സ്ത്രീ സുരക്ഷ തന്നെ പ്രധാനം; ഉന്നാവ് ബലാത്സംഗവുമായി ബന്ധപ്പെട്ട് ബിജെപി എംഎൽഎ കുല്‍ദീപ് സിങ് സേംഗറിനെ പാർട്ടിയിൽ നിന്നും പുറത്താക്കി; കുല്‍ദീപ് സിങ് സേംഗറിനെതീരെ വ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് നടപടി

ഉന്നാവ് ബലാത്സംഗവുമായി ബന്ധപ്പെട്ട് ബിജെപി എംഎൽഎ കുല്‍ദീപ് സിങ് സേംഗറിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. കുല്‍ദീപ് സിങ് സേംഗറിനെതീരെ വ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് നടപടി.
അതേസമയം കുല്‍ദീപ് സിങ് സേംഗര്‍ പ്രതിയായ ഉന്നാവ് ബലാത്സംഗവുമായി ബന്ധപ്പെട്ടുള്ള എല്ലാ കേസുകളും ഉത്തര്‍പ്രദേശിന് പുറത്തേക്ക് മാറ്റാന്‍ സുപ്രീംകോടതി തീരുമാനിച്ചു. കേസിന്റെ വിചാരണയടക്കം ഡല്‍ഹിയിലേക്ക് മാറ്റുമെന്നാണ് ചീഫ് ജസ്റ്റിസ് രഞജന്‍ ഗൊഗോയ് അറിയിച്ചിരിക്കുന്നത്. തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് പരാതിക്കാരിയായ പെണ്‍കുട്ടി അയച്ച കത്ത് പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്. കേസ് യുപിക്ക് പുറത്തേക്ക് മാറ്റണമെന്ന് ദീര്‍ഘനാളായി പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ട് വരികയായിരുന്നു.
ഇതിനിടെ ബലാത്സംഗ കേസില്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതി അറിയിക്കാന്‍ സിബിഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഉത്തരവാദിത്തപ്പെട്ട സിബിഐ ഉദ്യോഗസ്ഥന്‍ ഇന്ന് ഉച്ചക്ക് 12 മണിയോടെ ഹാജരാകണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ബലാത്സംഗവും പെണ്‍കുട്ടി അപകടത്തില്‍പ്പെട്ടതും സംബന്ധിച്ച് സിബിഐ ഡയറക്ടറോട് അന്വേഷിച്ചറിയാനും സോളിസിറ്റര്‍ ജനറലിനോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. വേണമെങ്കില്‍ ചേംബറില്‍ ഇതുസംബന്ധിച്ച് വാദം കേള്‍ക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി സിബിഐ ഉദ്യോഗസ്ഥര്‍ ലഖ്‌നൗവിലാണെന്നും ഇന്ന് 12 മണിക്ക് ഹാജരാകുക അപ്രയോഗികമാണെന്നും നാളെ ഹാജരകാമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത ചൂണ്ടിക്കാട്ടിയപ്പോള്‍ അതിന് സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. നാളേക്ക് മാറ്റിവെക്കാനാവില്ല 12 മണിക്ക് സിബിഐയുടെ ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ കോടതിയിലെത്തണമെന്ന് ചീഫ് ജസ്റ്റിസ് കർശനമായി ആവശ്യപ്പെടുകയായിരുന്നു.
അതേസമയം ഉന്നാവ് പീഡനക്കേസിൽ തങ്ങള്‍ക്കു ലഭിക്കേണ്ട നീതി യുപിയില്‍ തന്നെ നടപ്പാക്കണമെന്ന് പെൺകുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. നീതി സ്വന്തം നാട്ടിൽതന്നെ നടപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
സംസ്ഥാനത്തിനു പുറത്തുപോയി കേസ് നടത്താൻ പണമില്ല. ആശുപത്രിയിലുള്ള മകളെ കാണാൻ ഡോക്ടർമാർ അനുവദിക്കുന്നില്ലെന്നും പെണ്‍കുട്ടിയുടെ അമ്മ പരാതി ഉന്നയിക്കുന്നു. യുപി പൊലീസിൽ വിശ്വാസമില്ല. എന്നാല്‍ സിബിഐയിൽ പ്രതീക്ഷയുണ്ടെന്നും അവർ പറഞ്ഞു. കേസ് യുപിക്കു പുറത്തേക്കു മാറ്റണമെന്നാണു ബന്ധുക്കളുടെ നിലപാട്.
