. പൊന്തന്‍പുഴ വനം കേസില്‍ വനം വകുപ്പ് സ്വകാര്യ വ്യക്തികള്‍ക്ക് മുന്നില്‍ തോറ്റ് കൊടുത്ത സംഭവം നമ്മുടെ മുന്നിലുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
എല്ലാം ശരിയാക്കി തരാം എന്ന എല്‍ഡിഎഫ് മുദ്രാവാക്യം രണ്ട് വര്‍ഷത്തിന് ശേഷം ഇന്ന് ഏഷ്യാനെറ്റ് ന്യൂസില്‍ വീണ്ടും കേട്ടു. സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയാണ് ഈ മുദ്രാവാക്യം വീണ്ടും പറഞ്ഞത്. പൊതുഭൂമി സ്വകാര്യവ്യക്തികള്‍ക്ക് തീറെഴുതുന്ന കാര്യത്തില്‍ 'എല്ലാം ശരിയാക്കി തരാം' എന്ന ഉറപ്പാണ് സിപിഐ ജില്ലാ സെക്രട്ടറി നല്‍കുന്നത്.
ഭൂമാഫിയാ സംഘം ആണെന്ന് തെറ്റിദ്ധരിച്ച് മാധ്യമപ്രവര്‍ത്തകരോടാണ് അദ്ദേഹം ശരിയാക്കി തരാം എന്ന് പറയുന്നത്. താഴെ തട്ടിലെ ബ്രോക്കര്‍ മുതല്‍ എംഎന്‍ സ്മാരകത്തിലും റവന്യൂ മന്ത്രിയുടെ ഓഫീസിലും അടക്കം പൊതുഭൂമി തീറെഴുതുന്നവര്‍ക്ക് കണ്ണികളുണ്ട്. റവന്യു മന്ത്രിയുടെ ഓഫീസും ഈ സംഭവത്തില്‍ പ്രതിക്കൂട്ടിലാണ്.
പൊന്തന്‍പുഴ വനം കേസില്‍ വനം വകുപ്പ് സ്വകാര്യ വ്യക്തികള്‍ക്ക് മുന്നില്‍ തോറ്റ് കൊടുത്ത സംഭവം നമ്മുടെ മുന്നിലുണ്ട്. കേരളത്തിലെ വനവും പൊതുഭൂമിയും കായലും കയ്യേറുന്നവര്‍ക്ക് ഒത്താശ ചെയ്തുനല്‍കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. ഇടത് സര്‍ക്കാരിന്റെ മുഖംമൂടി അഴിഞ്ഞു വീണതോടെ കയ്യേറ്റക്കാരെ സഹായിക്കുന്ന വികൃത മുഖമാണ് തെളിഞ്ഞുവരുന്നത്.
ഈ വിഷയത്തില്‍ ഇനി അന്വേഷണമല്ല കുറ്റക്കാര്‍ക്കെതിരെ നടപടി ആണ് ആവശ്യം. സ്വന്തം ഓഫീസ് പ്രതിക്കൂട്ടിലായിട്ടും ഇതൊന്നും നിയന്ത്രിക്കാന്‍ കഴിവില്ലാത്ത മന്ത്രി ഇ ചന്ദ്രശേഖരന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. ഭൂമാഫിയയ്ക്ക് സഹായം ചെയ്തു നല്‍കുന്ന സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും കേരള ജനതയോട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാപ്പ് പറയുകയും ചെയ്യണം.
കുടില്‍ കെട്ടാന്‍ അപേക്ഷയുമായി എത്തുന്ന ഭൂരഹിതരോട് കൈമലര്‍ത്തി കാണിക്കുന്ന സര്‍ക്കാരാണ് മിന്നല്‍വേഗത്തില്‍ ഭൂമി എഴുതി നല്‍കാന്‍ മാഫിയക്ക് സഹായം നല്‍കുന്നത്. ഇതോടൊപ്പം കൂട്ടിവായിക്കേണ്ട മറ്റൊരു കാര്യവുമുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം നടന്ന 1477 ഭൂമി കൈയേറ്റങ്ങളില്‍ 605 എണ്ണം മാത്രമാണ് ഒഴിപ്പിക്കാന്‍ കഴിഞ്ഞത് എന്ന് നിയമസഭയില്‍ മന്ത്രി സമ്മതിച്ചിട്ടുണ്ട്
https://www.facebook.com/Malayalivartha