പെങ്ങളൂട്ടിക്ക് നേരെ പൊട്ടിത്തെറിച്ച് സ്‌മൃതി ഇറാനി; ലോക്സഭയില്‍ പോക്സോ ബില്ലിന്റെ ഭേദഗതി ചര്‍ച്ചയ്ക്കിടെ ഉന്നാവോ കൂട്ടബലാത്സംഗത്തെ കുറിച്ച് സംസാരിച്ച രമ്യ ഹരിദാസിന് ബിജെപിയുടെ രൂക്ഷ വിമര്‍ശനം

ലോക്സഭയില്‍ പോക്സോ ബില്ലിന്റെ ഭേദഗതി ചര്‍ച്ചയ്ക്കിടെ ഉന്നാവോ കൂട്ടബലാത്സംഗത്തെ കുറിച്ച് സംസാരിച്ച രമ്യ ഹരിദാസിന് ബിജെപിയുടെ രൂക്ഷ വിമര്‍ശനം. ചര്‍ച്ചയ്ക്കിടെ ഉന്നാവോ വിഷയം എടുത്തിട്ട ആലത്തൂര്‍ എം.പിയോട് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയും, ബി.ജെ.പി എം.പി കിരണ്‍ ഖേറും പൊട്ടിത്തെറിച്ചു.
സഭയില്‍ പോക്സോ ഭേദഗതി ബില്ലിന്‍മേല്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കേയാണ് രമ്യ ഹരിദാസ് വിഷയം ഉന്നയിച്ചത്. ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയും കുടുംബവും നേരിട്ട ദുരന്തത്തെക്കുറിച്ചാണ് രമ്യ പറഞ്ഞത്. സഭവത്തില്‍ ബിജെപി എംഎല്‍എ ലൈംഗിക പീഡനക്കേസില്‍ പ്രതിയായി നില്‍ക്കുന്ന സമയത്തുതന്നെ, പോക്സോ നിയമഭേദഗതി സഭയില്‍ ചര്‍ച്ചയ്ക്കുവരുന്നത് വൈരുധ്യമാണെന്ന് രമ്യ ഹരിദാസ് കുറ്റപ്പെടുത്തി. മലയാളത്തിലാണ് രമ്യ ഹരിദാസ് സംസാരിച്ചത്.
എന്നാല്‍ രമ്യയുടെ വാക്കുകളെ വിമര്‍ശിച്ച് കിരണ്‍ ഖേര്‍ രംഗത്ത് വന്നു. ബില്‍ ഭേദഗതി ചര്‍ച്ച ചെയ്യുന്നതിനിടെ രാഷ്ട്രീയം കലര്‍ത്താന്‍ നോക്കിയത് ഒട്ടും ശരിയല്ലെന്നും രമ്യ മലയാളത്തില്‍ സംസാരിച്ചത് മനഃപൂര്‍വമാണെന്നുമാണെന്നുമായിരുന്നു കിരണ്‍ ഖേറിന്റെ കുറ്റപ്പെടുത്തൽ. ബില്ലിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ ബി.ജെ.പിയെ വലിച്ചിഴയ്ക്കാന്‍ പാടില്ലായിരുന്നുവെന്ന് രമ്യയുടെ പ്രസ്താവനയ്ക്ക് മറുപടിയായി സ്‌മൃതി ഇറാനിയും പറഞ്ഞു.
സഭയിലെ മറ്റ് ബി.ജെ.പി അംഗങ്ങളും രമ്യയുടെ പ്രസംഗത്തെ എതിര്‍ത്തുകൊണ്ട് രംഗത്ത് വന്നു. ക്രൂരമായ കുറ്റങ്ങള്‍ ചെയ്യുന്ന ബി.ജെ.പിക്കാരെയും ബില്ലില്‍ നിന്നും ഒഴിവാക്കില്ലെന്നും സ്‌മൃതി ഇറാനി വ്യക്തമാക്കി. ഇതോടെ സഭയിലെ ബഹളം അവസാനിച്ചു. രമ്യയുടെ പ്രസ്താവനയെ ബി.ജെ.പിയിതര അംഗങ്ങള്‍ മേശയിലടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.
