വിദ്യാര്‍ത്ഥികളെ ഇനി വട്ടംചുറ്റിക്കാന്‍ സര്‍വകലാശാലകള്‍ക്കാവില്ല, നിലവിലെ യു.ജി.സിക്ക് പകരം ഉന്നത വിദ്യാഭ്യാസ കമ്മിഷന്‍ വരുന്നതോടെ, ഗുണനിലവാരം കൂട്ടാത്ത സര്‍വകലാശാലകള്‍ അടച്ചുപൂട്ടേണ്ടി വരും

പരീക്ഷ നടത്താതെയും ഫലം പ്രഖ്യാപിക്കാതെയും വിദ്യാര്‍ത്ഥികളെ അധികനാള്‍ വട്ടംചുറ്റിക്കാന്‍ ഇനി സര്‍വകലാശാലകള്‍ക്കാവില്ല. ദേശീയ തലത്തില്‍ നിലവിലെ യു.ജി.സിക്ക് പകരം ഉന്നത വിദ്യാഭ്യാസ കമ്മിഷന്‍ വരുന്നതോടെ, ഗുണനിലവാരം കൂട്ടാത്ത സര്‍വകലാശാലകള്‍ അടച്ചുപൂട്ടേണ്ടി വരും.
നിശ്ചിത സമയ പരിധിക്കകം ഗ്രേഡിംഗ് നേടാനായില്ലെങ്കില്‍ അദ്ധ്യാപകരുടെ ശമ്പളത്തിനും അടിസ്ഥാന വികസനത്തിനുമൊന്നും പണം കിട്ടില്ല. ഈ വിഹിതം മികച്ച സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് കിട്ടുമെന്നതിനാല്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മത്സരം മുറുകും. കണ്‍സള്‍ട്ടന്‍സി കരാര്‍, സാമൂഹ്യാഘാതപഠനം, പേറ്റന്റ് എന്നിവയിലൂടെ ചെലവിനുള്ള പണം കണ്ടെത്തുന്നത് ശ്രമകരമായതിനാല്‍ സര്‍വകലാശാലകളും കോളേജുകളും നിലവാരമുയര്‍ത്താന്‍ നിര്‍ബന്ധിതമാവും.
സര്‍വകലാശാലകള്‍ക്ക് ഇതുവരെ ധനസഹായം നല്‍കിയിരുന്നത് യു.ജി.സിയാണെങ്കില്‍, ഇനി മുതല്‍ അത് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം നേരിട്ടാവും. അക്കാഡമിക് ഭരണ നിര്‍വഹണമാവും കമ്മിഷന്റെ പ്രധാന ചുമതല.
പരീക്ഷാമൂല്യനിര്‍ണയം ജോലിയുടെ ഭാഗമാക്കിയതിനെതിരെ, ഉത്തരക്കടലാസുകള്‍ നോക്കാതെ പ്രതിഷേധിക്കുന്ന അദ്ധ്യാപകര്‍ക്കും കമ്മിഷന്റെ വരവ് തിരിച്ചടിയാവും. പരിശീലനത്തില്‍ പങ്കെടുത്ത് നിശ്ചിത ഗ്രേഡിംഗ് നേടിയില്ലെങ്കില്‍ ശമ്പളവും സ്ഥാനക്കയറ്റവും തുലാസിലാവും. യു.ജി.സിയുടേത് രഹസ്യ പരിശോധനയാണെങ്കില്‍, കമ്മിഷനില്‍ സുതാര്യമായ വെളിപ്പെടുത്തലാണ്. കമ്മിഷന്റെ മിന്നല്‍ പരിശോധനയുണ്ടാവും.
ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയര്‍ത്തുകയാണ് അടിസ്ഥാന ലക്ഷ്യം. കോഴ്‌സുകളുടെ ഫലപ്രാപ്തി, തൊഴില്‍ സാദ്ധ്യത, അക്കാഡമിക് പ്രകടനം എന്നിവ വിലയിരുത്തും. സര്‍വകലാശാലകള്‍ നിശ്ചിത സമയത്തിനകം അക്രഡിറ്റേഷന്‍ നേടണം. ഗുണനിലവാരമില്ലാത്തതും വ്യാജനും പൂട്ടാനും, കുറ്റക്കാര്‍ക്ക് പിഴയിടാനും കമ്മിഷന് അധികാരമുണ്ടാവും.
സര്‍ക്കാരെന്നോ സ്വാശ്രയമെന്നോ വ്യത്യാസമില്ലാതെ, നിലവാരമുള്ള സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര ഫണ്ട് ലഭിക്കും. ഗ്രേഡിംഗില്‍ പിന്നിലുള്ള സര്‍വകലാശാലകള്‍ക്ക് അവകാശം പോലെ കിട്ടിയിരുന്ന ഗ്രാന്റ് തടയപ്പെടും. നിലവാരം മെച്ചപ്പെടുത്തുന്നവയ്ക്ക് കൂടുതല്‍ പണം കിട്ടും.
44 കേന്ദ്ര സര്‍വകലാശാലകള്‍, 500 സംസ്ഥാന സര്‍വകലാശാലകള്‍, 200 കല്‍പ്പിത, സ്വകാര്യ സര്‍വകലാശാല, 40000 കോളേജുകള്‍ എന്നിവയുടെ മേല്‍നോട്ടം കമ്മിഷനായതിനാല്‍ ഏകീകൃത അക്കാഡമിക് കലണ്ടര്‍, സിലബസ് എന്നിവ എളുപ്പത്തില്‍ നടപ്പാക്കാം. നിലവിലെ ഗ്രാന്റിന് പകരം വായ്പാ സംവിധാനം വന്നേക്കും. തിരിച്ചടവിന് വഴി കണ്ടെത്തണം. ഉയര്‍ന്ന ഫീസുള്ള സ്വാശ്രയ കോഴ്‌സുകളും, നിലവിലെ ഫീസുകളില്‍ വര്‍ദ്ധനയും വേണ്ടി വരും.
https://www.facebook.com/Malayalivartha






















