അമ്മ വൈസ് പ്രസിഡന്റ് ഗണേഷ്‌കുമാറിനെതിരെ സംഘടനയില്‍ അഭിപ്രായഭിന്നത രൂക്ഷം, ഗണേഷ്‌കുമാര്‍ ഇടവേള ബാബുവിന് അയച്ച വാട്‌സാപ് ശബ്ദസന്ദേശം പുറത്തായി, സംഭവം അന്വേഷിക്കണമെന്ന് ഗണേഷ് മോഹന്‍ലാലിന് കത്ത് നല്‍കി

താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലും അഭിപ്രായഭിന്നത രൂക്ഷമാണെന്ന് തെളിവുകള്‍ പുറത്തായി. ഇപ്പോഴുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വൈസ് പ്രസിഡന്റ് ഗണേഷ്‌കുമാര്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് അയച്ച വാട്‌സാപ്പ് ശബ്ദസന്ദേശം പുറത്തായതോടെ ഗണേഷ് തന്നെ പരസ്യമായി രംഗത്തെത്തി. വ്യക്തിപരമായ അയച്ച സന്ദേശം എങ്ങനെ ചോര്‍ന്നെന്ന് അന്വേഷിക്കണമെന്ന് പ്രസിഡന്റ് മോഹന്‍ലാലിന് കത്തയച്ചെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു. വാട്‌സാപ്പ് സന്ദേശത്തിലുള്ള ശബ്ദം തന്റേതാണെന്നും ഗണേഷ് സ്ഥിരീകരിച്ചു. സിനിമയില്‍ അത്ര സജീവമല്ലാത്ത ഗണേഷ് അമ്മയിലെ കാര്യങ്ങളില്‍ അമിതമായി ഇടപെടുകയും മമ്മൂട്ടി അടക്കമുള്ളവര്‍ക്കെതിരെ പരസ്യമായി വിമര്‍ശനം നടത്തുകയും ചെയ്തിരുന്നു. അത് പലര്‍ക്കും ഇഷ്ടപ്പെട്ടിരുന്നില്ല.
ഇതേ തുടര്‍ന്ന് രാഷ്ട്രീയക്കാരും ജനപ്രതിനിധികളും അമ്മയുടെ ഭാരവാഹികളാകരുതെന്ന നിര്‍ദ്ദേശം ഈ കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് വച്ചിരുന്നു. എന്നാല്‍ ഗണേഷും മുകേഷും ചേര്‍ന്ന് ഇത് അട്ടിമറിച്ചു. അതോടെയാണ് ജഗദീഷും ഭാരവാഹിയാകാന്‍ തീരുമാനിച്ചത്. ദിലീപ് അറസ്റ്റിലായതോടെ എക്‌സിക്യൂട്ടീവ് ചേര്‍ന്നാണ് പുറത്താക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പൃഥ്വിരാജിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി മമ്മൂട്ടി പുറത്താക്കല്‍ നടപടി എടുക്കുകയായിരുന്നെന്ന് ഗണേഷ്‌കുമാര്‍ പരസ്യമായി ആരോപിച്ചിരുന്നു. ഗണേഷിന്റെ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്ന് പൃഥ്വിരാജും വ്യക്തമാക്കിയിരുന്നു. ഗണേഷിന്റെയും മുകേഷിന്റെയും നിലപാടുകളോട് യുവതാരങ്ങളില്‍ ഭൂരിപക്ഷം പേര്‍ക്കും യോജിപ്പില്ല. പലരും ജനറല്‍ബോഡിയില്‍ നിന്ന് മാറി നില്‍ക്കുന്നെന്ന് പ്രസിഡന്റ് മോഹന്‍ലാലിനെ പല അംഗങ്ങളും ധരിപ്പിച്ചിട്ടുണ്ട്.
നടി ആക്രമിച്ച സംഭവത്തില്‍ ദിലീപിനെതിരെ പൊതുസമൂഹത്തില്‍ നിന്നും അല്ലാതെയും വിമര്‍ശനങ്ങള്‍ ഉണ്ടായപ്പോള്‍ അമ്മ ഇടപെട്ടില്ലെന്ന് ആരോപിച്ച് ഗണേഷ് കുമാര്‍ പ്രസിഡന്റായിരുന്ന ഇന്നസെന്റിന് കത്ത് നല്‍കിയിരുന്നു. എന്നിട്ട് അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയും ചെയ്തിരുന്നു. ദിലീപിനെ പൊലീസ് ചോദ്യം ചെയ്ത ശേഷമുള്ള ജനറല്‍ബോഡി മീറ്റിംഗില്‍ മാധ്യമങ്ങളോട് ഗണേഷ്‌കുമാറും മുകേഷും മോശമായി പെരുമാറിയതും അമ്മയിലെ പലര്‍ക്കും ഇഷ്ടമായിരുന്നില്ല.
https://www.facebook.com/Malayalivartha






















