മൂന്നാര്‍ കൈയേറ്റ ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടപടികളൊന്നും കൂടാതെ കുടുങ്ങികിടന്നിട്ട് 11 മാസം ; ഫയല്‍ ഇപ്പോഴും വകുപ്പില്‍ തിരികെ ലഭിച്ചിട്ടില്ലെന്നു റവന്യൂ അണ്ടര്‍ സെക്രട്ടറി

മൂന്നാര്‍ കൈയേറ്റ സംഭവത്തിലെ സുപ്രധാനമായ ഒരു ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടപടികളൊന്നും കൂടാതെ കുടുങ്ങികിടന്നിട്ട് 11 മാസം. ഒരു പ്രദേശത്തെ ജനജീവിതത്തെ ബാധിക്കുന്ന മൂന്നാര്‍ കൈയേറ്റവുമായി ബന്ധപ്പെട്ട സുപ്രധാന റിപ്പോര്‍ട്ടാണ് ഇപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസില്‍ കുടുങ്ങിക്കിടക്കുന്നത്. അധികാര പരിധിയില്‍പ്പെടുന്ന സര്‍ക്കാര്‍ ഭൂപ്രദേശങ്ങളിലെ കൈയേറ്റങ്ങള്‍, കുടിയേറ്റങ്ങള്‍, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ചു ദേവികുളം സബ് കലക്‌ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് അത്.
മൂന്നാര്‍ കൈയേറ്റം വിവാദമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ മേയ് ഏഴിനു വിളിച്ചു ചേര്‍ത്ത യോഗത്തിലാണു ശ്രീറാം വെങ്കിട്ടരാമന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതേത്തുടര്‍ന്നു പൂഞ്ഞാര്‍ സ്വദേശി വിവരാവകാശ നിയമപ്രകാരം കഴിഞ്ഞ നവംബറില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍മുഖ്യമന്ത്രിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്നായിരുന്നു മറുപടി. തുടര്‍ന്നു, റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു വിവരാവകാശ കമ്മിഷണര്‍ക്ക് അപ്പീല്‍ നല്‍കിയപ്പോഴും ഇതേ മറുപടി തന്നെയാണു ലഭിച്ചിരിക്കുന്നത്.
ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരിശോധനയിലായതിനാല്‍ പകര്‍പ്പ് നല്‍കാന്‍ കഴിയില്ലെന്ന് അപേക്ഷകനെ അറിയിച്ചിരുന്നതാണെന്നും ഫയല്‍ ഇപ്പോഴും വകുപ്പില്‍ തിരികെ ലഭിച്ചിട്ടില്ലെന്നുമാണു റവന്യൂ അണ്ടര്‍ സെക്രട്ടറി വിവരാവകാശ കമ്മിഷനെ അറിയിച്ചിരിക്കുന്നത്.
ഒട്ടേറെ വിവാദങ്ങള്‍ നിറഞ്ഞ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് പൂഴ്‌ത്തിയതിനു പിന്നില്‍ ദുരൂഹതകളേറെയുണ്ടെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ദേവികുളം താലൂക്കിലെ കൈയേറ്റവും ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലുള്ള ഒഴിപ്പിക്കൽ വൻ വിവാദമായിരുന്നു.
https://www.facebook.com/Malayalivartha






















