വഡോദരയിലെ തെരുവുകളിൽ മുതല; നായയെ മുതല ആക്രമിക്കാൻ ശ്രമിക്കുന്ന വീഡിയോ വൈറൽ

ഗുജറാത്തിലെ വഡോദരയില്‍ കനത്ത മഴ തകർക്കുന്നതിനിടെ ജനവാസ കേന്ദ്രങ്ങളിൽ മുതലകളും എത്തുന്നു. വഡോദര തെരുവുകളിൽ പ്രവേശിച്ച മുതലകൾ തെരുവ് നായ്ക്കളെ ആക്രമിക്കാൻ ശ്രമിക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു. തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്ന് ഗുജറാത്തിലെ മറ്റ് നഗരങ്ങളോടൊപ്പം വഡോദരയിലും വെള്ളപ്പൊക്കവും വെള്ളം കയറുന്ന സാഹചര്യവും ഉണ്ടായി. തെരുവുകളിൽ പൊങ്ങിയ വെള്ളപ്പൊക്കത്തിലാണ് മുതല നീന്തുകയും നായയെ കടിക്കാൻ ശ്രമിക്കുകയും ചെയ്തത്. മുതലയുടെ സമീപത്ത് മനുഷ്യർ നിൽക്കുന്നുണ്ട്. നായ്ക്കളെ കടത്തി വിടാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്.'വഡോദര റെയിൻസ് # വഡോദര' എന്ന അടിക്കുറിപ്പോടെ ഒരാൾ ഈ വീഡിയോ പങ്കിട്ടത്.
പലയിടത്തും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ ഗതാഗതവും താറുമാറായിരിക്കുകയാണ്. മഴയെ തുടര്‍ന്ന് വഡോദര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം വെള്ളിയാഴ്ച രാവിലെ വരെ നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു. വഡോദര വഴിയുള്ള പത്തിലേറേ ട്രെയിനുകളും റദ്ദാക്കി. കനത്ത മഴ തുടരുന്നതിനാല്‍ വ്യാഴാഴ്ചയും വഡോദരയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. വഡോദരയ്ക്ക് പുറമേ അഹമ്മദാബാദ്, കര്‍ജാന്‍, ദബോഹി, സൂറത്ത് തുടങ്ങിയ സ്ഥലങ്ങളിലും കഴിഞ്ഞദിവസം കനത്ത മഴ പെയ്തിരുന്നു. വഡോദരയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും താഴ്ന്നപ്രദേശങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അജ്വ നദിയില്‍ ജലനിരപ്പുയര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി രണ്ടുയൂണിറ്റ് സൈനികരും വഡോദരയിലെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























