എം.ബി.ബി.എസ് അവസാന വര്‍ഷ പരീക്ഷ രാജ്യത്താകെ ഒറ്റ പരീക്ഷയാക്കും, ഡോക്ടര്‍മാരുടെ പ്രതിഷേധത്തിനിടെ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ രാജ്യസഭയിലും പാസായി

എം.ബി.ബി.എസ് അവസാന വര്‍ഷ പരീക്ഷ രാജ്യത്താകെ ഒറ്റ പരീക്ഷയാക്കും. ഡോക്ടര്‍മാര്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ അവസാനവര്‍ഷ ദേശീയ പരീക്ഷയ്ക്ക് ശുപാര്‍ശ ചെയ്യുന്ന മെഡിക്കല്‍ കമ്മീഷന്‍ ബില്‍ രാജ്യസഭയിലും പാസായി. നേരത്തെ ലോക്‌സഭയിലും പാസായ ബില്‍ ഇതോടെ നിയമമാകും. രാജ്യസഭയില്‍ 101 പേര്‍ ബില്ലിനെ പിന്തുണച്ചു. 51 പേര്‍ എതിര്‍ത്തു. ഡോക്ടര്‍മാരുടെ കടുത്ത പ്രതിഷേധത്തിനിടെയാണ് ബില്ല് നിയമമാകാന്‍ പോകുന്നത്.സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കൈകടത്തുന്നതാണ് ബില്ലെന്ന് ആരോപിച്ച പ്രതിപക്ഷം കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്.
എന്നാല്‍ ബില്ലിന് മേലുള്ള പ്രതിപക്ഷ ഭേദഗതി രാജ്യസഭ വോട്ടിനിട്ട് തള്ളി. സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ അമ്പതു ശതമാനം സീറ്റുകളിലെ ഫീസിന് മാനദണ്ഡം കേന്ദ്രം നിശ്ചയിക്കുമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. എം.ബി.ബി.എസ് അവസാന വര്‍ഷ പരീക്ഷയുടെ മാര്‍ക്കാവും എം.ഡി കോഴ്‌സിലേക്കുള്ള പ്രവേശനത്തിനും ആധാരം. ദേശീയതല മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ അടിസ്ഥാനത്തിലാവും എയിംസ് ഉള്‍പ്പടെ എല്ലാ സ്ഥാപനങ്ങളിലേക്കും പ്രവേശനം.
പ്രാഥമിക ശുശ്രൂഷയ്ക്കും പ്രതിരോധ കുത്തിവയ്പുകള്‍ക്കും, മിഡ് ലെവല്‍ ഹെല്‍ത്ത് വര്‍ക്കര്‍ എന്ന പേരില്‍ ഡോക്ടര്‍മാരല്ലാത്ത വിദഗ്ധര്‍ക്കും നിയന്ത്രിത ലൈസന്‍സ് നല്‍കും. 25 അംഗ ദേശീയ മെഡിക്കല്‍ കമ്മീഷനാവും മെഡിക്കല്‍ രംഗവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലെയും അന്തിമ അതോറിറ്റി. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഇല്ലാതാകും. പകരം മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നല്‍കാന്‍ മെഡിക്കല്‍ കമ്മീഷനു കീഴില്‍ സ്വതന്ത്ര ബോര്‍ഡുകള്‍ സ്ഥാപിക്കും.
സംസ്ഥാനങ്ങള്‍ സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകള്‍ സ്ഥാപിക്കണം തുടങ്ങിയവയാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിലെ വ്യവസ്ഥകള്‍. മെഡിക്കല്‍ കോളേജുകളുടെ ഫീസുള്‍പ്പടെയുള്ള വിഷയങ്ങളില്‍ സംസ്ഥാനങ്ങളുടെ അധികാരം കവരാനാണ് കേന്ദ്രശ്രമമെന്ന പ്രതിപക്ഷ ആരോപണം ആരോഗ്യമന്ത്രി തള്ളി. സംസ്ഥാനങ്ങളുടെ അധികാരം കവരാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കില്ലെന്നും, മെഡിക്കല്‍ കോളേജുകളുമായി സംസ്ഥാനങ്ങള്‍ക്ക് ധാരണയിലെത്താനാകുമെന്നും രാജ്യസഭയില്‍ ബില്ല് അവതരിപ്പിച്ച ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു.ആയുഷ്, ഹോമിയോ ഡോക്ടര്‍മാര്‍ക്ക് ബ്രിഡ്ജ് കോഴ്‌സ് പാസായി അലോപ്പതി ചികിത്സ നടത്താം എന്ന വ്യവസ്ഥ പ്രക്ഷോഭത്തെ തുടര്‍ന്ന് പുതിയ ബില്ലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























