ഭാര്യയെ ഉപേക്ഷിച്ച ശേഷം രാജു മാന്യനായി... മുത്തലാഖ് ബില്ലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര:- ട്വീറ്റ് വൈറലായതോടെ കുനാല്‍ കമ്രയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി ബിജെപി പ്രവർത്തകർ രംഗത്ത്

മുത്തലാഖ് ബില്ലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. സ്ത്രീ ശാക്തീകരണത്തിന്റെ മുന്നോട്ടുള്ള പടിയായി വാദിച്ച് മോദി ട്വീറ്റ് ചെയ്തതോടെയാണ് പരിഹാസവുമായി രംഗത്തെത്തിയത്. ഭാര്യയെ ഉപേക്ഷിച്ചശേഷം രാജു മാന്യനായി എന്ന് പറഞ്ഞാണ് കുനാല്‍ കമ്ര മോദിയുടെ പോസ്റ്റ് ഷെയര്‍ ചെയ്ത് കൊണ്ട് ട്വീറ്റ് ചെയ്തത്. ‘പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബില്‍ പാസാക്കുന്നതിന് പിന്തുണച്ച എല്ലാ എം.പിമാര്‍ക്കും കക്ഷികള്‍ക്കും നന്ദി അറിയിക്കുകയാണ്. ഇത്തരമൊരു നീക്കം ഇന്ത്യന്‍ ചരിത്രത്തില്‍ എല്ലായ്‌പ്പോഴും ഓര്‍മിക്കപ്പെടും. പ്രാചീനമായ ഒരു ആചാരം ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ എത്തിച്ചിരിക്കുന്നു. മുസ്‌ലിം വനിതകളോടു ചെയ്തിരുന്ന ചരിത്രപരമായ ഒരു തെറ്റാണ് പാര്‍ലമെന്റ് തിരുത്തിയത്. ലിംഗനീതിയുടെ വിജയമാണിത്. ഇന്ത്യയ്ക്ക് ആനന്ദത്തിന്റെ ദിവസമാണിത്. ‘ ഇതായിരുന്നു മോദിയുടെ ട്വീറ്റ്.
മുന്‍പ് ദഗുജറാത്തിലെ യശോദ ബെന്‍ എന്ന യുവതിയെ മോഡി വിവാഹം ചെയ്തിരുന്നു. ശേഷം ആ ബന്ധം ഉപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ മോഡി ഉപേക്ഷിച്ചിട്ടും ഭാര്യ പട്ടത്തില്‍ തന്നെ വിശ്വസിച്ച് ജീവിക്കുകയാണ് യശോദ ബെന്‍. ഇതിനെ അടിസ്ഥാനമാക്കിയായിരുന്നു താരത്തിന്റെ പരിഹാസം. മുത്തലാഖ് ചൊല്ലുന്ന ഭര്‍ത്താക്കന്മാര്‍ക്ക് മൂന്നുവര്‍ഷത്തെ തടവുശിക്ഷ നല്‍കാനുള്ള നിയമം രൂപീകൃതമാകുന്ന തരത്തിലാണ് ബില്‍ പാസാക്കിയത്. കുനാല്‍ കമ്രയുടെ ഈ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വെെറൽ ആയി മാറിയിരിക്കുകയാണ്. അതേ സമയം കുനാല്‍ കമ്രയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി ട്വിറ്ററിൽ ബിജെപി പ്രവർത്തകർ രംഗത്ത് എത്തിയിട്ടുണ്ട്.
ഇന്നലെയാണ് രാജ്യസഭ ബിൽ പാസ്സാക്കിയത്. ബിൽ കൂടുതൽ സൂക്ഷ്മ നിരീക്ഷണത്തിനായി സെലക്ട് കമ്മിറ്റിക്കു വിടണമെന്നത് അടക്കമുള്ള പ്രതിപക്ഷത്തിൻറെ ആവശ്യങ്ങൾ സഭ വോട്ടിനിട്ട് തള്ളുകയാണ് ചെയ്തത്. 84 നെതിരെ 99 വോട്ടുകൾക്കാണ് ബിൽ രാജ്യസഭ പാസ്സാക്കിയത്. എൻഡിഎ ഘടകകക്ഷികളായ ജെഡിയു, എഐഎഡിഎംകെ കക്ഷികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ബില്ലിനെ എതിർക്കുന്നതായി സഭയിൽനിന്ന് ഇറങ്ങിപ്പോകുന്നതിനു മുൻപായി ജെഡിയു എംപി ബസിഷ്ട നരെയ്ൻ സിങ് പറഞ്ഞു. ടിആർഎസ്, ടിഡിപി കക്ഷികളും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. 121 വേണ്ടിടത്ത് 92 ആയി ഭൂരിപക്ഷം കുറച്ചുകൊണ്ടുവന്നതിനെ തുടർന്നാണ് ബിൽ പാസ്സാക്കിയത്.
