വിവാദങ്ങള്‍ക്കിടയില്‍ അമ്മയുടെ തിരുവനന്തപുരത്തെ ഓഫീസും സ്ഥലവും വില്‍ക്കാന്‍ നീക്കം, കൊച്ചിയില്‍ ഭൂമി വാങ്ങി കെട്ടിടം പണിയണമെന്നാണ് ചിലരുടെ വാശി, ഇതിന് പിന്നില്‍ കോടികളുടെ കമ്മിഷന്‍ അടിച്ചെടുക്കാനാണെന്ന് ആക്ഷേപം

താരസംഘടനയായ അമ്മയില്‍ ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്ന് നാല് വനിതാ അംഗങ്ങള്‍ രാജിവച്ചതും അതിനേ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ ആളിപ്പടരുന്നതും മറയാക്കി ഭാരവാഹികളായ ചിലര്‍ റിയല്‍എസ്റ്റേറ്റ് കച്ചവടത്തിന് കരുക്കള്‍ നീക്കുന്നു. 1995ല്‍ സംഘടന രൂപീകരിച്ച ശേഷം തിരുവനന്തപുരം നഗരത്തില്‍ തൈക്കാട് പൊലീസ് ട്രെയിനിംഗ് ക്യാമ്പിന് സമീപം വാങ്ങിയ വസ്തുവും കെട്ടിടവും വില്‍ക്കാനും പകരം കൊച്ചി നഗരത്തില്‍ ഭൂമി വാങ്ങി കെട്ടിടം പണിയാനുമാണ് നീക്കം നടക്കുന്നത്. കൊച്ചിയിലും ആലുവായിലും മൂവാറ്റുപുഴയിലും പത്ത് വര്‍ഷത്തിലധികമായി റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന സ്വഭാവ, വില്ലന്‍ നടനാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. കൊലക്കേസ് പ്രതിയായിരുന്ന നടനെയാണ് വില്‍പ്പനയ്ക്കും പുതിയ ഭൂമി കണ്ടെത്തുന്നതിനും ഉള്ള ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.
കച്ചവടം നടത്തുന്നതിന് മുന്നോടിയായാണ് അടുത്തിടെ റിസോര്‍ട്ടിന്റെ പേരില്‍ നടന്ന വിവാദമായ കേസില്‍ ഉള്‍പ്പെട്ട നടനെ ഭാരവാഹിയാക്കിയത്. തിരുവനനന്തപുരത്തെ ഭൂമി വിറ്റാല്‍ കോടികള്‍ കിട്ടുമെന്ന് ഉറപ്പാണ്. അത് വിറ്റ് കമ്മീഷന്‍ കീശയിലാക്കാനാണ് ചിലരുടെ നീക്കം. ഇതിനെതിരെ തിരുവനന്തപുരത്തുള്ള ഒരു നടന്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഭൂമി വില്‍ക്കുന്നതും പുതിയ ഭൂമി വാങ്ങുന്നതും പങ്ക് വയ്ക്കുന്നതും സംബന്ധിച്ച് ഇവര്‍ ധാരണയിലെത്തിയിട്ടുണ്ട്. കൊച്ചിയില്‍ ഭൂമി വാങ്ങിയ ശേഷം പുതിയ കെട്ടിടം നിര്‍മിക്കുമ്പോഴും പണം കീശയില്‍ വീഴുമെന്നുറപ്പാണ്. ഇവന്റ്മാനേജ്‌മെന്റിന് നേതൃത്വം നല്‍കുന്ന നടനാണ് നിര്‍മാണത്തിന്റെ മേല്‍നോട്ടമെന്ന് അറിയുന്നു.
അമ്മ സ്‌റ്റേജ്‌ഷോയിലൂടെ സമാഹരിച്ച പണം അനധികൃതമായി സൂക്ഷിച്ചത് ഇന്‍കംടാസ്‌ക് അധികൃതര്‍ കണ്ടെത്തി പിഴ ചുമത്തിയിരുന്നു. ദിലീപിനെ പുറത്താക്കുന്നതിന് തൊട്ട് മുമ്പ് നടന്ന ജനറല്‍ബോഡി യോഗത്തിലെ പ്രധാന ചര്‍ച്ചയും ഇതായിരുന്നു. കൃത്യമായി നികുത്തി അടയ്ക്കാത്തതിനെ തുടര്‍ന്നാണ് സംഘടനയ്ക്ക് വലിയ തുക പിഴ അടയ്‌ക്കേണ്ടി വന്നത്. ചിലരുടെ നിരുത്തരവാദിത്തം കൊണ്ടാണ് ഇങ്ങിനെ സംഭവിച്ചത്. അവര്‍ക്കെതിരെ അന്വേഷണമോ നടപടിയോ ഉണ്ടായില്ല. മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ഞങ്ങളുടെ പണമല്ലേ, അത് ഞങ്ങള്‍ തന്നെ ഇടപെട്ട് പരിഹരിച്ചു എന്നാണ് പ്രസിഡന്റായിരുന്ന ഇന്നസെന്റ് പറഞ്ഞത്. ഭൂമി വില്‍പ്പനയുടെ കാര്യവും അത് പോലെ തന്നെയായിരിക്കുമെന്നാണ് അറിയുന്നത്. തിരുവനന്തപുരത്തെ ഓഫീസും ഭൂമിയും വില്‍ക്കാനുള്ള നീക്കം ഭൂരിപക്ഷം അംഗങ്ങളെയും അറിയിച്ചിട്ടില്ല.
അന്തരിച്ച നടന്‍മാരായ മുരളിയും വേണുനാഗവള്ളിയും ചേര്‍ന്നാണ് അമ്മ രൂപീകരിക്കാന്‍ തുടക്കംകുറിച്ചത്. മുരളിയാണ് അമ്മ എന്ന പേരിട്ടത്. എം.ജി സോമനായിരുന്നു ആദ്യത്തെ പ്രസിഡന്റ്. ടി.പി മാധവന്‍ സെക്രട്ടറിയും മമ്മൂട്ടിയും മോഹന്‍ലാലും വൈസ് പ്രസിഡന്റ്മാരായിരുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ചായിരുന്നു അന്ന് മലയാളസിനിമ നടന്നിരുന്നത്. എന്നാല്‍ പിന്നീട് ദിലീപ് താരമായതോടെയാണ് തിരുവനന്തപുരത്ത് നിന്നും പാലക്കാട്ട് നിന്നും സിനിമയെ കൊച്ചിയിലേക്ക് പറച്ചുനട്ടത്. അന്ന് മുതല്‍ ജനറല്‍ ബോഡി മീറ്റിംഗ് കൊച്ചിയിലെ ഏതെങ്കിലും സ്വകാര്യ ഹോട്ടലിലാണ് ചേരുന്നത്. അതിന് മാത്രം ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. ഇതേ തുടര്‍ന്ന് സ്വന്തം ഓഫീസും കെട്ടിടവും കൊച്ചിയില്‍ വേണമെന്ന് കൊച്ചിയില്‍ താമസിക്കുന്ന ചില താരങ്ങള്‍ ശക്തമായി ആവശ്യപ്പെടുന്നുണ്ട്. അതിന്റെ മറപിടിച്ചാണ് പുതിയ റിയല്‍എസ്റ്റേറ്റ് കച്ചവടത്തിന് നീക്കം നടത്തുന്നത്.
https://www.facebook.com/Malayalivartha






















