പ്രണയ വിവാഹത്തെ തുടര്‍ന്ന് തട്ടിക്കൊണ്ട് പോകപ്പെട്ട യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കോട്ടയത്ത് നാളെ ഹര്‍ത്താല്‍

പ്രണയ വിവാഹത്തെ തുടര്‍ന്ന് തട്ടിക്കൊണ്ട് പോകപ്പെട്ട യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍. ബിജെപിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സംഭവമിങ്ങനെ..
നീനുവും കെവിനും തമ്മില്‍ മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. ഭാര്യ നീനുവിന്റേത് നല്ല ധനസ്ഥിതിയുള്ള കുടുംബമാണ്. മറ്റൊരു വിവാഹം നടത്താന്‍ ബന്ധുക്കള്‍ ഉറപ്പിച്ചതോടെ നീനു കെവിനൊപ്പം ഇറങ്ങിപ്പോന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഗാന്ധിനഗര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തി ഇവരുമായി സംസാരിച്ചിരുന്നു. പൊലീസിന്റെ നിര്‍ദേശപ്രകാരം നീനുവിനെ ഹാജരാക്കിയെങ്കിലും കെവിനൊപ്പം ജീവിക്കാനാണു താല്‍പര്യമെന്ന് അറിയിച്ചു. ഇതില്‍ പ്രകോപിതരായ ബന്ധുക്കള്‍ പെണ്‍കുട്ടിയെ പൊലീസിന്റെ മുന്നില്‍വച്ചു മര്‍ദിച്ചു വാഹനത്തില്‍ കയറ്റാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാര്‍ സംഘടിച്ചതോടെ പിന്‍വാങ്ങി.
ശനിയാഴ്ച രാവിലെയും ഇവരെത്തി നാട്ടുകാരെ ഭീഷണിപ്പെടുത്തി. ഇതിനിടെ, നീനുവിനെ അമ്മഞ്ചേരിയിലുള്ള ലേഡീസ് ഹോസ്റ്റലിലേക്കു കെവിന്‍ രഹസ്യമായി മാറ്റി. അമ്മാവന്റെ മകനായ അനീഷിനൊപ്പം മാന്നാനത്തെ വീട്ടിലാണു കെവിന്‍ കഴിഞ്ഞിരുന്നത്. ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെ മൂന്നു കാറുകളിലായി 10 പേര്‍ ആക്രമിക്കുകയായിരുന്നുവെന്ന് അനീഷ് പറയുന്നു. വീട്ടിലെ സാധനങ്ങളെല്ലാം അടിച്ചു തകര്‍ത്തശേഷം കാറില്‍ കയറ്റി കൊണ്ടുപോയി. കാറിലും മര്‍ദനം തുടര്‍ന്നു. അനീഷും കെവിനും വെവ്വേറെ കാറുകളിലായിരുന്നു.
സമീപമുള്ള വീട്ടുകാര്‍ ഉണര്‍ന്നെങ്കിലും ഗുണ്ടാസംഘം ആയുധങ്ങളുമായി ഭീഷണി മുഴക്കിയതിനാല്‍ പുറത്തിറങ്ങിയില്ല. ഇവരാണു മറ്റു നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചത്. പൊലീസ് ഫോണില്‍ ബന്ധപ്പെട്ടതോടെ അനീഷിനെ പത്തനാപുരത്തുനിന്നു തിരികെ സംക്രാന്തിയിലെത്തി റോഡില്‍ ഇറക്കിവിട്ടു. സാരമായി പരുക്കേറ്റ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കാഴ്ച വൈകല്യമുമുള്ള അനീഷിന്റെ കണ്ണിനു ഗുണ്ടാസംഘത്തിന്റെ മര്‍ദനത്തില്‍ വീണ്ടും പരുക്കേറ്റിട്ടുണ്ട്.
ക്രൂരമര്‍ദ്ദനത്തിന് ശേഷമാണ് കെവിനെ കൊലപ്പെടുത്തിയതെന്ന വിവരങ്ങളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. കണ്ണുകളില്‍ മാരക മുറിവേറ്റിട്ടുണ്ട്. കെവിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലാണ്. വെള്ളത്തില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് കെവിന്റെ മൃതദേഹം കണ്ടത്. കൊലപ്പെടുത്തിയ ശേഷം തോട്ടില്‍ ഉപേക്ഷിച്ചതാണെന്നാണ് സംശയം. തോട്ടില്‍ ചിലര്‍ ഇറങ്ങിയതിന്റെ പാടുകളുണ്ട്.
കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പന്ത്രണ്ട് പേര്‍ക്കും ഡിവൈഎഫ്‌ഐ ബന്ധമുണ്ട്. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനത്തിന്റെ ഉടമസ്ഥന്‍ ഇബ്രാഹിംകുട്ടിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ കയ്യില്‍ നിന്ന് വാഹനം വാങ്ങിക്കൊണ്ടുപോയ നിയാസ് തെന്‍മല യൂണിറ്റ് സെക്രട്ടറിയാണ്.
ഇന്ന് രാവിലെ പിടിയിലായ ഇശാലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ്. ഇടമണ്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നവരാണ് സംഘത്തിലെ എല്ലാവരുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇനി പിടിയിലാകാന്‍ ഉള്ളവര്‍ രണ്ട് സംഘങ്ങളായി രക്ഷപ്പെട്ടെന്നാണ് നിഗമനം. ഇവരെ പിടികൂടാന്‍ തമിഴ്‌നാട് പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha