രണ്ടു മാസത്തിനിടെ തലസ്ഥാനത്ത് പിടികൂടിയത് 27.70 കിലോ കഞ്ചാവും 10.28 കിലോ ഹാഷിഷ് ഓയിലും, 128 കേസ് രജിസ്റ്റര്‍ ചെയ്തു

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം കഞ്ചാവിന്റെയും ഹാഷിഷിന്റെയും ഹബ്ബായി മാറിയിരിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. രണ്ടു മാസത്തിനിടെ തലസ്ഥാനത്ത് പിടികൂടിയത് 27.70 കിലോ കഞ്ചാവും 10.28 കിലോ ഹാഷിഷ് ഓയിലും. ഇക്കാലയളവില്‍ 128 കേസാണ് രജിസ്റ്റര്‍ ചെയ്തത്. 17,25,892 രൂപ പിഴ ഈടാക്കി. മണ്ണന്തലയിലെ സ്വകാര്യ ഹോട്ടലിനു സമീപത്തുനിന്നാണ് ഒരു കോടി രൂപയോളം വിലമതിക്കുന്ന 10.28 കിലോ ഹാഷിഷ് ഓയില്‍ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റിലാവുകയും മൂന്നു വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.
534 ലഹരി ഗുളികകളും 2,337 കിലോ നിരോധിത പുകയില ഉത്പന്നങ്ങളും 22 കഞ്ചാവ് ചെടികളും 19 ലിറ്റര്‍ ചാരായവും 150 ലിറ്റര്‍ മദ്യവും 33.42 ലിറ്റര്‍ അനധികൃത മദ്യവും രണ്ടുമാസത്തിനിടെ പിടികൂടിയതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ജി. മുരളീധരന്‍ നായര്‍ പറഞ്ഞു. ലഹരി വസ്തുക്കള്‍ കടത്തുന്നതിന് ഉപയോഗിച്ച 26 വാഹനങ്ങള്‍ പിടിച്ചെടുത്തു. പുകയില ഉത്പന്നങ്ങളുടെ ഉപയോഗം, വിപണനം എന്നിവയുമായി ബന്ധപ്പെട്ട് 1,611 കേസും 76 അബ്കാരി കേസും രജിസ്റ്റര്‍ ചെയ്തു. വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഷാഡോ സംഘം സ്‌കൂള്‍, കോളജ് പരിസരത്ത് നിരീക്ഷണം നടത്തുന്നുണ്ട്. പരിശോധന വിപുലപ്പെടുത്തുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.
ജില്ലയിലെ മലയോരമേഖലയില്‍ വ്യാജചാരായം വാറ്റ് സജീവമാണ്. കഴിഞ്ഞ ആഴ്ച രണ്ട് എക്‌സൈസ് ഓഫീസര്‍മാരെ വ്യാജ ചാരായം കടത്തിയ സംഘം ആക്രമിച്ചിരുന്നു. ബൈക്കിലെത്തിയ സംഘം ഇവരെ ആക്രമിച്ച ശേഷം രക്ഷപെടുകയായിരുന്നു. ആര്യനാട്, കാട്ടാക്കട, നെടുമങ്ങാട്, നെയ്യാര്‍ഡാം, കള്ളിക്കാട് തുടങ്ങിയ മേഖലകളിലെല്ലാം വ്യാജചാരായം സുലഭമാണ്. അതിനൊപ്പം ആന്ധ്രയില്‍ നിന്ന് എത്തിക്കുന്ന കഞ്ചാവ് സ്‌കൂളുകളിലും കോളജുകളിലും മറ്റും വ്യാപകമായി വില്‍ക്കുന്ന സംഘങ്ങളും സജീവമാണ്.
https://www.facebook.com/Malayalivartha






















