കുന്നിന് പുറത്തെ മാലിന്യക്കുന്ന്; പുലിവാല് പിടിച്ചു നഗര സഭ
200 കോടിയോളം മുടക്കി നടന്ന വിവാഹ ചടങ്ങുകള്‍ക്കു ശേഷം ബാക്കിയായത് മാലിന്യ മല. പ്രകൃതിക്കു ദോഷമായ പ്ലാസ്റ്റിക്കുകള്‍ ഉള്‍പ്പെടയുള്ള മാലിന്യം അവശേഷിച്ചത് പ്രകൃതി ദത്തമായ പതഞ്ജലി ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ബാബ രാംദേവ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്ത ആഡംബര കല്യാണത്തിനു ശേഷം. ഈ മാലിന്യം എങ്ങനെ നീക്കം ചെയ്യുമെന്ന ആശങ്കയിലാണ് നഗരസഭ.
അവശിഷ്ടങ്ങള്‍ നഗര സഭയ്ക്ക് തല വേദന ഉണ്ടാക്കിയിരിക്കുകയാണ്. ഒടുവില്‍ 20പേരുള്‍പ്പെടുന്ന സംഘത്തിന് വൃത്തിയാക്കല്‍ പണി കൊടുത്താണ് നഗരസഭ വിഷയത്തിന് പരിഹാരം കണ്ടത്. എന്നാല്‍ മാലിന്യ മല അവര്‍ക്കു മുന്നില്‍ വലിയൊരു ബാലികേറാ മലയായിരിക്കുകയാണ്. 40 ക്വിന്റലോളം മാലിന്യങ്ങളാണ് ഇവിടെ തള്ളപ്പെട്ടിരിക്കുന്നത്.
ഉത്തരാഖണ്ഡിലെ ഓലിയില്‍ നടന്നത് വ്യവസായ പ്രമുഖരും സഹോദരങ്ങളുമായ അജയ് ഗുപ്തയുടെയും അതുല്‍ ഗുപ്തയുടെയും മക്കളുടെ വിവാഹമായിരുന്നു. ജൂണ്‍ 18 മുതല്‍ 22 വരെ അജയ് ഗുപ്തയുടെ മകന് സൂര്യകാന്തിന്റെ വിവാഹവും 20 മുതല്‍ 22 വരെ അതുല്‍ ഗുപ്തയുടെ മകന് ശശാങ്കിന്റെ വിവാഹവും നടന്നു. മുഖ്യമന്ത്രി, ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ വന്‍ വിഐപികളാണ് വിവാഹത്തിന് എത്തിയത്. ഹെലികോപ്ടറില്‍ എത്തിച്ച വിഐപികള്‍ താമസിക്കുവാന്‍ മുന്തിയ ഹോട്ടലുകളാണ് ബുക്ക് ചെയ്തിരുന്നത്.
വിവാഹത്തിന് മുന്‍പ് തന്നെ പ്രകൃതിക്കു ഹാനികരമായ ആഘോഷമാണ് നടക്കാന്‍ പോകുന്നതെന്ന പരാതികളും ഉയര്‍ന്നിരുന്നു. സാമൂഹ്യ പ്രവര്‍ത്തകരുടെ പൊതു താല്പര്യ ഹര്‍ജി നിലനില്‍ക്കവെയാണ് ആഡംബര വിവാഹം അരങ്ങേറിയത്. പശുക്കള്‍ മേയുന്ന കുന്നിലാണ് പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യം കുന്നുക്കൂടിയിരിക്കുന്നത്. മാലിന്യ കൂമ്പാരത്തില്‍ സമീപവാസികള്‍ പൊറുതി മുട്ടിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha