അവസാന നിമിഷം പൈലറ്റ് പറക്കല്‍ റദ്ദാക്കി; വലിയ ശബ്ദത്തോടെ വിമാനം നിന്നു!

150-ലേറെ യാത്രക്കാരുമായി പുറപ്പെടേണ്ടിയിരുന്ന ഇന്റിഗോ വിമാനം പറക്കലിന് നിമിഷങ്ങള്‍ക്കുമുമ്പ് പൈലറ്റിന്റെ നിര്‍ദ്ദേശ പ്രകാരം റദ്ദുചെയ്തു. ഭോപ്പാലിലെ രാജാ ഭോജ് വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേക്ക് പറക്കേണ്ടിയിരുന്ന വിമാനമാണ് അവസാനനിമിഷം റദ്ദ് ചെയ്തത്. എയര്‍ക്രാഫ്റ്റ് വീലിന് തകരാറുള്ളതായി പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടതാണ് വലിയ അപകടമൊഴിവാക്കിയത്.
വിമാനം പറക്കാന്‍ തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് പൈലറ്റ് പറക്കല്‍ അവസാനിപ്പിക്കുകയായിരുന്നു. അമിതവേഗതയില്‍ നീങ്ങുന്നതിനിടെ വലിയ ശബ്ദത്തോടെ വിമാനം പെട്ടന്ന് നില്‍ക്കുകയായിരുന്നു. ഇത് കണ്ട് ഭയന്നുപോയെന്ന് യാത്രക്കാര്‍ പറഞ്ഞു.
വിമാനത്തില്‍ 155 യാത്രക്കാരാണ് ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് ഇന്റിഗോ ഭോപ്പാല്‍ സ്റ്റേഷന്‍ മാനേജര്‍ പറഞ്ഞു. തകരാറുകള്‍ പരിഹരിച്ചതിനുശേഷം അതേ വിമാനം മുംബൈയിലേക്ക് പറന്നു.
https://www.facebook.com/Malayalivartha

























