ഈ രാജ്യത്ത് എന്താണ് നടക്കുന്നത്? ഉന്നാവോ സംഭവത്തില്‍ പൊട്ടിത്തെറിച്ച് സുപ്രീം കോടതി

രാജ്യത്തെ തന്നെ ആകമാനം വലിച്ചിഴച്ച ഉന്നാവോ കേസ് പരിഗണിക്കവേ പൊട്ടിത്തെറിച്ച് സുപ്രീം കോടതി. ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് കേസില്‍ വാദം കേള്‍ക്കുന്നതിനിടെ സുപ്രീം കോടതി ചോദിച്ചു.
നിയമപരമായ എന്ത് നടപടികളാണ് രാജ്യത്ത് നടക്കുന്നതെന്നും ചോദിച്ച് സുപ്രീം കോടതി പൊട്ടിത്തെറിക്കുകയായിരുന്നു. പെണ്‍കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം ഏഴു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
ഇരയ്ക്ക് വിദഗ്ധ ചികിത്സ ആവശ്യമാണെങ്കില്‍ മറ്റ് ആശുപത്രിയിലേക്ക് മാറ്റണം. ഡോക്ടര്‍മാരുടെ സംഘം ഇരയെ ഉടന്‍ പരിശോധിക്കണം. എയര്‍ ലിഫ്റ്റ് ചെയ്ത് ദല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിയുമോ എന്ന് കോടതിയെ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് വികാരാധീനനായാണ് അമിക്കസ് ക്യൂറി വി. ഗിരി സംസാരിച്ചത്. ‘എന്റെ ജീവിതത്തില്‍ ഞാന്‍ ഇങ്ങനെ ഒരു കേസ് കണ്ടിട്ടില്ല. ഒരു സാധാരണ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നു. പെണ്‍കുട്ടിയുടെ അമ്മയും ബലാത്സംഗത്തിന് വിധേയ ആകുന്നു (പ്രതികള്‍ വ്യത്യസ്തം ആണ് ).
ഇരയുടെ പിതാവിനെ കേസ്സില്‍ കുടുക്കി കസ്റ്റഡിയില്‍ എടുക്കുന്നു. കസ്റ്റഡിയില്‍ വച്ച് കൊല്ലപ്പെടുന്നു. ബലാല്‍സംഗ കേസ് വിചാരണയ്ക്ക് വരാന്‍ സമയമായപ്പോള്‍ ഇര സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുന്നു. ഇര ഇപ്പോള്‍ ജീവന്‍ നിലനിറുത്താന്‍ വെന്റിലേറ്ററില്‍ ആണ്.’ തുടര്‍ന്നാണ് ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് സോളിസിറ്റര്‍ ജനറലിനോട് ചീഫ് ജസ്റ്റിസ് ചോദിച്ചത്.
https://www.facebook.com/Malayalivartha


























