ചന്ദ്രയാന് കയ്യടിച്ച് ലോകം.... ഇനിയുള്ള ഏതാനും മണിക്കൂറുകള്‍ ലോകം ഇന്ത്യയെയും നമ്മുടെ അഭിമാനമായ ചന്ദ്രയാനെയുമായിരിക്കും ഉറ്റുനോക്കുക... എല്ലാഘട്ടങ്ങളും വിജയകരമായി പൂര്‍ത്തിയാക്കി സോഫ്റ്റ് ലാന്‍ഡിങ്ങിന് ഒരുങ്ങുകയാണ് ചന്ദ്രയാന്‍, ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്കത് അഭിമാന നിമിഷം

ഇനിയുള്ള ഏതാനും മണിക്കൂറുകള്‍ ലോകം ഇന്ത്യയെയും നമ്മുടെ അഭിമാനമായ ചന്ദ്രയാനെയുമായിരിക്കും ഉറ്റുനോക്കുക. എല്ലാഘട്ടങ്ങളും വിജയകരമായി പൂര്‍ത്തിയാക്കി സോഫ്റ്റ് ലാന്‍ഡിങ്ങിന് ഒരുങ്ങുകയാണ് ചന്ദ്രയാന്‍. ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്ക് അഭിമാന നിമിഷംമാണിത്. ലൂണാര്‍ സോഫ്റ്റ് ലാന്‍ഡിംഗ് എന്ന ചരിത്ര നേട്ടത്തിലേക്ക് ഇനി മണിക്കൂറുകളുടെ ദൂരം മാത്രമാണുള്ളത്. ഇന്ത്യന്‍ ജനതയും ലോകവും വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 46 ദിവസം മുമ്പാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് ചന്ദ്രയാന്‍ രണ്ട് വിക്ഷേപിക്കപ്പെട്ടത്. ഒന്നരമാസത്തെ യാത്രക്കൊടുവില്‍ ചരിത്രം കുറിക്കുന്നതിന് തൊട്ടരികിലെത്തിയിരിക്കുകയാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യം. ഇത് വരെയുള്ള കണക്കുകൂട്ടലുകളെല്ലാം കൃത്യമാണ്. പക്ഷേ ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ് സോഫ്റ്റ് ലാന്‍ഡിംഗ്. ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനുള്ള 38 ശ്രമങ്ങള്‍ ഇതുവരെ നടന്നിട്ടുണ്ട്. പക്ഷേ വിജയിച്ചത് 52 ശതമാനം ദൗത്യങ്ങള്‍ മാത്രം. ശ്രമിച്ച് പരാജയപ്പെട്ടവരില്‍ അവസാനത്തേത്ത് ഇസ്രയേലിന്റെ ബെര്‍ഷീറ്റ് ലാന്‍ഡറാണ്. കഴിഞ്ഞ ഏപ്രില്‍ 11നാണ് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനുള്ള ബെര്‍ഷീറ്റിന്റെ ശ്രമം പരാജയപ്പെട്ടത്. എന്നാല്‍ ഈ പരാജയങ്ങളില്‍ നിന്നെല്ലാം പാഠമുള്‍ക്കൊണ്ടാണ് ഇസ്‌റോ വിക്രമിനെ ഇറക്കാന്‍ തയ്യാറെടുത്തിട്ടുള്ളത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും തെരഞ്ഞെടുക്കപ്പെട്ട എഴുപതോളം വിദ്യാര്‍ത്ഥികളും വിക്രം ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിംഗ് കാണുവാനായി ബെംഗളൂരുവിലെത്തിയിട്ടുണ്ട്. എല്ലാം പദ്ധതിയിട്ടത് പോലെ നടന്നാല്‍ നാളെ പുലര്‍ച്ചെ 1.30നും 2.30നും ഇടയില്‍ വിക്രം ചന്ദ്രനെ തൊടും. ചന്ദ്രന്റെ ദക്ഷിണധ്രുവപ്രദേശത്തെ മാന്‍സിനസ് സി, സിംപെലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലെ സമതലത്തിലാണ് വിക്രമിനെ ഇറക്കാന്‍ ഇസ്‌റോ പദ്ധതിയിട്ടിട്ടുള്ളത്. നാസയുടെ ലൂണാര്‍ റിക്കോണിസന്‍സ് ഓര്‍ബിറ്ററിന്റെ സഹായത്തോടെയാണ് ഈ ലാന്‍ഡിംഗ് സൈറ്റ് കണ്ടെത്തിയത്. ജപ്പാന്റെ സെലീന്‍ ദൗത്യത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളും ഇതിനായി ഉപയോഗിച്ചു. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ കെ ശിവന്റെ തന്നെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ 15 മിനുട്‌സ് ഓഫ് ടെറര്‍ ആണ് വിക്രമിന്റെ മുന്നിലുള്ളത്. വിക്രം ലാന്‍ഡര്‍ ഭ്രമണം പഥം വിട്ട് ചന്ദ്രോപരിതലത്തില്‍ തൊടുന്നത് വരെയുള്ള ഈ പതിനഞ്ച് മിനുട്ടുകളില്‍ പിഴവുകള്‍ക്ക് സ്ഥാനമില്ല. ലോകം മുഴുവന്‍ ഇന്ത്യുടെ ചരിത്ര നിമിഷത്തിനായി ശ്വാസമടക്കിപ്പിടിച്ചിരിക്കുന്ന സമയം. ലാന്‍ഡറിനെ സുരക്ഷിതമായി സാവധാനം ചന്ദ്രനില്‍ ഇറക്കുകയെന്നത് സങ്കീര്‍ണത നിറഞ്ഞ ദൗത്യമാണെന്നാണ് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ വ്യക്തമാക്കിയത്. ചന്ദ്രയാന്‍2 ബഹിരാകാശ രംഗത്ത് നാഴികക്കല്ലായിരിക്കുമെന്ന് മംഗള്‍യാന്‍ പ്രോഗ്രാം ഡയറക്ടറായിരുന്ന അണ്ണാദുരൈയും ഇക്കാര്യം ചൂണ്ടിക്കാണിക്കുകയുണ്ടായി
ജൂലായ് 22നാണ് ബാഹുബലി എന്ന വിശേഷണമുള്ള ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് റോക്കറ്റ് 3.8 ടണ്‍ ഭാരമുള്ള ചന്ദ്രയാന്‍2നെ ഭൂമിയുടെ അടുത്തുള്ള ഭ്രമണപഥത്തിലെത്തിച്ചത്. ചന്ദ്രനില്‍നിന്ന് കുറഞ്ഞദൂരമായ 45 കിലോമീറ്ററും കൂടിയദൂരമായ 101 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലാണ് ലാന്‍ഡര്‍ (ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുന്ന പേടകം) സഞ്ചരിക്കുന്നത്. ഓര്‍ബിറ്റര്‍ 96125 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ചന്ദ്രനെ ചുറ്റുകയാണ്. ബെംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ. ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കിലെയും മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സിലെയും ശാസ്ത്രജ്ഞര്‍ ലാന്‍ഡറിന്റെ പ്രവര്‍ത്തനം വിലയിരുത്തി. എല്ലാം നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും ലാന്‍ഡറിനെ സുരക്ഷിതമായി ഇറക്കാന്‍ കഴിയുമെന്നും ഐ.എസ്.ആര്‍.ഒ. അറിയിച്ചു. ദൗത്യം വിജയിക്കുന്നതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ നേടിയ നേട്ടം രാജ്യത്തിനും സ്വന്തമാകും.
https://www.facebook.com/Malayalivartha


