ബിജെപി എംഎല്‍എയും പ്രതിയുമായ കുല്‍ദീപ് സിങ് സെന്‍ഗറിന്‍റെ അനുയായികള്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുന്നതായും ജീവന്‍ അപകടത്തിലാണെന്നും അറിയിച്ച് ജൂലൈ 12നാണു പെണ്‍കുട്ടി ചീഫ് ജസ്റ്റിസിനു കത്തയച്ചത്. ഭീഷണിപ്പെടുത്തിയവരുടെ പേരുവിവരങ്ങളും ദൃശ്യങ്ങളും പെണ്‍കുട്ടി കോടതിക്കു നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഉന്നാവ് പെണ്‍കുട്ടി ചികിൽസയിലാണ്. രക്ത സമര്‍ദം ക്രമാതീതമായി താഴ്ന്ന് തന്നെ നില്‍ക്കുന്നു. എല്ലുകള്‍ ഒടിഞ്ഞ് നുറുങ്ങിയ അവസ്ഥയിലാണ്. ഇത് വരെ ബോധം തെളിഞ്ഞിട്ടില്ല. കൂടുതല്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി ദില്ലി എയിംസ് ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിനെക്കുറിച്ച് ഡോക്ടര്‍മാര്‍ ആദ്യം ആലോചിച്ചെങ്കിലും ആശുപത്രി മാറ്റം രോഗിയ്ക്ക് കൂടുതല്‍ പ്രശ്നമുണ്ടാക്കുമെന്നതിനാല്‍ തുടര്‍ നടപപടികള്‍ സ്വീകരിച്ചിട്ടില്ല. അപകടത്തിൽ ഇവരുടെ രണ്ട് അമ്മായിമാർ മരിച്ചു. അഭിഭാഷകനും പരുക്കേറ്റു.
അതേസമയം ഉന്നാവോ പെണ്‍കുട്ടിയെ ഇടിച്ച് കൊല്ലപ്പെടുത്താന്‍ ശ്രമിച്ച ട്രക്കിന്റെ ഉടമ ഉത്തര്‍പ്രദേശ് കൃഷിസഹമന്ത്രി രണ്‍വേന്ദ്ര പ്രതാപ്സിങ്ങിന്റെ മരുമകന്‍ അരുണ്‍ സിങ്ങ് ആണെന്ന് തെളിഞ്ഞു . മന്ത്രി രണ്‍വേന്ദ്ര സിങ്ങിന്റെ നാടായ ഫത്തേഹ്പൂരിലാണ് അപകടം ഉണ്ടാക്കിയ ട്രക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അരുണ്‍ സിങ്ങിനെ സിബിഐ ഉടന്‍ ചോദ്യം ചെയ്യും.
ട്രക്കിന്റെ ഉടമസ്ഥ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വരുന്നത്. ദേവേന്ദ്ര പാല്‍ എന്നയാളാണ് ട്രക്കിന്റെ ഉടമയെന്നായിരുന്നു അപകടം നടന്നയുടന്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ കണ്ടെത്തല്‍. ലോണ് നല്‍കിയവരെ കബളിപ്പിക്കാനാണ് ട്രക്കിന്റെ നമ്ബര്‍ പ്ലേറ്റ് മറച്ചതെന്ന് വിചിത്ര വിശദീകരണവും പോലീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം വ്യജമാണന്ന് തെളിയുകയാണ് സിബിഐ അന്വേഷണത്തില്‍.
https://www.facebook.com/Malayalivartha

























