കശ്മീരില്‍ 10,000 അര്‍ധസൈനികരെ വിന്യസിച്ചതെന്തിനെന്ന് വെളിപ്പെടുത്തി മന്ത്രാലയം

ജമ്മു കശ്മീരില്‍ പതിനായിരം അര്‍ധസൈനികരെ അധികം വിന്യസിച്ചത് വലിയ വാര്‍ത്തയായിരുന്നു എന്നാലിതാ എന്തുകൊണ്ടാണ് സൈനിക വിന്യാസം നടത്തിയത് എന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കശ്മീരില്‍ ഭീകരാക്രമണ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണെന്ന് ഇതെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കുന്ന വിവരം.
അധിക സൈനിക വിന്യാസത്തില്‍ വിമര്‍ശനമുയരുന്നു എന്നു മനസിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ വിശദീകരണം. ജമ്മു താഴ്‌വരയില്‍ പാക് തീവ്രവാദ സംഘടനകള്‍ ഭീകരാക്രമണം നടത്തുമെന്ന് രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തില്‍ ശ്രീനഗറില്‍ ഉന്നതതല യോഗം ചേര്‍ന്ന് സേനാ വിന്യാസം കൂട്ടിയതെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വിശദീകരിക്കുന്നു.
അര്‍ധ സൈനികരുടെ നൂറ് ട്രൂപ്പുകളെയാണ് താഴ്‌വരയില്‍ വിന്യസിച്ചിരിക്കുന്നത്. പതിനായിരം അര്‍ധസൈനികര്‍ അധികം. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 35എ വകുപ്പ് എടുത്തുകളയുന്നതിന് മുന്നോടിയായാണ് സേനാവിന്യാസം കൂട്ടിയതെന്ന വിമര്‍ശനവുമായി മെഹബൂബ മുഫ്തി ഇന്നും രംഗത്തുവന്നു. അര്‍ധ സൈനിക വിന്യാസത്തിന് പിന്നാലെ ബാരാമുള്ളയിലെ നാലിടങ്ങളില്‍ എന്‍.ഐ.എ റെയ്ഡും നടന്നു. തീവ്രവാദികള്‍ക്ക് സഹായം നല്‍കിയെന്ന് സംശയിക്കുന്നവരുടെ വീടുകളിലായിരുന്നു പരിശോധന.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ രണ്ടു ദിവസത്തെ കശ്മീര്‍ സന്ദര്‍ശനത്തിനു ശേഷം മടങ്ങിയതിനു പിന്നാലെയാണ് കൂടുതല്‍ സൈന്യത്തെ വിന്യസിക്കാനുള്ള തീരുമാനം കേന്ദ്രത്തില്‍ നിന്ന് ഉണ്ടാകുന്നത്. രാഷ്ട്രപതി ഭരണം തുടരുന്ന കശ്മീരിലെ ക്രമസമാധാന സാഹചര്യം സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ഡോവല്‍ ചര്‍ച്ച നടത്തിയിരുന്നു.
വടക്കന്‍ കശ്മീരില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതായി ജമ്മു ഡിജിപി ദില്‍ബാഗ് സിങ് അറിയിച്ചു. സൈനികരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലനിന്ന് വിമാനത്തില്‍ ജമ്മു കശ്മീരിലെത്തിക്കുമെന്നാണു റിപ്പോര്‍ട്ട്. അടുത്തിടെ അമര്‍നാഥ് തീര്‍ഥയാത്രയ്ക്കു സുരക്ഷ ഒരുക്കുന്നതിനായി 40,000 അര്‍ധസൈനികരെ കൂടുതലായി നിയോഗിച്ചിരുന്നു. ഫെബ്രുവരിയിലും 10,000 അര്‍ധസൈനികരെ കശ്മീരില്‍ നിയോഗിച്ചിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിനു വേണ്ടിയാണിതെന്നാണു കേന്ദ്രം അറിയിച്ചിരുന്നത്. ജമാത്ത് ഇസ്ലാമി നിരോധിച്ച് അതിന്റെ നേതാക്കള്‍ക്കെതിരെ കടുത്ത നടപടിയെടുത്തതിനു പിന്നാലെയായിരുന്നു ഇത്. കൂടുതല്‍ സേനയെ എത്തിക്കുന്നതിനു പിന്നില്‍ മറ്റ് ഉദ്ദേശ്യങ്ങളുണ്ടെന്നുള്ള ആരോപണം വെറും ഊഹാപോഹം മാത്രമാണെന്നും ഡിജിപി പറഞ്ഞു.
"
https://www.facebook.com/Malayalivartha
























