ഇടതു മുന്നണിയെ നിർലോഭം സഹായിച്ച ഓർത്തഡോക്സ് സഭക്കെതിരെ അന്വേഷണം നടത്തുന്നതിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് അതൃപ്തി ; ലൈംഗികാരോപണത്തിന് വാർത്താപ്രാധാന്യം നേടിക്കൊടുത്ത വി.എസ് ലക്ഷ്യമിടുന്നത് പിണറായിയെ ; അന്വേഷണം നടത്താനുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ ചൂണ്ടികാണിച്ച് സംഭവത്തിൽ നിന്നും തടിയൂരാനൊരുങ്ങി സർക്കാർ

ഓർത്തഡോക്സ് സഭാ വൈദികർക്കെതിരെ വി എസ് അച്യുതാനന്ദൻ നൽകിയ പരാതി ക്രൈം ബ്രാഞ്ച് ഐ ജിക്ക് അന്വേഷണത്തിന് നൽകിയതിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് അതൃപ്തി. അന്വേഷണത്തിന്റെ വിശദാംശങ്ങളുമായി ഐ ജി മുഖ്യമന്ത്രിയുടെ സെക്രട്ടറി എം വി ജയരാജനെ കാണാൻ നിർദ്ദേശിച്ചു. ചെങ്ങന്നൂരിൽ ഇടതു മുന്നണിയെ നിർലോഭം സഹായിച്ച ഓർത്തഡോക്സ് സഭക്കെതിരെ അന്വേഷണം തുടങ്ങിയത് സർക്കാരിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. അതും ലൈംഗികാരോപണത്തിൽ.
ലൈംഗികാരോപണത്തിൽ പരാതിയില്ലെങ്കിൽ പോലും കേസെടുക്കണമെന്നാണ് നിയമം. എന്നാൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് പോലീസിന്റെ വാദം. അങ്ങനെയിരിക്കുമ്പോഴാണ് വി എസ് അച്യുതാനന്ദൻ രംഗപ്രവേശം നടത്തിയത്. ചെങ്ങന്നൂരിൽ പാർട്ടി തോറ്റ് പിണറായിയുടെ പ്രതാപം അവസാനിക്കണമെന്ന് ആഗ്രഹിച്ചിരുന്ന വി എസിന് തിരിച്ചടി നൽകിയതായിരുന്നു ചെങ്ങന്നൂരിലെ വലിയ വിജയം. ഓർത്തഡോക്സ് വിഭാഗമാണ് ഇതിന് പിന്നിലെന്ന് വി എസിന് അറിയാമായിരുന്നു. അന്നേ സഭക്ക് പണി കൊടുക്കണമെന്ന് വി എസ് തീരുമാനിച്ചിരുന്നതാണ്.
ഇരയായ സ്ത്രീ പരാതി നൽകിയില്ലെന്ന ന്യായം പറഞ്ഞാണ് പോലീസ് അന്വേഷണം നടത്താതിരുന്നത്. എന്നാൽ ഒരു കുറ്റകൃത്യം നടന്നതറിഞ്ഞാൽ നടപടി എടുക്കേണ്ടത് പോലീസിന്റെ കടമയാണ്. അവരുടെ ഭർത്താവ് സഭക്ക് നൽകിയ പരാതി മാത്രമാണ് നിലവിലുള്ളത്. അതിൽ പോലീസിന് കേസെടുക്കാനാവില്ല. അതുകൊണ്ടു തന്നെ അന്വേഷണത്തിന് സാധ്യതയില്ലെന്ന നിലപാടിൽ പോലീസ് ഉറച്ചു നിന്നു. പോലീസിന്റെ തീരുമാനത്തിന് പിന്നിൽ ഉന്നത രാഷ്ട്രീയ നേതൃത്വമാണെന്നും ആരോപണമുയർന്നിരുന്നു. സഭാ നേതൃത്വം ഇത് സംബന്ധിച്ച് അന്വേഷണം നടത്തുകയാണ്. എന്നാൽ പ്രതികളായ സഭാ നേതൃത്വം അന്വേഷിക്കുന്നത് തെറ്റാണെന്ന് വി എസിന്റെ കത്തിൽ പറയുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ അന്വേഷണം വേണമെന്നും വി എസ് ആവശ്യപ്പെട്ടു.
കേസ് അന്വേഷണം ആരു നടത്തണമെന്ന് ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടില്ല. അങ്ങനെ തീരുമാനമെടുക്കേണ്ട ഘട്ടമായിട്ടില്ലെന്ന ന്യായമാണ് ഉയർന്ന ക്രൈംബ്രാഞ്ച് നേതൃത്വത്തിൽ നിന്നും ലഭ്യമാകുന്നത്. ആരു അന്വേഷിക്കുമെന്ന കാര്യം ക്രൈം ബ്രാഞ്ച് ഡി ജി പി തീരുമാനിക്കാൻ സാധ്യതയില്ല.
അതേസമയം അന്വേഷണം നടത്താനുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ ചൂണ്ടികാണിച്ച് വി എസിന് കത്ത് നൽകിയാൽ മതിയെന്ന ആലോചനയും ഉന്നത പോലീസ് തലങ്ങളിലുണ്ട്. അച്ചുതാനന്ദനെ പോലൊരാൾ നൽകുന്ന പരാതി അവഗണിക്കാൻ കഴിയില്ല. അതു കൊണ്ടാണ് ക്രൈംബ്രാഞ്ചിന് നൽകിയതെന്ന വിശദീകരണം സംസ്ഥാന പോലീസ് മേധാവിക്ക് നൽകും.
https://www.facebook.com/Malayalivartha






















