ശശി തരൂരിന്റെ ഇംഗ്ലീഷ് ഭാഷാ പ്രയോഗത്തില്‍ വീണ്ടും കുഴങ്ങി സോഷ്യല്‍ മീഡിയ; വിമർശകർക്ക് ശരിയായ അര്‍ത്ഥം പറഞ്ഞുകൊടുത്ത് തരൂര്‍

ശശി തരൂരിന്റെ ഇംഗ്ലീഷ് ഭാഷാ പ്രയോഗത്തില്‍ വീണ്ടും കുഴങ്ങി സോഷ്യല്‍ മീഡിയ. തരൂര്‍ നടത്തിയ നിഷ്‌കളങ്കത നഷ്ടമായി (Loss of innocence) എന്ന പ്രയോഗമാണ് ഇപ്പോള്‍ ചര്‍ച്ചക്ക് കാരണമായത്. ഉത്തര്‍പ്രദേശിലെ ഉന്നാവിലെ പെണ്‍കുട്ടിയെ കുറിച്ച് തരൂര്‍ നടത്തിയ ട്വീറ്റിലായിരുന്നു സോഷ്യൽ മീഡിയ കുഴങ്ങിയത്. 'ഉന്നാവിന്റെ പുത്രിയുടെ ക്ഷേമത്തിനു വേണ്ടി സര്‍ക്കാര്‍ കുറച്ചുകൂടി കരുതല്‍ കാണിക്കണം. കഴിഞ്ഞ വര്‍ഷം അവള്‍ക്ക് നിഷ്‌കളങ്കത നഷ്ടമായി, മാതാപിതാക്കളെയും ബന്ധുക്കളെയും അഭിഭാഷകനെയും നഷ്ടമായി. ഇപ്പോള്‍ അവള്‍ സ്വന്തം ജീവനും അഭിമാനത്തിനും വേണ്ടി പോരാടുകയാണ്. സര്‍ക്കാറിന് കഴിയാവുന്ന ഏറ്റവും മികച്ച ചികിത്സയും പിന്തുണയും അവള്‍ അര്‍ഹിക്കുന്നുണ്ട്' എന്നതായിരുന്നു ട്വിറ്ററില്‍ കുറിച്ചത്.
ഇതില്‍ 'നിഷ്‌കളങ്കത നഷ്ടം' (Lost her innocence) എന്ന പ്രയോഗത്തിലൂടെ ബലാത്സംഗത്തിനിരയാവുക വഴി പെണ്‍കുട്ടി കളങ്കപ്പെട്ടു എന്നായിരുന്നു സോഷ്യൽ മീഡിയയിൽ വ്യാപകമായ അർത്ഥം. പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായതിനെ സൂചിപ്പിക്കാന്‍ ഇത്തരമൊരു പ്രയോഗം നടത്തിയതെന്ന് മോശമായെന്നണ് വിമര്‍ശകര്‍ പറയുന്നത്.
ട്വീറ്റിനു താഴെ അവര്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഇതിന് തരൂര്‍ നല്‍കിയ വിശദീകരണം ഇങ്ങനെയാണ്, എന്റെ വിമര്‍ശകര്‍ക്ക്: വിശുദ്ധി നഷ്ടപ്പെട്ടു എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ലോകത്തെ കുറിച്ചുള്ള നമ്മുടെ മിഥ്യാധാരണകള്‍ക്ക് അന്ത്യമായെന്നാണ്. വീട് സുരക്ഷിതവും സ്‌നേഹം പകരുന്ന ഇടവുമാണെന്നതു പോലെ ലോകവും അങ്ങനെയാണെന്ന് ഒരു കുട്ടി വിശ്വസിക്കുന്നു. പിന്നീട് അവള്‍ അടിച്ചൊതുക്കപ്പെടുന്നു, കയ്യേറ്റം ചെയ്യപ്പെടുന്നു, കവര്‍ച്ചയ്ക്ക് ഇരയാവുന്നു അല്ലെങ്കില്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നു. അവള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെടുന്നു. അവള്‍ ആളുകളെ ഭയപ്പെടുന്നു. അവളുടെ വിശുദ്ധി അവള്‍ക്ക് നഷ്ടമാകുന്നു എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും തരൂര്‍ പറഞ്ഞു.
അതേസമയം ഉന്നാവ് സംഭവവുമായി ബന്ധപ്പെട്ട അഞ്ച് കേസുകളും ലക്‌നൗ സിബിഐ കോടതിയില്‍നിന്ന് ഡല്‍ഹിയിലെ സിബിഐ കോടതിയിലേക്ക്മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഡല്‍ഹിയില്‍ പ്രത്യേക ജഡ്ജി വിചാരണ നടത്തണം. ദിനംപ്രതി വിചാരണ നടത്തി വിധി പ്രസ്താവിക്കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ആവശ്യപ്പെട്ടു. കുടുംബം ആഗ്രഹിക്കുന്നെങ്കില്‍ റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെയും അഭിഭാഷകനെയും ചികിത്സയ്ക്കായി ഡല്‍ഹിയിലേയ്ക്കു മാറ്റാമെന്ന് കോടതി ഉത്തരവില്‍ പറയുന്നു. ഇക്കാര്യം പെണ്‍കുട്ടിയുടെ കുടുംബത്തോട് സംസാരിക്കാന്‍ അമിക്കസ് ക്യൂറിയോട് ആവശ്യപ്പെട്ടു.
എയിംസില്‍ പെണ്‍കുട്ടിയുടെ ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കണം. പെണ്‍കുട്ടിക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടു. ഇത് വെള്ളിയാഴ്ച തന്നെ നല്‍കണം. പെണ്‍കുട്ടിക്കുണ്ടായ അപകടം സംബന്ധിച്ച കേസിലെ അന്വേഷണം ഏഴ് ദിവസത്തിനകം പൂര്‍ത്തീകരിക്കണം. 45 ദിവസത്തിനകം അന്വേഷണവും വിചാരണ നടപടികളും പൂര്‍ത്തിയാക്കി വിധി പുറപ്പെടുവിക്കണമെന്നും കോടതി വിധിച്ചു. സിആര്‍പിഎഫിന്‍റെസംരക്ഷണം കുടുംബത്തിന് നല്‍കണം. സുരക്ഷ സംബന്ധിച്ച റിപ്പോര്‍ട്ട് സിആര്‍പിഎഫ് കോടതിക്കു നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























