ഓരോ കേസും വെവ്വേറെ വിചാരണ ചെയ്യണമെന്ന് ഏഴാം പ്രതി ധനലക്ഷ്മി ബാങ്ക് ഉദ്യോഗസ്ഥ ഹേമലതയും ഹേമലതയുടെ മകള്‍ ലക്ഷ്മി മോഹനും ആവശ്യപ്പെട്ടു

595 നിക്ഷേപകരില്‍ നിന്നായി കോടികള്‍ തട്ടിച്ചെടുത്ത ടോട്ടല്‍ ഫോര്‍ യു വഞ്ചനാക്കേസില്‍ പ്രതികള്‍ക്കെതിരെ ഒരുമിച്ച് കുറ്റം ചുമത്തിയാല്‍ എന്താണ് പ്രശ്‌നമെന്ന് തിരുവനന്തപുരം സെഷന്‍സ് കോടതി ചോദിച്ചു. വിചാരണ ശിക്ഷയില്‍ കലാശിച്ചാല്‍ പ്രതികള്‍ക്ക് അത് ഗുണകരമാവില്ലേയെന്നും അഡീ. സെഷന്‍സ് ജഡ്ജി റോയി വര്‍ഗ്ഗീസ് അഭിപ്രായപ്പെട്ടു. ഓരോ കേസും വെവ്വേറെ വിചാരണ ചെയ്യപ്പെട്ടാല്‍ പ്രതികള്‍ക്ക് ദോഷമല്ലേ സംഭവിക്കുകയുള്ളൂവെന്നും കോടതി ചോദിച്ചു. വഞ്ചനാക്കുറ്റവും ഗൂഡാലോചനക്കറ്റും തുടര്‍ച്ചയായി നടന്ന കുറ്റകൃത്യമല്ലേയെന്നും കോടതി ചോദിച്ചു. ഒന്നിച്ചു കുറ്റം ചുമത്തിയത് വഴി മജിസ്‌ട്രേട്ട് കോടതി രണ്ട് പേരോടും ഔദാര്യം കാട്ടുകയല്ലേ ചെയ്തതെന്നും കോടതി പരാമര്‍ശിച്ചു.
മൂന്ന് കേസുകളില്‍ മാത്രമാണ് പ്രതികള്‍ക്കെതിരെ സാക്ഷിമൊഴികള്‍ ഉള്ളതെങ്കില്‍ മറ്റ് എട്ട് കേസുകളില്‍ വിടുതല്‍ ഹര്‍ജികള്‍ മജിസ്‌ടേട്ട് കോടതിയില്‍ സമര്‍പ്പിച്ച് കുറ്റവിമുക്തരാകുന്നതിന് എന്ത് തടസ്സമാണുള്ളതെന്ന് സര്‍ക്കാരും വാദിച്ചു. 11 കേസുകളിലായി ശബരിനാഥ് അടക്കം 21 പ്രതികളുള്ള കേസിലെ ഏഴാം പ്രതി ധനലക്ഷ്മി ബാങ്ക് ഉദ്യോഗസ്ഥ ഹേമലത, ഹേമലതയുടെ മകളും എട്ടാം പ്രതിയുമായ ലക്ഷ്മി മോഹന്‍ എന്നിവര്‍ സമര്‍പ്പിച്ച ക്രിമിനല്‍ റിവിഷന്‍ ഹര്‍ജി പരിഗണിക്കവേയാണ് കോടതി പ്രതികളോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്. 11 കേസുകളില്‍ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഗൂഡാലോചന, വഞ്ചന, വ്യാജരേഖ ചമയക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയതിനെതിരെ ഹേമലതയും ലക്ഷ്മി മോഹനും ആണ് സെഷന്‍സ് കോടതിയെ സമീപിച്ചത്.
മജിസ്‌ട്രേട്ട് കോടതിയുടെ 11 കേസുകളിലെ കുറ്റം ചുമത്തല്‍ ഉത്തരവ് റദ്ദാക്കി തങ്ങള്‍ക്കെതിരായ മൂന്ന് സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ മാത്രം കുറ്റംചുമത്തി, ആ കേസുകളില്‍ മാത്രം വിചാരണ ചെയ്യണമെന്നാണ് രണ്ട് പ്രതികളുടെയും ആവശ്യം. തങ്ങള്‍ മൂന്ന് നിക്ഷേപകരെ മാത്രമേ ചേര്‍ത്തിട്ടുള്ളതായാണ് കേസെന്നും പ്രതികള്‍ കോടതിയില്‍ ബോധിപ്പിച്ചു. ഗൂഡാലോചനയില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും വാദിച്ചു. കേസില്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചതായും അറിയിച്ചു. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് ജൂലൈ 23 ന് മാറ്റി വെച്ചു.
https://www.facebook.com/Malayalivartha






















