കോണ്‍ഗ്രസിന് ഇനി ഭാവിയില്ല; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിംഗ് അംഗത്വം രാജിവെച്ച് ബി.ജെ.പിയിലേക്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിംഗ് അംഗത്വം രാജിവെച്ച് ബി.ജെ.പിയിലേക്ക്. കോണ്‍ഗ്രസും രാജ്യസഭാ ചെയര്‍മാനും അദ്ദേഹത്തിന്റെ രാജി അംഗീകരിച്ചു. കഴിഞ്ഞ ഒന്നര മാസത്തിനുള്ളില്‍ ബി.ജെ.പിയിലേക്ക് പ്രവേശിക്കുന്ന രാജ്യസഭയിലെ ഏഴാമത്തെ എം.പിയാകും സിംഗ്. നേരത്തെ തെലുങ്കുദേശം പാര്‍ട്ടിയുടെ നാല് എം.പിമാരും ഇന്ത്യന്‍ നാഷണല്‍ ലോക്ദളിന്റെയും സമാജ് വാദിപാര്‍ട്ടിയുടെ ഓരോ എം.പിമാരും ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.
‘കോണ്‍ഗ്രസ് ഇപ്പോഴും പഴയകാലത്ത് തന്നെ നില്‍ക്കുകയാണ്. ഭാവിയെക്കുറിച്ച് ബോധവാന്മാരല്ല. ഇപ്പോള്‍ രാജ്യം മോദിക്കൊപ്പമാണ്. രാജ്യം അദ്ദേഹത്തോടൊപ്പം നില്‍ക്കുമ്പോള്‍ ഞാനും അവരോടൊപ്പം ചേരുന്നു. ഞാന്‍ നാളെ ബി.ജെ.പിയില്‍ ചേരും. ഞാന്‍ പാര്‍ട്ടിയില്‍ നിന്നും രാജ്യസഭയില്‍ നിന്നും അംഗത്വം രാജിവെച്ചു എന്നും സഞ്ജയ് സിംഗ് വ്യക്തമാക്കി.
സഞ്ജയ് സിംഗ് വീണ്ടും കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 47 ആയി ചുരുങ്ങി. യു.പിയിലെ അമേഠിയിലെ രാജകുടുംബാംഗമായ സഞ്ജയ് സിംഗ് അമേഠിയില്‍ നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാതെ മണ്ഡലത്തില്‍ നിന്ന് വിജയിച്ച നേതാവാണ് സഞ്ജയ് സിംഗ്. യു.പിയില്‍ വിവിധ കോണ്‍ഗ്രസ് സര്‍ക്കാരുകളിലായി മൂന്ന് തവണ മന്ത്രിയായിട്ടുണ്ട്. 1991ല്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രിയായി പ്രവര്‍ത്തിച്ചു. രാജീവ് ഗാന്ധിയുടെ മരണത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ സതീഷ് ശര്‍മ്മയ്ക്ക് സീറ്റ് കൊടുത്തതില്‍ പ്രതിഷേധിച്ചാണ് സഞ്ജയ് സിംഗ് ആദ്യം കോണ്‍ഗ്രസ് വിട്ടത്. 1998ല്‍ ബി.ജെ.പി ടിക്കറ്റില്‍ അമേഠിയില്‍ നിന്ന് വിജയിച്ചു. 2003ല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ സഞ്ജയ് സിംഗിന് അസമില്‍ നിന്ന് രാജ്യസഭാ ടിക്കറ്റ് നല്‍കുകയായിരുന്നു.
അതേസമയം ബി.ജെ.പിയിലേക്ക് ചേക്കേറാന്‍ ശ്രമിക്കുന്നുവെന്ന അഭ്യൂഹം പടരുന്നതിനിടെ മഹാരാഷ്ട്രയില്‍ നാല് എന്‍.സി.പി, കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചു. 288 സീറ്റുകളില്‍ 220 ഉം നേടി അടുത്ത തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തുമെന്ന് ബി.ജെ.പി അവകാശപ്പെടുന്ന സാഹചര്യത്തിലാണ് രാജി.
നാലു പേരും ബുധനാഴ്ച തന്നെ ബി.ജെ.പിയില്‍ ചേരുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം അവശേഷിക്കവേയാണ് ഈ കൂടുവിട്ട് കൂടുമാറ്റം. എന്‍.സി.പിയുടെ ശിവേന്ദ്രസിംഹരാജെ ഭോസലെ (സതാരെ), വൈഭവ് പിചഡ് (അകോലെ), സന്ദീപ് നായിക് (ഐറോലി), കോണ്‍ഗ്രസിലെ കാളിദാസ് കൊലാംകര്‍ എന്നിവരാണ് സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ചത്.
മണ്ഡലത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതിലാണ് താന്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് ശിവേന്ദ്രസിംഹരാജെ ഭോസലെ പ്രതികരിച്ചു. സതാരെ എം.പിയും എന്‍സിപി നേതാവുമായ ഉദയന്‍രാജെ ഭോസലേയുടെ അടുത്ത ബന്ധു കൂടിയാണ് ഇദ്ദേഹം. എന്‍.സി.പി നേതാവും മുന്‍ മന്ത്രിയുമായ മധുകര്‍ പിചഡിന്റെ മകനാണ് വൈഭവ് പിചഡ്. മുംബൈയില്‍ നിന്നും ഏഴുതവണ നിയമസഭയിലെത്തിയ എം.എല്‍.എ ആണ് കൊലാംകര്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് രാഹുല്‍ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് കത്തില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസിനെ സേവിക്കുന്നത് തനിക്ക് അംഗീകാരമാണെന്നും രാജ്യത്തോടും തന്റെ പാര്‍ട്ടിയോടും കടപ്പെട്ടിരിക്കുന്നെന്നും രാഹുല്‍ കത്തില്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെ ഉടനെങ്ങും അധികാരത്തില്‍ തിരിച്ചുവരാന്‍ കഴിയില്ലെന്ന നിരാശയിലാണ് കോണ്‍ഗ്രസ് നേതൃത്വവും അണികളും. തുടര്‍ച്ചയായി രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിലും അമ്പേ പരാജയപ്പെടുകയും പ്രധാന പ്രതിപക്ഷ പദവി പോലും നഷ്ടപ്പെടുകയും ചെയ്ത കോണ്‍ഗ്രസിന് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധികൂടി പിന്മാറിയതോടെ ഇനി പ്രതീക്ഷയ്ക്ക് വകയില്ലെന്ന നിലയിലേക്കെത്തിയിരിക്കുകയാണ് നേതാക്കള്‍ പലരും.
https://www.facebook.com/Malayalivartha

