നേരത്തെ, സുപ്രീം കോടതിയും മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് നിരോധിച്ചിരുന്നു. ആറുമാസത്തിനുള്ളില്‍ നിയമനിര്‍മ്മാണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. അതേസമയം, ആള്‍ ഇന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് മുത്താലഖിന് ഏര്‍പ്പെടുത്തുന്ന നിരോധനത്തെ എതിര്‍ത്തു. ഇത് മതപരമായ പ്രശ്നമാണെന്നും കോടതി ഇടപെടേണ്ടതില്ലെന്നുമായിരുന്നു ബോര്‍ഡിന്റെ നിലപാട്. വാട്‌സ്‌ആപ്പിലൂടെയും സ്‌കൈപ് വഴിയും കത്ത് മുഖേനയുമെല്ലാം മുത്തലാഖ് ചൊല്ലുന്നത് വ്യാപകമായതോടെയാണ് മുത്തലാഖിനെതിരെ മുസ്ലിം സ്ത്രീകളില്‍ നിന്ന് തന്നെ പരാതി വ്യാപകമായത്. ഇതേതുടര്‍ന്ന് അവര്‍ തന്നെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
വിവാഹം, വിവാഹമോചനം തുടങ്ങിയ വ്യക്തിനിയമങ്ങളില്‍ രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും ഒരു നിയമം മതിയെന്നതാണ് ഏക സിവില്‍കോഡിന്റെ അടിസ്ഥാന ആശയം. ഇതിലേക്ക് കാര്യങ്ങള്‍ അടുപ്പിക്കാന്‍ മുത്തലാഖ് വിഷയം ഉപയോഗിക്കാന്‍ പരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നതിനിടെയാണ് സുപ്രീംകോടതി ഇടപെടല്‍ ഉണ്ടാകുന്നത്. മുത്തലാഖുമായി ബന്ധപ്പെട്ട വിധി മുസ്ലിം സമുദായത്തിന്റെ വിവാഹത്തെ പോലും ബാധിക്കും. അതുകൊണ്ട് തന്നെ അടിയന്തര നിയമനിര്‍മ്മാണം അനിവാര്യതയുമാണ്.ബീഹാറില്‍ നിതീഷ് കുമാറും തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയും ബിജെപി പക്ഷത്തേക്ക് കൂറുമാറിയതോടെ ബില്‍ എളുപ്പത്തില്‍ പാസാക്കിയെടുക്കാന്‍ സര്‍ക്കാറിന് സാധിച്ചു.
15 വര്‍ഷത്തെ വിവാഹ ബന്ധം ഭര്‍ത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി അവസാനിപ്പിച്ച ഉത്തര്‍പ്രദേശില്‍ നിന്നുള്ള സൈറ ബാനു, കത്തു വഴി മൊഴിചൊല്ലപ്പെട്ട അഫ്രീന്‍ റഹ്മാന്‍, മുദ്ര പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുല്‍ഷന്‍ പ്രവീണ്‍, ഫോണിലൂടെ മോഴി ചൊല്ലപ്പെട്ട ഇസ്രത് ജഹാന്‍, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയ സാബ്റി എന്നിവരുടെ ഹര്‍ജികള്‍ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചു പറ്റിയിരുന്നു. പല മുസ്ലിം വനിതാ സംഘടനകളും മുത്തലാഖിനെ എതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. തീര്‍ത്തും സ്ത്രീവിരുദ്ധമാണ് മുത്തലാഖ് എന്നതായിരുന്നു ഇതിന് നേരെ ഉയര്‍ന്ന പ്രധാനവിമര്‍ശനം. സ്വന്തം ഇഷ്ടപ്രകാരം ബന്ധം അവസാനിപ്പിക്കുന്ന പുരുഷന്‍ അനാഥയാക്കപ്പെട്ട ഭാര്യയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥനല്ലെന്നതും മുത്തലാഖിന്റെ ന്യൂനതയായി ചൂണ്ടിക്കാട്ടപ്പെട്ടു. ഒരു പുരുഷന് അയാളുടെ ഇഷ്ടപ്രകാരം എപ്പോള്‍ വേണമെങ്കിലും ആ ബന്ധം അവസാനിപ്പിച്ചു പുറത്തു പോകാന്‍ മുത്തലാഖ് അവസരമൊരുക്കുന്നതായും ബന്ധം തുടരാനുള്ള ഭാര്യയുടെ താത്പര്യം മുത്തലാഖ് കണക്കിലെടുക്കുന്നില്ലെന്നും വനിതാ സംഘടനകള്‍ വിമര്‍ശിച്ചു. ഇതിനെല്ലാം പരിഹാരമാകുന്ന സമഗ്ര നിയമമാണ് കേന്ദ്രം തയ്യാറാക്കിയത്.
https://www.facebook.com/Malayalivartha

























