എങ്ങും മോദി മയം; മഹാരാഷ്ട്രയില്‍ രാജിവെച്ച പ്രതിപക്ഷ എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

മഹാരാഷ്ട്രയില്‍ കഴിഞ്ഞദിവസം രാജിവെച്ച നാല് പ്രതിപക്ഷ എം. എല്‍. എമാര്‍കൂടെ ബി.ജെ.പിയില്‍ ചേര്‍ന്നു. എന്‍.സി.പി എം.എല്‍.എമാരായ ശിവേന്ദ്ര രാജെ ഭോസ്‌ലെ, വൈഭവ് പിച്ചഡ്, സന്ദീപ് നായിക്, കോണ്‍ഗ്രസ് എം.എല്‍.എ കാളിദാസ് കോളംബ്കര്‍ എന്നിവരും എന്‍.സി.പി.ഐയിലെ മുതിര്‍ന്ന നേതാവ് മധുകര്‍ പിച്ചഡ്, എന്‍.സി.പി മഹിളാ വിഭാഗം അധ്യക്ഷയായിരുന്ന ചിത്ര വാഗ് എന്നിവരുമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
നഗരത്തിലെ ഗര്‍വാരെ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. എന്‍. സി.പി യിലെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ഗണേഷ് നായികും 52 നവിമുംബൈ കോര്‍പ്പറേറ്റ് മാരും ഇന്ന് ബി.ജെ.പിയില്‍ ചേരുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും അവര്‍ എത്തിയില്ല. എന്നാല്‍ നായിക്കിന്റെ മകനാണ് എം.എല്‍.എ പദവി രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന സന്ദീപ് നായിക്. നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെ കരുത്തരായ നേതാക്കളുടെ കൂറുമാറ്റം എന്‍സിപിക്ക് കനത്ത തിരിച്ചടിയാകും.
കഴിഞ്ഞ ദിവസം ഗുജറാത്തിലെ കോണ്‍ഗ്രസ് മുന്‍ എം.എല്‍.എമാരായ അല്‍പേഷ് താക്കൂറും ധവാല്‍സിന്‍ സാലയും ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് നിയമസഭാഗംഗങ്ങള്‍ ആയിരുന്ന ഇവര്‍ കഴിഞ്ഞമാസം നടന്ന രാജ്യസഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് എതിരായി വോട്ട് ചെയ്ത ശേഷം കോണ്‍ഗ്രസ് വിട്ടിരുന്നു. ഗാന്ധിനഗറില്‍ സംസ്ഥാന പ്രസിഡന്റ് ജിതു വഗാനിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് ഇരുവരും ബി.ജെ.പിയില്‍ ചേര്‍ന്നത്. പട്ടേല്‍ വിഭാഗക്കാരുടെ സമരങ്ങള്‍ക്ക് ശേഷം ഓ.ബി.സിയില്‍പ്പെട്ട താക്കൂര്‍ വിഭാഗക്കാരുടെ നേതാവായാണ് അല്‍പേഷ് ഉയര്‍ന്നുവന്നത്. പിന്നീട് അദ്ദേഹം താക്കൂര്‍ സേന എന്ന പാര്‍ട്ടി രൂപവത്കരിക്കുകയും ചെയ്തിരുന്നു.
ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി അല്‍പേഷ് പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജി വെച്ചിരുന്നു. എം.എല്‍.എ സ്ഥാനത്ത് തുടര്‍ന്ന അദ്ദേഹം കഴിഞ്ഞ മാസം എം.എല്‍.എ സ്ഥാനവും രാജിവച്ചു. രാഹുല്‍ ഗാന്ധിയിലുള്ള വിശ്വാസമാണ് തന്നെ കോണ്‍ഗ്രസിലെത്തിച്ചതെന്നും എന്നാല്‍ അദ്ദേഹമിപ്പോള്‍ ഒന്നും ചെയ്യുന്നില്ലെന്നും അല്‍പേഷ് ആരോപിച്ചിരുന്നു.