ബലാല്‍സംഗ കുറ്റങ്ങളിലെ ഇരകള്‍ക്ക് നിയമസഹായം നല്‍കുന്നവരെ ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഇരകള്‍ക്ക് എത്രയും വേഗത്തില്‍ നീതി ലഭ്യമാക്കാന്‍ ശ്രമിക്കണമെന്നും രമ്യ ലോക്സഭയില്‍ ആഞ്ഞടിച്ചു. കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട ഉന്നാവോ പെണ്‍കുട്ടിക്കും കുടുംബത്തിനും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാഹചര്യം ഒരുക്കണമെന്നും രമ്യ ആവശ്യപ്പെട്ടു.
അതേസമയം ഉന്നാവ് ബലാത്സംഗത്തെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളുടെ വിചാരണ ഉത്തര്‍പ്രദേശില്‍ നിന്നും ഡല്‍ഹിയിലേക്കു മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഇരയും കുടുംബവും അഭിഭാഷകനും വാഹനാപകടത്തില്‍പെട്ട കേസും ഇക്കൂട്ടത്തിലുണ്ട്. അന്വേഷണം ഏഴ് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സി.ബി.ഐക്കും കോടതി നിര്‍ദ്ദേശം നല്‍കി. 45 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കണം. ഇതിനായി ദിവസവും വിചാരണ നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. കുടുംബത്തിന് സമ്മതമെങ്കില്‍ പെണ്‍കുട്ടിയെയും അഭിഭാഷകനെയും തുടര്‍ ചികിത്സക്ക് വിമാന മാര്‍ഗം ഡല്‍ഹിയിലേക്ക് മാറ്റാനും കോടതി നിര്‍ദേശിച്ചു.
പെണ്‍കുട്ടി ചീഫ്ജസ്റ്റിസിന് അയച്ച് കത്ത് ഹര്‍ജിയായി പരിഗണിക്കവെ രൂക്ഷവിമര്‍ശനമാണ് സുപ്രീംകോടതി നടത്തിയത്. ഈ രാജ്യത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് കോടതി ചോദിച്ചു. വ്യവസ്ഥ അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പ്രതിനിധി പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ ഈ പരാമര്‍ശം. പെണ്‍കുട്ടിക്കും കുടുംബത്തിനും ഇടക്കാല നഷ്ടപരിഹാരമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 25 ലക്ഷം രൂപ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പെണ്‍കുട്ടിക്കും കുടുംബത്തിനും അടുത്ത ബന്ധുക്കള്‍ക്കും അഭിഭാഷകനും സി.ആര്‍.പി.എഫ് സുരക്ഷ ഒരുക്കണം. അമിക്കസ് ക്യൂറി ഇരയുടെ കുടുംബവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ സുപ്രീംകോടതിയെ അറിയിക്കണം.
പെണ്‍കുട്ടി അയച്ച കത്ത് ചീഫ് ജസ്റ്റിസിന് ലഭിക്കാന്‍ വൈകിയതില്‍ കോടതി രജിസ്ട്രിയോട് ചീഫ് ജസ്റ്റിസ് വിശദീകരണം തേടിയിരുന്നു. കുല്‍ദീപ് സിങ് സെങ്കാര്‍ ബലാത്സംഗം ചെയ്‌തെന്ന കേസിലെ ഇരയുടെ കത്താണെന്ന് മനസിലാകാത്തതിനാലാണ് പരിഗണനക്ക് അയക്കാതിരുന്നതെന്ന് സെക്രട്ടറി ജനറല്‍ കോടതിയെ അറിയിച്ചു. ജൂലൈയില്‍ മാത്രം 6900 കത്തുകളാണ് ലഭിച്ചതെന്നും സെക്രട്ടറി ജനറല്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























