നിങ്ങളുടെ കഴിവുകെട്ട കേന്ദ്രധനമന്ത്രി പറയുന്നത് അവിടെ വെളിച്ചമുണ്ടെന്നാണ്; മോദി സര്‍ക്കാരിനും ധനമന്ത്രി നിര്‍മ്മല സീതാരാമനുമെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ബിജെപി സർക്കാരിനെ കടന്നാക്രമിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. മോദി സര്‍ക്കാരിനും ധനമന്ത്രി നിര്‍മ്മല സീതാരാമനുമെതിരെ രൂക്ഷഭാഷയിലാണ് രാഹുലിന്റെ വിമർശനം. നിലവിലെ കേന്ദ്ര സര്‍ക്കാര്‍ കാരണം ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ പാളം തെറ്റിയിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കഴിവില്ലാത്തവരാണെന്ന് തുറന്നടിച്ച രാഹുല്‍ ഇന്ത്യ സമീപ ഭാവിയില്‍ തന്നെ സാമ്പത്തിക മാന്ദ്യം അഭിമുഖീകരിക്കേണ്ടി വരുമെന്നും പറഞ്ഞു.
‘മിസ്റ്റര്‍ മോദി, രാജ്യത്തെ സമ്പദ് വ്യവസ്ഥ പാളം തെറ്റിയിരിക്കുകയാണ്. തുരങ്കത്തിന്റെ അവസാനത്തില്‍ വെട്ടമില്ലെന്ന് തോന്നുന്നു. നിങ്ങളുടെ കഴിവുകെട്ട കേന്ദ്രധനമന്ത്രി പറയുന്നത് അവിടെ വെളിച്ചമുണ്ടെന്നാണ്. എന്നെ വിശ്വസിക്കൂ. അത് സാമ്പത്തിക മാന്ദ്യത്തിന്റെ തീവണ്ടി അതിവേഗത്തില്‍ കുതിച്ച് വരുന്നതിന്റെതാണ് '’ എന്ന് രാഹുല്‍ ഗാന്ധി ട്വീറ്ററിൽ കുറിച്ചു.
രാജ്യത്ത് സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെന്ന് അവകാശപ്പെടുന്ന ഒരു മാധ്യമ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
കഴിഞ്ഞ ദിവസവും ഇതേ വിഷയത്തില്‍ രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. സര്‍ക്കാരിന്റെ നയങ്ങള്‍ സമ്പത്ത് വ്യവസ്ഥയെ തകര്‍ച്ചയുടെ വക്കത്ത് എത്തിച്ചിരിക്കുകയാണ് എന്നാണ് രാഹുല്‍ ഗാന്ധി ആരോപിച്ചത്.
നോട്ട് നിരോധനവും ചരക്ക് സേവന നികുതിയും നടപ്പിലാക്കാന്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ച കാര്‍ക്കശ്യ മനോഭാവം ഇന്ത്യന്‍ സാമ്പത്തിക രംഗം മൂക്ക് കുത്തി വീഴാന്‍ കാരണമായിരിക്കുകയാണ് എന്നാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. മോദി സര്‍ക്കാരിന്റെ കഴിവില്ലായ്മയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് നോട്ട് നിരോധനവും ജിഎസ്ടിയുമെന്നും രാഹുല്‍ പറഞ്ഞു. കഴിഞ്ഞ മോദി സര്‍ക്കാര്‍ കൊണ്ട് വന്ന നോട്ട് നിരോധനവും ജിഎസ്ടിയും അടക്കമുളള സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ വരുത്തി വെച്ച ആഘാതം മറികടക്കാനുളള പദ്ധതികളൊന്നും ഇല്ലാതെയാണ് നിര്‍മല സീതാരാമന്‍ ആദ്യ ബജറ്റ് അവതരിപ്പിച്ചത് എന്ന് വിമര്‍ശിക്കപ്പെടുന്നുണ്ട്.
എണ്ണയുമായി ബന്ധപ്പെട്ട മേഖലകളിലെ സങ്കോചവും സിമന്റ് ഉല്‍പാദനവും മൂലം എട്ട് പ്രധാന വ്യവസായങ്ങളുടെ വളര്‍ച്ച ജൂണില്‍ 0.2 ശതമാനമായി കുറഞ്ഞതായുള്ള ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടതിന് തൊട്ടുപിന്നാലെയാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, റിഫൈനറി ഉല്‍പന്നങ്ങള്‍, രാസവളങ്ങള്‍, ഉരുക്ക്, സിമന്റ്, വൈദ്യുതി എന്നിവയാണ് എട്ട് പ്രധാന വ്യവസായങ്ങള്‍. മെയ് മാസത്തിലെ വളര്‍ച്ച 4.3 ശതമാനവും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള വളര്‍ച്ച 3.5 ശതമാനവുമായിരുന്നു. ജി.എസ്.ടിയും നോട്ട് നിരോധനവും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ അതിന്റെ അവസാനങ്ങളിലെത്തിച്ചെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.
രണ്ടാം മോദി സർക്കാരിന്റെ ബജറ്റ് അവതരണത്തിന് ശേഷം അടുത്ത നൂറ്റാണ്ടിലെ ഇന്ത്യയുടെ വളര്‍ച്ചയെ ബജറ്റ് ത്വരിതപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ വളര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഏറെ പ്രതീക്ഷയുള്ളതാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് എന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, കോര്‍പ്പറേറ്റുകള സഹായിക്കുന്ന ബജറ്റായിരുന്നു മോദി സർക്കാരിന്റേത് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമർശനം.
https://www.facebook.com/Malayalivartha