മുതിര്‍ന്ന എന്‍.സി.പി നേതാവും മുന്‍ മന്ത്രിയുമായിരുന്ന ഗണേഷ് നായികും ബി.ജെ.പിയിലേക്ക് കളം മാറ്റി. കഴിഞ്ഞദിവസം കോണ്‍ഗ്രസ് എം.എല്‍.എ കാളിദാസ് കോലാംബ്കര്‍ പാര്‍ട്ടി വിട്ട് ശിവസേനയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് എന്‍.സി.പി നേതാവിന്റെ കൂറുമാറ്റം. നവി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ കോര്‍പ്പറേറ്റേര്‍സ് മേയറുടെ ബംഗ്ലാവില്‍ ചേര്‍ന്ന യോഗത്തില്‍ ഇവിടേക്ക് വികസനം കൊണ്ടുവരുന്നതിനായി ബി.ജെ.പിയില്‍ ചേരാന്‍ ഏകകണ്ഠമായി തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
പ്രദേശത്ത് വികസനം കൊണ്ട് വരണമെങ്കില്‍ ബി.ജെ.പിയില്‍ ചേരാമെന്ന തീരുമാനത്തോട് എല്ലാവരും യോചിച്ചിരുന്നു. എല്ലാവരും ചൊവ്വാഴ്ച്ച ബി.ജെ.പിയില്‍ ചേരുന്നതിനായി ഗണേഷ് നായികിനെ കാണും. മുംബൈയില്‍ നിന്നുള്ള എന്‍.സി.പി നേതാവ് വ്യക്തമാക്കി. നായിക്കിന്റെ ഇളയ മകന്‍ സന്ദീപ് എയ്റോളിയില്‍ നിന്നുള്ള എം.എല്‍.എയാണ്. സന്ദീപും സഹോദരനും താനെ മുന്‍ എം.പിയുമായ സഞ്ജീവ് നായിക്കും ബി.ജെ.പിയില്‍ ചേരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ തന്റെ കുടുംബം ബി.ജെ.പിയില്‍ ചേരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളികൊണ്ട് താന്‍ എന്‍.സി.പിയില്‍ തുടരണമെന്ന് സന്ദീപ് വ്യക്തമാക്കി.
അതേസമയം ബി.ജെ.പിയില്‍ ചേരുന്നതിനായി എന്‍.സി.പിയില്‍ നിന്നും പുറത്തുപോകാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന ധാരണ സൃഷ്ടിക്കാന്‍ നായികിന്റെ കുടുംബം ശ്രമിക്കുന്നുണ്ടെന്ന് എന്‍.സി.പി നേതാക്കള്‍ ആരോപിച്ചു. ‘മുന്‍പും എന്‍.സി.പിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ നായിക് ശ്രമിച്ചിരുന്നു. എന്നാല്‍ ശരത്പവാര്‍ അത് തടയുകയായിരുന്നു. ഇപ്പോള്‍ പാര്‍ട്ടിവിട്ടുപോകാന്‍ ഞങ്ങള്‍ നിര്‍ബന്ധിക്കുന്നുവെന്ന ധാരണ സൃഷ്ടിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്.’ എന്‍.സി.പി നേതാക്കള്‍ ആരോപിച്ചു.
നവി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നായിക് കുടുംബത്തിന് വലിയ സ്വാധീനമുള്ള പ്രദേശമാണ്. അതിനാല്‍ തന്നെ അവരുടെ ബി.ജെ.പിയിലേക്കുള്ള കൂറുമാറ്റം അര്‍ത്ഥമാക്കുന്നത് മുഴുവന്‍ പൗരസംഘടനകളും ബി.ജെ.പിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ വരാനുള്ള സാധ്യതകൂടിയാണ്.
https://www.facebook.com/Malayalivartha

























