ചരിത്ര നേട്ടം കുറിച്ച് ബാഹുബലി ഇനി ചന്ദ്രനിൽ

ബഹിരാകാശ ഗവേഷണ രംഗത്ത് രണ്ടര പതിറ്റാണ്ട് കൊണ്ട് മറ്റു രാജ്യങ്ങളുടെ അടുത്ത് സ്ഥാനം കിടപിടിക്കുന്ന തരത്തിൽ ഇന്ത്യയെ എത്തിക്കാൻ ഐ.എസ്.ആര്‍.ഒ.ക്ക് കഴിഞ്ഞിരുന്നു. ഇത്തരം ധൗത്യങ്ങൾക്ക് പ്രധാന പങ്ക് വഹിച്ചത് പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളുകളാണ്(പിഎസ്എൽവി). ചന്ദ്രയാനും മംഗൾയാനും അടക്കമുള്ള ചരിത്രനേട്ടങ്ങൾ കൈവരിച്ചതും പിഎസ്എൽവിയിലൂടെത്തന്നെ. 40 വിക്ഷേപണങ്ങളിൽ 38 എണ്ണവും ലക്ഷ്യത്തിൽ എത്തിച്ച പടക്കുതിര.
ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേക്ഷണപേടകമായ 'ചന്ദ്രയാന്‍-2' തിങ്കളാഴ്ച വിക്ഷേപിക്കാനൊരുങ്ങുകയാണ് ഐ.എസ്.ആര്‍.ഒ.. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്നു പുലര്‍ച്ചെ 2.51-നാണ് വിക്ഷേപണം. ദൗത്യത്തിന്റെ അവസാനഘട്ടജോലികള്‍ പൂര്‍ത്തീകരിക്കുകയാണെന്ന് ഐ.എസ്.ആര്‍.ഒ. (ഇന്ത്യന്‍ ബഹിരാകാശഗവേഷണ സംഘടന) വൃത്തങ്ങള്‍ അറിയിച്ചു.
'ബാഹുബലി' എന്നു വിളിപ്പേരുള്ള 'ജി.എസ്.എല്‍.വി. മാര്‍ക്ക്-3' റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. അതിശക്തമായ വിക്ഷേപണവാഹനം എന്നനിലയില്‍ തെലുങ്ക് മാധ്യമങ്ങളാണ് ഈ റോക്കറ്റിന് 'ബാഹുബലി' എന്ന വിശേഷണം നല്‍കിയത്. ജി.എസ്.എല്‍.വി. ശ്രേണിയില്‍ നൂതനസാങ്കേതികത ഉപയോഗിച്ച് വികസിപ്പിച്ച റോക്കറ്റാണിത്. ദൗത്യത്തിനായി ഇത് 3.84 ലക്ഷം കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും.
ചന്ദ്രയാന്‍-2 ദൗത്യത്തിന് ആയിരം കോടിയോളം രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. വിക്ഷേപണത്തിനുമാത്രം 200 കോടി രൂപയോളംവരും. ചന്ദ്രനെ വലംവെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്‍ഡര്‍, ചാന്ദ്രപ്രതലത്തില്‍ സഞ്ചരിച്ച് പര്യവേക്ഷണം നടത്തുന്ന റോവര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ചന്ദ്രയാന്‍-2 പേടകം. ഐ.എസ്.ആര്‍.ഒ.യുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ ദൗത്യമായാണ് ചന്ദ്രയാന്‍-2 വിക്ഷേപണം അറിയപ്പെടുന്നത്. 3.8 ടണ്ണാണ് പേടകത്തിന്റെ ഭാരം. ദൗത്യം വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പര്യവേക്ഷണപേടകമിറക്കുന്ന ആദ്യരാജ്യമാകും ഇന്ത്യ.
ചന്ദ്രനില്‍ ജലത്തിന്റെയും ടൈറ്റാനിയം, കാല്‍സ്യം, മഗ്‌നീഷ്യം, അലുമിനിയം, ഇരുമ്ബ് എന്നീ ലോഹങ്ങളുടെയും സാന്നിധ്യം ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ കണ്ടെത്തിയത് ചന്ദ്രയാന്‍-1 ദൗത്യത്തിലൂടെയായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ചന്ദ്രയാന്‍-2. 2008 ഒക്ടോബര്‍ 22-നാണ് 'ചന്ദ്രയാന്‍-1' പേടകം വിക്ഷേപിച്ചത്.
https://www.facebook.com/Malayalivartha


























