യൂത്ത് കോണ്‍ഗ്രസ് പണി തുടങ്ങി; മഹാരാഷ്ട്രയിൽ പാര്‍ട്ടിയെ നയിക്കാന്‍ ഒന്നല്ല..അഞ്ചു ലക്ഷം യുവാക്കള്‍

മഹാരാഷ്ട്രയുടെ ഭാവി ഇനി യൂത്ത് കോൺഗ്രസ് നിശ്ചയിക്കും. ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍ നിന്ന് കരകയറാനാകാതെ കോൺഗ്രസ് അക്ഷരാർത്ഥത്തിൽ ഇരുട്ടിൽ തപ്പുകയായിരുന്നു. .
ലോക്സഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നേരിട്ടത്. പാര്‍ട്ടിയെ നയിക്കാന്‍ ആരുമില്ലാത്ത അവസ്ഥ. പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാര്‍ട്ടിയെ നയിക്കാന്‍ ഇനിയില്ലെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി മാറിനിന്നതോടെ പാർട്ടിയെ നയിക്കാൻ ആരുമില്ലാത്ത അവസ്ഥ.
ഇതുവരെ അധ്യക്ഷനെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിച്ചിട്ടില്ല. അതിനിടെ മൂന്ന് നിയമസഭ തിരഞ്ഞെടുപ്പ് കൂടി പടിവാതില്‍ക്കല്‍ എത്തിയതോടെ കീഴ്വഴക്കങ്ങളെല്ലാം കാറ്റില്‍ പറത്തി പുതു തന്ത്രങ്ങള്‍ മെനയാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. വീണ്ടും ഒരു തിരിച്ചുവരവിനുള്ള ശ്രമമാണ് ഇപ്പോള്‍ സംസ്ഥാനത്ത് പാര്‍ട്ടി നടത്തുന്നത്. അതിൽ പ്രധാനപ്പെട്ട നീക്കമാണ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് യുവജനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കാന്‍ തീരുമാനിച്ചത്
പാര്‍ട്ടിയില്‍ യുവാക്കള്‍ നേതൃനിരയില്‍ വേണമെന്ന ആവശ്യം ശക്തമായതും തിരുമാനത്തിന് കാരണമായിരുന്നു. എന്തായാലും തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് വന്‍ ഒരുക്കങ്ങളാണ് യൂത്ത് കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ നടത്തുന്നത്
എന്‍സിപിയുമായി സഖ്യത്തില്‍ തന്നെയാകും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 288 സീറ്റുകളില്‍ പകുതി സീറ്റുകള്‍ എന്‍സിപിക്ക് നല്‍കിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. കൂടുതല്‍ പ്രാദേശിക കക്ഷികളെ ഒപ്പം ചേര്‍ത്ത് ബിജെപിക്കെതിരെ പോരാടാനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് സംസ്ഥാനത്ത് സജീവമാക്കിയിട്ടുണ്ട്
യുവാക്കള്‍ നേതൃനിരയില്‍ വരണമെന്ന ആവശ്യം നാളുകളായി കോണ്‍ഗ്രസില്‍ ഉയരുന്നുണ്ടെങ്കിലും അത്തരം ആവശ്യത്തോട് അനുകൂല പ്രതികരണമായിരുന്നില്ല ഹൈക്കമാന്‍റ് ഇതുവരെ സ്വീകരിച്ചിരുന്നത്. എന്നാല്‍ മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ അല്‍പം മാറ്റി പിടിക്കാന്‍ തന്നെ ഒരുങ്ങിയിരിക്കുകയാണ് നേതൃത്വം. സംസ്ഥാനത്തെ 75 മണ്ഡലങ്ങളുടെ ഉത്തരവാദിത്തം യൂത്ത് കോണ്‍ഗ്രസിനാണ് നേതൃത്വം നല്‍കിയിരിക്കുന്നത്.
‘സൂപ്പര്‍ 75’ ആണ് ഇത് ഞങ്ങള്‍ക്ക്. നേരത്തെ തന്നെ 65 സീറ്റുകളുടെ ഉത്തരവാദിത്തം ഞങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇപ്പോള്‍ മുംബൈയിലെ 15 സീറ്റുകളുടെ ഉത്തരവാദിത്തം കൂടി നല്‍കിയിരിക്കുകയാണ്. ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ മുതല്‍ പ്രാദേശിക സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ വരെ, സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി സ്വതന്ത്രമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ നടത്തും- യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ സത്യജിത്ത് തംബെ പറയുന്നു.
നേതൃത്വത്തിന്‍റെ പ്രതീക്ഷ കാത്ത് സൂക്ഷിക്കാന്‍ വന്‍ ഒരുക്കങ്ങളാണ് തിരഞ്ഞെടുപ്പിനായി പ്രവര്‍ത്തകര്‍ ഒരുക്കുന്നത്. നേരിയ ഭൂരിപക്ഷത്തില്‍ പരാജയം രുചിക്കേണ്ടി വന്ന മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 10-15 സീറ്റുകളില്‍ കോണ്‍ഗ്രസ് 1000ന് താഴെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ഈ സീറ്റുകളിൽ പ്രത്യേക ശ്രദ്ധകൊടുക്കാനാണ് യുവമുന്നണി ലക്ഷ്യമിടുന്നത്.
ആറ് തല പ്രവര്‍ത്തന പദ്ധതിയാണ് യൂത്ത് കോണ്‍ഗ്രസ് ഈ മണ്ഡലങ്ങളിലേക്ക് തയ്യാറാക്കിയിരിക്കുന്നത്. ജൂലൈ 28 മുതല്‍ യൂത്ത് മാനിഫെസ്‌റ്റോ തയ്യാറാക്കി കോളേജുകളിലും സര്‍വ്വകലാശാലകളിലും യൂത്ത് ക്യാമ്പുകളിലും എത്താനാണ് സംഘടന ഉദ്ദേശം
യുവാക്കളെ പരാമവധി തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ സജീവമാക്കും. പ്രത്യേക സെമിനാറുകള്‍, സംവാദങ്ങള്‍, പരിപാടികള്‍ എന്നിവ ഓണ്‍ലൈനായും ഓഫ് ലൈനായും സംഘടിപ്പിക്കും. ഇതിലൂടെ യുവാക്കളുടെ ആവശ്യമെന്തെന്ന് തിരിച്ചറിയുകയും അത് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുകയുമാണ് ലക്ഷ്യമെന്ന് താമ്പേ പറഞ്ഞു
https://www.facebook.com/Malayalivartha


























