കൈ കാലുകള്‍ ചലിപ്പിച്ചു തുടങ്ങി; മരുന്നുകളോട് പ്രതികരിക്കുന്നു; വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവോ പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ലഖ്‌നൗവിലെ കിംഗ് ജോര്‍ജ് ആശുപത്രി

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവോ പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ലഖ്‌നൗവിലെ കിംഗ് ജോര്‍ജ് ആശുപത്രി. പെണ്‍കുട്ടി ഇപ്പോള്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും കൈ കാലുകള്‍ ചലിപ്പിച്ചു തുടങ്ങിയിട്ടുണ്ടെന്നും കിംഗ് ജോര്‍ജ് ആശുപത്രിയിലെ ട്രോമാ കെയര്‍ വിഭാഗം തലവന്‍ സന്ദീപ് തിവാരി പറഞ്ഞു.
ഉന്നാവോ പെണ്‍ക്കുട്ടിയുടെ ചികിത്സ ലഖ്നൗവില്‍ തന്നെ തുടരട്ടെയെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചായിരുന്നു കോടതിവിധി. പെൺകുട്ടിയെ ഉടൻ ഡൽഹിയിലേക്ക് മാറ്റാൻ തങ്ങൾക്ക് താൽപ്പര്യമില്ലെന്നാണ് പെൺകുട്ടിയുടെ കുടുംബം അറിയിച്ചത്. ഈ ആവശ്യം പരിഗണിച്ചാണ് പുതിയ തീരുമാനം സുപ്രീം കോടതി എടുത്തത്.
പെൺകുട്ടിയുടെ സുരക്ഷയും ആരോഗ്യസ്ഥിതിയും പരിഗണിച്ച് കുടുംബവുമായി സംസാരിച്ച ശേഷം ഡൽഹിയിലേക്ക് മാറ്റണമെന്നും സുപ്രീം കോടതി ഇന്നലെ പറഞ്ഞിരുന്നു. പെൺകുട്ടിക്ക് കേന്ദ്രസേനയുടെ സുരക്ഷ നൽകണമെന്നും സുപ്രീം കോടതി പറഞ്ഞു. മാത്രമല്ല പെൺകുട്ടിക്കും കുടുംബത്തിനും സി.ആർ.പി.എഫ് സുരക്ഷ അനുവദിക്കണമെന്നും കോടതി പറഞ്ഞിരുന്നു.അതേസമയം ഉന്നാവോ കേസ് അന്വേഷിക്കാൻ പ്രത്യേക കോടതി രൂപീകരിക്കുമെന്നും കേസിന്റെ വിചാരണ നടപടികൾ 45 ദിവസത്തിനുള്ളിൽ പ്രത്യേക കോടതി പൂർത്തിയാക്കണമെന്നും സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്. അപകടം സംബന്ധിച്ചുള്ള അന്വേഷണം 7 ദിവസത്തിനകം പൂർത്തിയാക്കണമെന്നും പെൺകുട്ടിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ നൽകണമെന്നും കോടതി ഇന്നലെ നിർദ്ദേശിച്ചിരുന്നു.
ഉന്നാവ് ബലാത്സംഗ ഇരയുമായി ബന്ധപ്പെട്ട കേസുകളിൽ രൂക്ഷ വിമർശനമാണ് സുപ്രീംകോടതി നടത്തിയത്. ഈ രാജ്യത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് കോടതി ചോദിച്ചു. വിഷയത്തിൽ എന്താണ് ചെയ്യാൻ കഴിയുക എന്ന് ഉത്തർപ്രദേശ് സർക്കാറിന്‍റെ പ്രതിനിധിയോട് ചോദിച്ചപ്പോൾ, വ്യവസ്ഥ അനുസരിച്ചുള്ള നഷ്ടപരിഹാരം നൽകും എന്നായിരുന്നു മറുപടി. ഈ ഘട്ടത്തിലാണ് രാജ്യത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് കോടതി ചോദിച്ചത്. കോടതി നിർദേശിച്ചതനുസരിച്ച്, ലക്നൗ കലക്ടർ വൈകിട്ട് ആശുപത്രിയിലെത്തി 25 ലക്ഷം രൂപയുടെ ചെക്ക് പെൺകുട്ടിയുടെ അമ്മയ്ക്കു കൈമാറി.
അതേസമയം ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗറുടെ സഹായികൾ ഉന്നാവ് പെൺകുട്ടിയുടെ അനിയത്തിയെയും പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തലും ഉണ്ടായി. വനിത അവകാശ സമിതി അംഗങ്ങളോട് പെൺകുട്ടിയുടെ അമ്മയാണ് ഇക്കാര്യം പറഞ്ഞത്. ജയിലിൽ കഴിയുന്ന എംഎൽഎയുടെ അനുയായികൾ പലതവണ എത്തി ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തതായി അമ്മ നേരത്തേ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അനുജത്തിമാരിലൊരാളെ സംഘം പീഡിപ്പിച്ചെന്ന വെളിപ്പെടുത്തൽ.
ഉന്നാവോ ബലാത്സംഗക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ദുരൂഹ സാഹചര്യത്തില്‍ ട്രക്ക് ഇടിച്ചത്. ബലാല്‍സംഗ കേസിലെ സാക്ഷിയടക്കമുള്ള പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ അപകടത്തില്‍ മരിച്ചു. പെണ്‍കുട്ടിയും അഭിഭാഷകനും അടക്കമുള്ളവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗറിനെതിരെയാണ് പെണ്‍കുട്ടി ബലാത്സംഗ പരാതി നല്‍കിയിരുന്നത്. 2017ല്‍ ജോലി അന്വേഷിച്ച് ചെന്ന തന്നെ എംഎല്‍എ ബലാല്‍സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ പരാതി.
https://www.facebook.com/Malayalivartha


























