ചാനലുകള്‍ വിമന്‍ ഇന്‍ കളക്ടീവിനൊപ്പം, പ്രമുഖതാരങ്ങളെ അടക്കം ചാനല്‍ ചര്‍ച്ചകളില്‍ അധിക്ഷേപിക്കുന്നു, അതിനാല്‍ പ്രമോഷന്‍ പരിപാടികള്‍ പി.ആര്‍ ഏജന്‍സി വഴി നല്‍കാന്‍ തീരുമാനം

പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സംഘടനയ്‌ക്കെതിരെ മാധ്യമങ്ങള്‍ ശക്തമായ വിമര്‍ശനം നടത്തുമ്പോള്‍ താരങ്ങള്‍ പ്രമോഷന്‍ അടക്കമുള്ള പരിപാടികള്‍ക്ക് ചാനലുകളുമായി സഹകരിക്കേണ്ടെന്ന് അമ്മയില്‍ അനൗദ്യോഗിക തീരുമാനം. സംഘടനയിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് എങ്ങനെ ചോര്‍ന്നുകിട്ടുന്നെന്ന ആശങ്കയുണ്ട്.
കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കണമെന്ന നിര്‍ദ്ദേശം നടി ഊര്‍മിള ഉണ്ണി മുന്നോട്ട് വച്ചത് ചില താരങ്ങള്‍ ഫോണിലൂടെ കൊച്ചിയിലുള്ള ചില മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. ഇക്കാര്യം ഗണേഷ്‌കുമാറും മുകേഷും അടക്കമുള്ളവര്‍ പിന്നീടാണ് അറിഞ്ഞത്. എന്നാല്‍ ആരാണ് വാര്‍ത്ത ചോര്‍ത്തിയതെന്ന് വ്യക്തമല്ല. ഇത് കൂടി കണക്കിലെടുത്താണ് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
ദിലീപിനെ തിരിച്ചെടുക്കാന്‍ മുകേഷും ഗണേഷും ഇടവേളബാബുവും സിദ്ധിഖും അടക്കം നേരത്തെ തീരുമാനിച്ചിരുന്നതാണ്. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ഇക്കാര്യം അറിയിച്ചിരുന്നില്ലെന്ന് പി. ബാലചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നടന്‍മാര്‍ പരസ്യമാക്കിയിട്ടുണ്ട്. ഊര്‍മിള ഉണ്ണിവഴിയാണ് ഓപ്പറേഷന്‍ നടത്തിയത്. തിരിച്ചെടുത്തകാര്യം വിശദീകരിക്കാന്‍ മാധ്യമങ്ങളെ കാണേണ്ടെന്ന് ഗണേഷ് കുമാറും മുകേഷും വ്യക്തമാക്കി. എന്നാല്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് ശരിയായില്ലെന്ന് സംഘടനയ്ക്കുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന വാര്‍ഷിക ജനറല്‍ബോഡിക്ക് ശേഷം മുകേഷും ഗണേഷും മാധ്യമങ്ങളോട് കയര്‍ത്ത് സംസാരിച്ചത് വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് ചാനലുകളുമായി സഹകരിക്കേണ്ടതില്ലെന്ന് അനൗദ്യോഗികമായി തീരുമാനം എടുത്തു.
തുടര്‍ന്ന് ഓണസിനിമകളുടെ പ്രമോഷന് പല താരങ്ങളും ചാനലുകളുമായി സഹകരിച്ചില്ല. എന്നാല്‍ പൃഥ്വിരാജ് തന്റെ സിനിമയായ ആദം ജോണിന്റെ പ്രചരണത്തിന്റെ ഭാഗമായി എല്ലാ ചാനലുകള്‍ക്കും അഭിമുഖം നല്‍കി. ദിലീപിനെ തിരിച്ചെടുത്ത നടപടി വിവാദമായപ്പോള്‍ ചാനലുകള്‍ വിമന്‍ ഇന്‍ കളക്ടീവിനൊപ്പം മാത്രമാണ് നില്‍ക്കുന്നതെന്നും പ്രമുഖതാരങ്ങളെ അടക്കം ചാനല്‍ ചര്‍ച്ചകളില്‍ അധിക്ഷേപിക്കുന്നു എന്നുമാണ് അമ്മ നേതൃത്വത്തിന്റെ ആക്ഷേപം. തുടര്‍ന്നാണ് പ്രമേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ അതത് സിനിമകളുടെ പ്രൊഡക്ഷന്‍ കമ്പനിയുടെ പി.ആര്‍.ഒമാര്‍ ഷൂട്ട് ചെയ്ത് ചാനലുകള്‍ക്ക് നല്‍കിയാല്‍ മതിയെന്ന നിലപാട് അമ്മ അനൗദ്യോഗികമായി സ്വീകരിച്ചിരിക്കുന്നത്. സോഷ്യല്‍മീഡിയയും മറ്റും വ്യാപകമായി ഉപയോഗിക്കണമെന്നും പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha






















